Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻഡ്യ സഖ്യത്തിന്‍റെ പ്രതിഷേധ മാർച്ചിന് അനുമതിയില്ല; രാം ലീല മൈതാനത്തെ റാലിക്കുമാത്രം അനുമതിയെന്നും ഡൽഹി പൊലീസ്

text_fields
bookmark_border
INDIA Bloc
cancel

ന്യൂഡൽഹി: ഞായറാഴ്ചത്തെ ഇൻഡ്യ സഖ്യത്തിന്‍റെ പ്രതിഷേധ മാർച്ചിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്. രാംലീല മൈതാനിയിൽ നടക്കുന്ന ‘ചലോ ഡൽഹി’ മാർച്ചിന് മാത്രമാണ് അനുമതി നൽകിയതെന്നും പൊലീസ് അറിയിച്ചു.

മിന്റോ റോഡിൽനിന്ന് കൊണാട്ട് പ്ലേസ് വഴി രാംലീല മൈതാനിയിലേക്ക് മാർച്ച് നടത്താനായിരുന്നു ഇൻഡ്യ സഖ്യ നീക്കം. വെള്ളിയാഴ്ച ഇൻസ്റ്റാഗ്രാമിൽ നടത്തിയ ‘ആസ്ക് മീ എനിതിങ്’ സെഷനിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ഞായറാഴ്ച ഉച്ചക്ക് 12ന് മിന്റോ റോഡ്-കൊണാട്ട് പ്ലേസ് ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന മാർച്ച് രാംലീല മൈതാനിയിൽ സമാപിക്കുമെന്ന് അറിയിച്ചിരുന്നു. മാർച്ചിൽ പങ്കെടുക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു. എന്നാൽ, മുൻകൂട്ടി മാർച്ചിന് അനുമതി തേടിയിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.

മാർച്ചിന് അനുമതി തേടിയിട്ടില്ല. ഡൽഹി പൊലീസിനെയോ സെൻട്രൽ പൊലീസിനെയോ ഇത്തരമൊരു മാർച്ചിനെക്കുറിച്ച് അറിയിച്ചിട്ടുമില്ലെന്നാണ് പൊലീസുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചത്. മാർച്ചിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയെങ്കിലും, പ്രതിപക്ഷ നേതാക്കളെയും മറ്റു നേതാക്കളെയും രാംലീല മൈതാനിയിലേക്കുള്ള മാർച്ചിൽ നിന്ന് തടയുമോ എന്ന കാര്യത്തിൽ പ്രതികരിക്കാൻ തയാറായില്ല. വിവാദമായ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണ നടപടികൾ പിൻവലിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് ഞായറാഴ്ച ഡൽഹിയിലെ രാംലീല മൈതാനിയിൽ ഇൻഡ്യ സഖ്യം പ്രതിഷേധം സംഘടിപ്പിക്കുന്നത്.

അതേസമയം, ദീപാവലി ആഘോഷങ്ങളുടെ തിരക്കേറിയ വ്യാപാര സീസണിൽ റാലി നടത്തുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധ പരിപാടി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സിടിഐ) ശനിയാഴ്ച ഇൻഡ്യ സഖ്യ നേതാക്കൾക്ക് കത്തയച്ചു. ഡൽഹിയിലെ വ്യാപാരികളെയും സംരംഭകരെയും പ്രതിനിധീകരിക്കുന്ന സംഘടനയാണ് സിടിഐ. അഖിലേഷ് യാദവ്, മമത ബാനർജി, തേജസ്വി യാദവ്, ഉദ്ധവ് താക്കറെ തുടങ്ങിയ ഇൻഡ്യ സഖ്യ നേതാക്കൾക്കാണ് കത്തയച്ചത്.

ദീപാവലിക്ക് ശേഷമുള്ള ദിവസങ്ങളിലേക്ക് റാലി നടത്താൻ ഇടപെടണമെന്നാണ് നേതാക്കളോട് ആവശ്യപ്പെട്ടത്. രാംലീല മൈതാനിയിലെ റാലി നിശ്ചയിച്ച പ്രകാരം നടക്കുമെന്നാണ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച അറിയിച്ചത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാവരോടും റാലിയിൽ എത്താൻ അദ്ദേഹം അഭ്യർഥിച്ചു. പ്രതിപക്ഷത്തുള്ള എല്ലാവർക്കും, പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സ്വാഗതം. രാഷ്ട്രീയ, രാഷ്ട്രീയേതര മേഖലകളിലുള്ളവർ, സാമൂഹിക പ്രവർത്തകർ, സേവന മേഖലയിൽ പ്രവർത്തിക്കുന്നവർ, സിവിൽ സൊസൈറ്റി പ്രതിനിധികൾ, മാധ്യമപ്രവർത്തകർ തുടങ്ങി എല്ലാവരും എത്തണം. നരേന്ദ്ര മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറും തെരഞ്ഞെടുപ്പ് കമീഷനിലെ അദ്ദേഹത്തിന്റെ സംഘവും ചേർന്ന് ഇന്ത്യൻ ജനാധിപത്യത്തെ തകർക്കുന്നതിനെതിരായാണ് പ്രതിഷേധമെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആളുകൾ ഡൽഹിയിലേക്ക് പ്രവേശിക്കുന്നത് തടയാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശ്രമിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - INDIA Bloc Got Nod For Ramlila Maidan Rally, No Permission For March From CP -Delhi Police
Next Story