പെട്രോളിന് ഒന്നര വർഷത്തിനിടെ കൂട്ടിയത് 36 രൂപ; ഡീസലിന് 26
text_fieldsന്യൂഡൽഹി: സാധാരണക്കാരെൻറ നടുവൊടിച്ച് രാജ്യത്ത് ഇന്ധന വില വർധനക്ക് റെക്കോഡ് വേഗം. കഴിഞ്ഞ 18 മാസത്തിനിടെ പെട്രോളിന് വർധിപ്പിച്ചത് 36 രൂപയും ഡീസലിന് 26 രൂപയും. ശനിയാഴ്ച 35 പൈസകൂടി വർധിച്ചതോടെ പെട്രോൾ വില 107.24 രൂപയിലെത്തി. ഡീസലിന് 95.97 രൂപയാണ് വില. 2020 മേയ് മുതൽ ഇന്ധനത്തിെൻറ എക്സൈസ് തീരുവ കൂട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതാണ് വില റെക്കോഡ് നിരക്കിലേക്കുയരാൻ കാരണം.
കഴിഞ്ഞ മേയ് അഞ്ചു മുതൽ ഇതുവരെ പെട്രോളിന് 35.98 രൂപയും ഡീസലിന് 26.58 രൂപയുമാണ് കേന്ദ്രം വർധിപ്പിച്ചത്. നിലവിലെ വില വർധനക്ക് രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണവിലയുമായി ബന്ധമില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, കോവിഡ് മഹാമാരിക്കാലത്ത് ലക്ഷണക്കിന് ആളുകൾക്ക് സൗജന്യ വാക്സിനും പാചകവാതകവും മൂന്നുനേരം ഭക്ഷണവും നൽകുന്ന സർക്കാറിെൻറ വിവിധ പദ്ധതികൾക്കാണ് ഈ പണം ഉപയോഗിക്കുന്നതെന്നാണ് വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരിയുടെ വിശദീകരണം.
റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, പാവപ്പെട്ടവർക്ക് വീടുകൾ എന്നിവ നിർമിക്കുന്നതിന് പണം ആവശ്യമാണ്. ഇത് നികുതി വരുമാനത്തിലൂടെ മാത്രമാണ് സമാഹരിക്കാനാകുന്നത്. എക്സൈസ് തീരുവ കുറച്ചാൽ, ഇതൊന്നും നടപ്പാക്കാനാവില്ലെന്നും ഇന്ധന വകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.