ഇനി ചങ്കിലെ ചൈന; നിർണായക നയതന്ത്ര നീക്കവുമായി ഇന്ത്യ
text_fieldsഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും െചെനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും
ബെയ്ജിങ്: അതിർത്തിയെ ചൊല്ലി വർഷങ്ങളായി സംഘർഷം പുകഞ്ഞുനിന്ന അയൽരാജ്യങ്ങൾക്കിടയിൽ ഇനി ശത്രുതയല്ല, ഉറ്റ സൗഹൃദമെന്ന സന്ദേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി- െചെനീസ് പ്രസിഡന്റ് ഷി ജിൻപിങ് കൂടിക്കാഴ്ച. ചൈനീസ് നഗരമായ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെയാണ് മഞ്ഞുരുക്കത്തിന്റെയും സഹകരണത്തിന്റെയും പുതു തലങ്ങളുറപ്പിച്ച് ആഗോള രാഷ്ട്രീയത്തിൽ നിർണായകമായ നയതന്ത്ര നീക്കം. ഇന്ത്യ- ചൈന അതിർത്തി തർക്കത്തിൽ ന്യായവും യുക്തവും പരസ്പര സ്വീകാര്യവുമായ പരിഹാരത്തിനായി ശ്രമിക്കുമെന്നും വ്യാപാര- നിക്ഷേപ ബന്ധം വ്യാപിപ്പിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കുമേൽ പ്രഖ്യാപിച്ച 50 ശതമാനം തീരുവ രാജ്യത്തിനകത്തും പുറത്തും വൻ പ്രത്യാഘാതങ്ങൾക്കിടയാക്കിയതിനിടെയാണ് ഏഴു വർഷങ്ങൾക്കുശേഷം മോദി ചൈന സന്ദർശിക്കുന്നത്. വ്യാപാര- നിക്ഷേപ ബന്ധങ്ങൾ വിപുലമാക്കാനും വ്യാപാരക്കമ്മി കുറക്കാനും മാത്രമല്ല, പ്രാദേശിക, ആഗോള പ്രശ്നങ്ങളും വെല്ലുവിളികളും നേരിടാൻ സഹകരിക്കാനും ഇരുനേതാക്കളും പ്രതിജ്ഞ ചെയ്തു.
‘‘നമ്മുടെ സഹകരണം ഇരുരാജ്യങ്ങളിലെയും 280 കോടി ജനങ്ങളുടെ താൽപര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇത് ആഗോള മനുഷ്യസമൂഹത്തിന്റെയും മൊത്തം ക്ഷേമത്തിനും നിമിത്തമാകും’’- പ്രധാനമന്ത്രി മോദി പറഞ്ഞു. ഇരുരാജ്യങ്ങളും തന്ത്രപ്രധാന സ്വയംഭരണമുള്ളവയാണെന്നും മൂന്നാം രാജ്യത്തിന്റെ കണ്ണിലൂടെ ഇതിനെ കാണേണ്ടതില്ലെന്നും കൂടിക്കാഴ്ചയെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഇന്ത്യൻ വിദേശവ്യാപാരത്തിൽ കനത്ത ആശങ്ക സൃഷ്ടിച്ച് അഞ്ചുദിവസം മുമ്പാണ് യു.എസ് അധിക തീരുവ പ്രാബല്യത്തിലായത്. റഷ്യൻ എണ്ണ വാങ്ങുന്നതിന് പ്രതികാരമായാണ് നടപടിയെന്നാണ് ട്രംപിന്റെ വിശദീകരണം. എന്നാൽ, അമേരിക്കൻ തിട്ടൂരങ്ങൾക്ക് കീഴടങ്ങാനില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ചൈനയുമായി സഹകരണം ശക്തമാക്കുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി മോദി ഷാങ്ഹായ് ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ അടക്കം 20ലേറെ ലോകനേതാക്കളെയും കാണുന്നുണ്ട്. കോവിഡ് മഹാമാരി കാലത്ത് നിർത്തിവെച്ച് അതിർത്തി സംഘർഷം മൂലം അനിശ്ചിതമായി നീണ്ട ഇരുരാജ്യങ്ങൾക്കുമിടയിലെ വിമാന സർവിസ് പുനരാരംഭിക്കുമെന്നും മോദി പ്രഖ്യാപിച്ചു.
