ഉറച്ച ചുവടുകളോടെ, ഭാവഭേദമില്ലാതെ അഭിനന്ദൻ
text_fieldsന്യൂഡൽഹി: അഭിനന്ദൻ ഒട്ടും പതറിയിരുന്നില്ല. ആ മുഖത്ത് ഉത്കണ്ഠയോ ഭാവഭേദങ്ങളോ ഉണ്ടായിരുന്നില്ല. ഉറച്ച മനസ്സും കാൽവെപ്പുകളുമായി, ബി.എസ്.എഫ് ജവാന് ഹസ്തദാനം ചെയ്ത് വാഗാ അതിർത്തിയിലെ സംയുക്ത ചെക്പോസ്റ്റ് മറികടന്ന് അഭിനന്ദൻ ഇന്ത്യയിലേക്ക് കടന്നുവന്നു. രാത്രി 9.15നായിരുന്നു ആ കൈമാറ്റം.
ഇന്ത്യയുടെ എയർ അറ്റാഷെ ജെ.ടി. കുര്യനൊപ്പമാണ് വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ വാഗാ അതിർത്തിയിലെ പാകിസ്താൻ ഭാഗത്ത് എത്തിയത്. വ്യോമസേന യൂനിഫോമിലായിരുന്നില്ല, പാൻറും കോട്ടുമായിരുന്നു വേഷം. സംയുക്ത ചെക്പോസ്റ്റിന് അൽപമകലെയായി അവർ നിന്നു.
പാകിസ്താൻ റേഞ്ചേഴ്സിെൻറ ഒരു സൈനികൻ ചെക്ക് പോസ്റ്റിലേക്ക് നടന്നുവന്ന് ബി.എസ്.എഫ് ജവാനിൽനിന്ന് രേഖകൾ ഒപ്പിട്ടുവാങ്ങി മടങ്ങി. കൈമാറുന്ന വിവരം പ്രഖ്യാപിച്ചു. തുടർന്ന് ചെക്പോസ്റ്റിലേക്ക് എത്തിയ അഭിനന്ദനെ ഹസ്തദാനം ചെയ്ത് സ്വീകരിച്ച ബി.എസ്.എഫ് ജവാന്മാർ, കെട്ടിപ്പിടിച്ച് വാഹനത്തിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് സുരക്ഷ അകമ്പടിയോടെ ഡൽഹിയിലേക്ക് പുറപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.