തിരിച്ചടിച്ച് ഇന്ത്യ; പാകിസ്താൻ വിമാനങ്ങൾക്ക് വിലക്ക്; വ്യോമപാത അടച്ചു
text_fieldsന്യൂഡല്‍ഹി: പാകിസ്താൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമപാതയിൽ വിലക്കേർപ്പെടുത്തി. ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്താൻ വ്യോമപാതയിൽ വിലക്കേർപ്പെടുത്തിയതിനു പിന്നാലെയാണ് കേന്ദ്ര സർക്കാറിന്‍റെ നടപടി.
ഇതോടെ പാകിസ്താന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ക്കും പാകിസ്താനിലേക്ക് സര്‍വിസ് നടത്തുന്ന കമ്പനികള്‍ക്കും ഇനി ഇന്ത്യൻ വ്യോമപാത ഉപയോഗിക്കാനാകില്ല. പാകിസ്താന്‍റെ യാത്ര, സൈനിക വിമാനങ്ങൾക്ക് ഇന്ത്യയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകേണ്ടെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം.
പാകിസ്താൻ വഴി ഇന്ത്യയിലെത്തുന്ന വിദേശ വിമാന സർവിസുകൾക്ക് വിലക്കില്ല. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികൾക്കു പിന്നാലെയാണ് ഇന്ത്യൻ വിമാനങ്ങൾക്കു പാകിസ്താൻ അനുമതി നിഷേധിച്ചത്. പാകിസ്താൻ വിമാനങ്ങൾ ഇന്ത്യ കടന്നാണ് തെക്കൻ ഏഷ്യയിലേക്കും തെക്കു കിഴക്കൻ ഏഷ്യയിലേക്കും മറ്റും പോകുന്നത്.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താന് സൈനിക തിരിച്ചടി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനാ മേധാവികൾക്ക് പൂർണ സ്വാതന്ത്ര്യം നൽകിയതിനുപിന്നാലെ ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷവും യുദ്ധവുമൊഴിവാക്കാൻ ഐക്യരാഷ്ട്ര സഭ (യു.എൻ) യും വിദേശ രാജ്യങ്ങളും മാധ്യസ്ഥ നീക്കം നടത്തുന്നുണ്ട്. അടുത്ത 24-36 മണിക്കൂറിനുള്ളിൽ ഇന്ത്യ തങ്ങൾക്കെതിരെ സൈനിക നടപടിക്ക് പദ്ധതിയിടുന്നുവെന്ന് വിശ്വസനീയമായ രഹസ്യാന്വേഷണ വിവരം പക്കലുണ്ടെന്ന് പാകിസ്താൻ അവകാശപ്പെട്ടതിനിടെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇരു രാജ്യങ്ങളുമായി ഫോണിൽ സംസാരിച്ചു. ഇതുകൂടാതെ യു.എസും സൗദിയും സംഘർഷാവസ്ഥ ലഘൂകരിക്കാൻ മാധ്യസ്ഥനീക്കം തുടങ്ങിയിട്ടുണ്ട്.
വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറുമായും പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫുമായുമാണ് അന്റോണിയോ ഗുട്ടെറസ് ഫോൺ സംഭാഷണം നടത്തിയത്. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച അന്റോണിയോ ഗുട്ടെറസ് ദുരന്തപൂർണമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്ന ഏറ്റുമുട്ടലുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. നിയമപരമായ മാർഗങ്ങളിലൂടെ ഇരകൾക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഇന്ത്യയും പാകിസ്താനും തമ്മിൽ വർധിക്കുന്ന സംഘർഷങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. യു.എൻ സെക്രട്ടറി ജനറൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചതിനെ അഭിനന്ദിക്കുന്നുവെന്നുപറഞ്ഞ ജയ്ശങ്കർ, ആക്രമണത്തിന് പിന്നിലുള്ള ആസൂത്രകരെയും അവരെ പിന്തുണക്കുന്നവരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന ഉറച്ച തീരുമാനത്തിലാണ് ഇന്ത്യ എന്ന് ‘എക്‌സി’ൽ കുറിച്ചു.
മാധ്യസ്ഥ സംഭാഷണം സ്ഥിരീകരിച്ച പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് പാകിസ്താൻ സമാധാനത്തിന് പ്രതിജ്ഞാബദ്ധമാണെന്നും യു.എൻ രക്ഷാ സമിതി പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മു-കശ്മീർ തർക്കം പരിഹരിക്കാൻ യു.എൻ അതിന്റെ പങ്കുവഹിക്കണമെന്നും വ്യക്തമാക്കി. പഹൽഗാം സംഭവത്തിൽ സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ടുവെന്ന് ‘എക്സി’ൽ കുറിച്ചു.
യു.എന്നിനുപുറമെ യു.എസും സൗദിയും സമാധാന നീക്കങ്ങൾക്ക് മാധ്യസ്ഥ ശ്രമങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ട്. യുദ്ധമൊഴിവാക്കണമെന്ന നിലപാട് ഇരു രാഷ്ട്രങ്ങളും അറിയിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.