കുറ്റകൃത്യത്തിന് ദൃക്സാക്ഷികളില്ലെങ്കിൽ പ്രേരണ തെളിയിക്കാനാകണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കുറ്റം ചെയ്തതിന് ദൃക്സാക്ഷികൾ ഇല്ലെങ്കിൽ, പ്രതി എന്തു പ്രേരണയിലാണ് കുറ്റം ചെയ്തതെന്ന് തെളിയിക്കാൻ കഴിയണമെന്ന് സുപ്രീംകോടതി. പ്രതിയും കൊല്ലപ്പെട്ടയാളും തമ്മിൽ ഒരു ശത്രുതയുമില്ലെന്ന് സാക്ഷികളെല്ലാം മൊഴി നൽകിയെന്നും കൊലപാതക കേസിൽ ഛത്തിസ്ഗഢ് ഹൈകോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതിയെ വെറുതെവിട്ട് രണ്ടംഗ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
‘സംഭവത്തിന് ദൃക്സാക്ഷികളില്ലെങ്കിൽ, കുറ്റത്തിനുള്ള പ്രേരണ സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിയണം. പ്രത്യക്ഷ തെളിവുള്ള കുറ്റങ്ങളിൽ പ്രേരണ ഒരു പ്രധാന ഘടകമല്ല’ -ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് വിശദമാക്കി.
2008ൽ നടന്ന കൊലപാതകത്തിൽ ഛത്തിസ്ഗഢ് ഹൈകോടതി ജീവപര്യന്തം ശിക്ഷവിധിച്ചയാൾ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് വിധി. തന്റെ അനന്തരവൻ വീട്ടിലേക്ക് മടങ്ങുമ്പോൾ പ്രതി ആക്രമിക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ടയാളുടെ അമ്മാവനാണ് ഹരജി നൽകിയത്.
താൻ സംഭവസ്ഥലത്ത് എത്തിയപ്പോൾ പ്രതി ഓടിരക്ഷപ്പെടുന്നത് കണ്ടുവെന്നും ആക്രമിക്കാനുപയോഗിച്ച ആയുധം സംഭവസ്ഥലത്ത് കണ്ടുവെന്നും ഹരജിയിൽ പറഞ്ഞിരുന്നു.
ചില ബാഹ്യസ്വാധീനത്തിന് വിധേയനായാണ് അമ്മാവൻ ആരോപണമുന്നയിച്ചതെന്ന വാദത്തിന് പ്രസക്തിയുണ്ടെന്ന് പറഞ്ഞ കോടതി, അമ്മാവന്റെ മൊഴി കണക്കിലെടുക്കാനാകില്ലെന്നും കണ്ടെടുത്തുവെന്ന് പറയപ്പെടുന്ന ആയുധംകൊണ്ടാണ് പരിക്കേറ്റതെന്ന് തെളിയിക്കാനായില്ലെന്നും ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.