അലന്ദിലെ വോട്ടുകൊള്ളയിൽ ആദ്യ അറസ്റ്റ്; പിടിയിലായത് പശ്ചിമ ബംഗാൾ സ്വദേശി
text_fieldsബംഗളൂരു: 2023 കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അലന്ദ് മണ്ഡലത്തിലെ വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സ്വദേശിയെ കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) അറസ്റ്റ് ചെയ്തു. കേസിലെ ആദ്യ അറസ്റ്റാണിത്. പശ്ചിമ ബംഗാൾ നാദിയ ജില്ലയിൽ മൊബൈൽ റിപ്പയർകട നടത്തുന്ന ബാപി ആദ്യയാണ് (27) അറസ്റ്റിലായത്.
ഇയാളെ ബംഗളൂരുവിലെത്തിച്ച് ചോദ്യം ചെയ്യാൻ 14 ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. നിരവധിപേരുടെ വോട്ടുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കാൻ ഇയാൾ കലബുറഗിയിലെ ഡേറ്റ സെന്ററിൽ അപേക്ഷ നൽകിയിരുന്നതായി എസ്.ഐ.ടി പറഞ്ഞു. വ്യാജ വോട്ടർ തിരിച്ചറിയൽ കാർഡുകളും ഫോൺനമ്പറുകളും ഉപയോഗിച്ച് നിയമവിരുദ്ധമായി വോട്ടർപട്ടികയിലെ പേര് നീക്കാൻ തെരഞ്ഞെടുപ്പ് കമീഷന്റെ സൈറ്റിൽ കയറുകയും ഓരോ സേവനത്തിനും ഒ.ടി.പി സ്വീകരിച്ച് ഡേറ്റ സെന്ററിലേക്ക് കൈമാറുകയും ചെയ്തിരുന്നു.
ഓരോ ഒ.ടി.പി കൈമാറ്റത്തിനും കലബുറഗിയിലെ ഡേറ്റ സെന്റർ ഓപറേറ്ററുടെ അക്കൗണ്ടിൽനിന്ന് ഒ.ടി.പി ബസാർ വെബ്‌സൈറ്റ് വഴി 700 രൂപ ബാപി ആദ്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്താൻ സഹായിച്ചത്. ആദ്യയിൽനിന്ന് രണ്ട് ലാപ്‌ടോപ്പുകളും ഒരു മൊബൈൽ ഫോണും പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് കമീഷന്റെ ഓൺലൈൻ സേവനങ്ങളിൽ രജിസ്റ്റർചെയ്ത 75 ഫോൺനമ്പറുകൾക്ക് ഒ.ടി.പി നൽകിയിട്ടുണ്ട്. 17 സംസ്ഥാനങ്ങളിൽനിന്നുള്ളതാണ് ഈ 75 ഫോൺനമ്പറുകൾ. ഫോണിന്റെ ഉടമകൾ ഭൂരിഭാഗവും ഇക്കാര്യം അറിഞ്ഞിട്ടില്ല. അനധികൃതമായി 3000ത്തിലധികം വോട്ടുകൾ നീക്കിയെന്ന രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് കർണാടക സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

