വാണിജ്യകാര്യ അറ്റാഷേമാരെ നിയമിക്കാൻ ഇന്ത്യ -അഫ്ഗാൻ; ഉഭയകക്ഷി വ്യാപാരം പുനരുജ്ജീവിപ്പിക്കും
text_fieldsഅഫ്ഗാൻ വ്യവസായ വാണിജ്യ മന്ത്രി ഹാജി നൂറുദ്ദീൻ അസീസിയും കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദയും ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ
ന്യൂഡൽഹി: ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം പുനരുജ്ജീവിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളിലും വാണിജ്യകാര്യ അറ്റാഷേമാരെ നിയമിക്കാൻ തീരുമാനം. അഫ്ഗാൻ വ്യവസായ വാണിജ്യ മന്ത്രി ഹാജി നൂറുദ്ദീൻ അസീസിയും കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദയും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചക്ക് ശേഷമാണ് തീരുമാനം. അഞ്ചുദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തിയതായിരുന്നു അഫ്ഗാൻ വ്യവസായ വാണിജ്യ മന്ത്രിയും ഉന്നതതല അധികാരികളും.
കാബൂൾ-ഡൽഹി, കാബൂൾ-അമൃത്സർ പാതകളിലെ വ്യോമ ചരക്കു-ഗതാഗത ഇടനാഴി സജീവമാക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഈ സെക്ടറുകളിലെ ചരക്കു-ഗതാഗത വിമാനങ്ങൾ ഉടൻ ആരംഭിക്കും. ഇത് ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താനുമായി വ്യാപാരബന്ധം അവസാനിപ്പിക്കാൻ വ്യാപാരികൾക്ക് അഫ്ഗാൻ ഉപപ്രധാനമന്ത്രി മുല്ല അബ്ദുൽ ഗാനി ബറാദർ നിർദേശം നൽകിയതിനു പിന്നാലെയാണ് ഇന്ത്യയുമായുള്ള സഹകരണം.
ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള വാണിജ്യം, വ്യവസായം, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട സംയുക്ത വർക്കിങ് ഗ്രൂപ്പുകൾ പ്രവർത്തനക്ഷമമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ചബഹർ തുറമുഖ പാതയുടെ പ്രവർത്തനം സജീവമാക്കുകയും കസ്റ്റംസ്, ബാങ്കിങ് നയങ്ങൾ ലളിതമാക്കുകയും ചെയ്യുന്നതിലൂടെ 2021മുമ്പുള്ള 180 കോടി യു.എസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം മുന്നോട്ടുകൊണ്ടുപോകാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യംവെക്കുന്നതെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

