നരകത്തേക്കാൾ ഭയാനകം; സ്ത്രീകളെയും ചങ്ങലക്കിട്ടു, കൈവിലങ്ങോടെ ഭക്ഷണം കഴിക്കാൻ പറഞ്ഞു...
text_fieldsഅമേരിക്കയിൽ നിന്ന് അമൃത്സറിലേക്ക് നാടുകടത്തിയ ഗുജറാത്തികൾ അഹമ്മദാബാദ് വിമാനത്താവളത്തിൽ
എത്തിയപ്പോൾ
ന്യൂഡൽഹി: സമാനതകളില്ലാത്ത ദുരനുഭവങ്ങൾ വിവരിച്ച് യു.എസിൽനിന്ന് നാടുകടത്തപ്പെട്ട അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാർ. നരകത്തേക്കാൾ ഭയാനകമായിരുന്നു അനുഭവിച്ച വേദനയെന്ന് 40കാരനായ ഹർവീന്ദർ സിങ് പറഞ്ഞു.
അമൃത് സർ എയർപോർട്ടിൽ എത്തുന്നതു വരെ കാലുകളും കൈകളും ബന്ധിച്ചനിലയിലായിരുന്നു. ഇരിപ്പിടത്തിൽനിന്ന് അനങ്ങാനായില്ല. കരഞ്ഞ് കാലുപിടിച്ചിട്ടാണ് ശൗചാലയം ഉപയോഗിക്കാൻ അനുവദിച്ചത്. 14 മണിക്കൂർ കാര്യമായി ഒന്നും കഴിക്കാൻ പോലും പറ്റിയില്ല. വിലങ്ങണിഞ്ഞുതന്നെ ഭക്ഷണം കഴിക്കാൻ അവർ നിർബന്ധിച്ചു.
കുറച്ചു സമയത്തേക്കെങ്കിലും വിലങ്ങഴിച്ചു നൽകണമെന്നാവശ്യപ്പെട്ടെങ്കിലും കേട്ടതായിപോലും നടിച്ചില്ല. വിമാന ജീവനക്കാരിൽ ചിലർ പഴങ്ങൾ നൽകി. ശാരീരികമായി മാത്രമല്ല, മാനസികമായും ഒരുപാട് അനുഭവിച്ചെന്ന് പറയുമ്പോൾ 40കാരനായ ഹർവീന്ദർ സിങ്ങിന്റെ കണ്ണുകൾ നിറഞ്ഞു.
അകന്ന ബന്ധുവാണ് യു.എസിൽ ജോലിയുണ്ടെന്നു പറഞ്ഞ് ഹർവീന്ദറിനെ ക്ഷണിച്ചത്. ആകെയുണ്ടായിരുന്ന ഭൂമി വിറ്റ് 42 ലക്ഷം ബന്ധുവിന് കൈമാറി യാത്രതിരിച്ച ഹർവീന്ദർ എട്ടുമാസത്തോളമാണ് വിവിധ രാജ്യങ്ങളിലായി അലയേണ്ടിവന്നത്.
കഴിഞ്ഞ ദിവസം ഹർവീന്ദർ അടക്കം 104 പേരെയാണ് അമേരിക്കൻ വ്യോമസേനയുടെ വിമാനത്തിൽ ഇന്ത്യയിലെത്തിച്ചത്. നാട്ടിലുണ്ടായിരുന്ന സർവസമ്പാദ്യവും വിറ്റും പണയപ്പെടുത്തിയും നല്ല ജീവിതം സ്വപ്നം കണ്ടിറങ്ങിയവരുടെ ദുരിതകഥകൾ മനസ്സലിയിപ്പിക്കുന്നതാണ്.
ജനുവരി രണ്ടിനാണ് പഞ്ചാബ് ബോലാതിൽനിന്ന് ലവ്പ്രീത് കൗർ 10 വയസ്സുകാരൻ മകനുമായി അമേരിക്കക്ക് തിരിച്ചത്. മകന്റെ ഭാവി സുരക്ഷിതമാക്കാനാണ് സമ്പാദ്യമെല്ലാം നുള്ളിപ്പെറുക്കി യാത്ര തിരിച്ചതെന്ന് പറയുമ്പോൾ ലവ്പ്രീത് കൗറിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഏജന്റിന്റെ ഉറപ്പിന്മേൽ ലവ്പ്രീത് ഒരുകോടി രൂപയാണ് കൈമാറിയത്. അമേരിക്കയിലേക്ക് നേരിട്ടെത്തിക്കാമെന്ന് പറഞ്ഞ ഏജന്റ് പിന്നീട് നിലപാട് മാറ്റി. ഏതാനും പേരടങ്ങിയ സംഘത്തെ കുപ്രസിദ്ധമായ ‘ഡങ്കി’ പാതയിലൂടെയാണ് കൊണ്ടുപോയത്. ഇന്ത്യയിൽനിന്ന് സംഘത്തെ ആദ്യമെത്തിച്ചത് കൊളംബിയയിലെ മെഡലിനിലായിരുന്നു. അവിടെ രണ്ടാഴ്ചയോളം കഴിയേണ്ടിവന്നു. തുടർന്ന് എൽസാൽവഡോറിന്റെ തലസ്ഥാനമായ സാൻ സാൽവഡോറിലേക്ക് വിമാനമാർഗം എത്തിച്ചു. അവിടെനിന്ന് മൂന്നു മണിക്കൂറോളം നടന്ന് ഗ്വാട്ടമാലയിലെത്തി.
ടാക്സികളിൽ കയറ്റി മെക്സിക്കൻ അതിർത്തിയിലെത്തിച്ചു. അവിടെ രണ്ടുദിവസം താമസിച്ച സംഘത്തെ ജനുവരി 27നാണ് അമേരിക്കൻ അതിർത്തി കടത്തിയത്. ഇതിനുപിന്നാലെ, ഇവർ അമേരിക്കൻ അതിർത്തി സംരക്ഷണ സേനയുടെ പിടിയിലാവുകയായിരുന്നു. പിടിയിലായയുടൻ മൊബൈലുകളിൽനിന്ന് സിം കാർഡുകൾ നീക്കാൻ നിർദേശിച്ച സേനാംഗങ്ങൾ ആഭരണങ്ങളടക്കം ഊരിവാങ്ങി. അഞ്ചുദിവസം ക്യാമ്പിൽ പാർപ്പിച്ചു.
ഫെബ്രുവരി രണ്ടിന് അരയിൽനിന്ന് കാലുവരെയും കൈകളും ബന്ധിച്ചു. കുട്ടികളെ മാത്രമാണ് അവർ വെറുതെവിട്ടതെന്നും കൗർ പറഞ്ഞു.
സമൂഹമാധ്യമങ്ങളടക്കം സമർഥമായി ഉപയോഗിച്ചാണ് ഏജന്റുമാർ ഇരകളെ കണ്ടെത്തിയിരുന്നത്. തെറ്റിദ്ധരിപ്പിച്ചും മോഹനവാഗ്ദാനങ്ങൾ നൽകിയും പ്രലോഭിപ്പിച്ച ശേഷം വൻതുക ഇവരിൽനിന്ന് കൈക്കലാക്കിയാണ് രാജ്യത്തിന് പുറത്തെത്തിച്ചിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.