Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യ-കാനഡ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ ഡിസംബറിൽ പൂർത്തിയായേക്കും

text_fields
bookmark_border
ഇന്ത്യ-കാനഡ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ ഡിസംബറിൽ പൂർത്തിയായേക്കും
cancel

ന്യൂഡൽഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള നിർദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനായുള്ള (എഫ്.ടി.എ) ചർച്ചകൾ ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നതായി കേന്ദ്ര വാണിജ്യ മന്ത്രാലയം. 16 വിഷയങ്ങളിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടക്കുന്നത്. ചർച്ചകളിൽ അതിവേഗമാണ് പുരോഗതി. മൂന്നു വിഷയങ്ങളിലെ ചർച്ചകൾ ഇതിനോടകം പൂർത്തിയായിട്ടുണ്ടെന്ന് വാണിജ്യ മന്ത്രാലയം അഡീഷനൽ സെക്രട്ടറി ദർപ്പൺ ജെയിൻ പറഞ്ഞു. നവംബർ 11 മുതൽ 20 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ആറാം ഘട്ട ചർച്ചകൾക്കിടെ ദർപ്പൺ ജെയിൻ ഇക്കാര്യം വ്യക്തമാക്കി. ചരക്കുകളുടെയും സേവനങ്ങളുടെയും വിപണി പ്രവേശനം, വ്യാപാര പരിഹാരങ്ങൾ, നിക്ഷേപം, കസ്റ്റംസ് നടപടികൾ ലഘൂകരിക്കൽ, തർക്കപരിഹാരം തുടങ്ങി 16 നയപരമായ മേഖലകളിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി മാർച്ചിൽ ഇന്ത്യ സന്ദർശിച്ച വേളയിലാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള ചർച്ചകൾ ഇരുരാജ്യങ്ങളും ഔദ്യോഗികമായി പുനരാരംഭിച്ചത്. വ്യാഴാഴ്ച കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും കനേഡിയൻ പ്രതിനിധി സംഘത്തെ നയിക്കുന്ന അന്താരാഷ്ട്ര വ്യാപാര മന്ത്രി മനീന്ദർ സിദ്ദുവും നിർദിഷ്ട കരാറുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു.

2022ൽ ആണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ ആദ്യമായി ആരംഭിച്ചത്. ഒമ്പത് ഘട്ട ചർച്ചകൾ പൂർത്തിയായെങ്കിലും, ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെത്തുടർന്ന് നയതന്ത്ര ബന്ധം വഷളായതോടെ 2023ൽ ചർച്ചകൾ നിർത്തിവെക്കുകയായിരുന്നു.

2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ആകെ ഉഭയകക്ഷി വ്യാപാരം 7.95 ബില്യൺ ഡോളറാണ്. ഇതിൽ ഇന്ത്യയിൽനിന്ന് കാനഡയിലേക്കുള്ള കയറ്റുമതി 4.6 ബില്യൺ ഡോളറും കാനഡയിൽനിന്നുള്ള ഇറക്കുമതി 3.28 ബില്യൺ ഡോളറുമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India-Canada free trade agreement talks may conclude in December
Next Story