ഇന്ത്യക്കെതിരെ തീരുവ ചുമത്താൻ യൂറോപ്പിന് യു.എസ് സമ്മർദം
വാഷിങ്ടൺ: റഷ്യൻ എണ്ണ പറഞ്ഞ് ട്രംപ് ചുമത്തിയ അധിക തീരുവയുടെ ചുവടുപിടിച്ച് യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യക്കുമേൽ സമാന തീരുവ നടപ്പാക്കണമെന്ന വിചിത്ര ആവശ്യവുമായി വൈറ്റ് ഹൗസ്. അമേരിക്ക സ്വീകരിച്ച സമാന ഉപരോധം നടപ്പാക്കാനും ഇന്ത്യയിൽനിന്ന് എണ്ണയും വാതകവും വാങ്ങുന്നത് സമ്പൂർണമായി നിർത്താനുമാണ് ആവശ്യം.
റഷ്യൻ എണ്ണ ഏറ്റവും കൂടുതൽ വാങ്ങുന്നത് ചൈനയാണെന്നും റഷ്യയിൽനിന്ന് യൂറോപ്പും ഇന്ധനം വാങ്ങുന്നെന്നും പാശ്ചാത്യ രാജ്യങ്ങളുടേത് കപട നിലപാടാണെന്നും ഇന്ത്യ കുറ്റപ്പെടുത്തുന്നു. റഷ്യൻ എണ്ണ വാങ്ങുക വഴി ഇന്ത്യ യുക്രെയ്ൻ യുദ്ധത്തിന് എണ്ണ പകരുകയാണെന്നാണ് അമേരിക്കയുടെ ആരോപണം.
തീരുവക്കെതിരെ തുറന്നടിച്ച് പുടിൻ; ഒറ്റക്കെട്ടായി ചെറുക്കും
ബെയ്ജിങ്: ബ്രിക്സ് രാജ്യങ്ങളുടെ വികസനം തടസ്സപ്പെടുത്തുന്ന വിവേചനപരമായ തീരുവ നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ആഗോള വെല്ലുവിളികൾ നേരിടാൻ ബ്രിക്സിനെ ശക്തിപ്പെടുത്തുന്നതില്‍ റഷ്യയും ചൈനയും ഐക്യത്തോടെ നിലനിന്നെന്നും പുടിൻ പറഞ്ഞു. ബ്രിക്സ് അംഗ രാജ്യങ്ങള്‍ക്ക് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 10 ശതമാനം തീരുവ ചുമത്തിയ പശ്ചാത്തലത്തിലാണ് ചൈനയിലെ സിന്‍ഹുവ വാര്‍ത്ത ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിൽ പുടിന്റെ പരാമർശം. ഷാങ്ഹായ് സഹകരണ (എസ്.സി.ഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലെത്തിയതായിരുന്നു പുടിന്.
‘ബ്രിക്സ് രാജ്യങ്ങളുടെയും ലോകത്തിന്റെയും സാമൂഹിക-സാമ്പത്തിക വികസനത്തിന് തടസ്സമാകുന്ന വിവേചനപരമായ ഉപരോധങ്ങൾക്കെതിരെ റഷ്യയും ചൈനയും ഒന്നിച്ചുനിന്നു. സുതാര്യതയും തുല്യതയും ഉറപ്പുവരുത്തി പുതിയ സാമ്പത്തിക സംവിധാനം കെട്ടിപ്പടുക്കണമെന്ന് ഇരുപക്ഷവും അഭിപ്രായപ്പെടുന്നുണ്ട്. എല്ലാ മനുഷ്യരുടെയും പുരോഗതി ഞങ്ങൾ ആഗ്രഹിക്കുന്നു. രാഷ്ട്രത്തിന്റെ അഭിവൃദ്ധി ഉറപ്പാക്കുക എന്ന ലക്ഷ്യത്തിനായി ചൈനയും റഷ്യയും ഇനിയും ഒരുമിച്ച് പ്രവർത്തിക്കും’- പുടിൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.