അഞ്ചുവർഷം മുമ്പ് പാസാക്കിയ ലേബർ കോഡ് പ്രാബല്ല്യത്തിൽ; മിനിമം വേതനം; 40 പിന്നിട്ട തൊഴിലാളിക്ക് സൗജന്യ ആരോഗ്യ പരിശോധന
text_fieldsന്യൂഡൽഹി: തൊഴിലാളി സംഘടനകളുടെ കടുത്ത വിമർശനം നിലനിൽക്കെ കേന്ദ്രം പുതിയ നാല് തൊഴിൽ നിയമങ്ങൾ(ലേബർ കോഡുകൾ) പ്രാബല്യത്തിലാക്കി. വേതനം, സാമൂഹിക സുരക്ഷ, തൊഴിലിടത്തിലെ സുരക്ഷ, ആരോഗ്യ-തൊഴിൽ സാഹചര്യ കോഡുകളാണ് നിലവിൽ വന്നത്. ഇത് അഞ്ചുവർഷം മുമ്പ് പാർലമെന്റ് പാസാക്കിയെങ്കിലും നടപ്പാക്കിയിരുന്നില്ല.
തൊഴിലുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന 29 നിയമങ്ങൾ ഇതോടെ ഇല്ലാതാകും. പുതിയ കോഡുകൾ ഉടൻ പ്രാബല്യത്തിലാകും. പലവിധത്തിൽ തൊഴിലാളി വിരുദ്ധമെന്നും സ്ഥാപന നടത്തിപ്പുകാർക്ക് അനുകൂലമായതെന്നും പുതിയ കോഡുകൾ പാർലമെന്റിൽ വന്ന സമയം മുതൽ വിമർശനമുയർന്നിരുന്നു.
പുതിയ കോഡ് ഉറപ്പുനൽകുന്നതായി പറയുന്ന കാര്യങ്ങൾ ഇവയാണ്: ഗിഗ്, പാർട് ടൈം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ തൊഴിലാളികൾക്കും സാർവത്രിക സാമൂഹിക സുരക്ഷ, ജീവനക്കാർക്ക് നിർബന്ധിത നിയമന ഉത്തരവുകളും സമയബന്ധിതവും നിയമപരവുമായ മിനിമം വേതനം, മികച്ച സുരക്ഷയും ആരോഗ്യ പരിരക്ഷയും, 40 വയസ്സിനു മുകളിലുള്ള തൊഴിലാളികൾക്ക് സൗജന്യ വാർഷിക ആരോഗ്യ പരിശോധനകൾ, അപകടകരമായ ജോലികൾക്കുള്ള കവറേജ്, സ്ഥിരം ജീവനക്കാർക്കും കരാർ ജീവനക്കാർക്കും തുല്യ ആനുകൂല്യങ്ങൾ, രാത്രി ഷിഫ്റ്റ് ജോലികളിൽ ഉൾപ്പെടെ ലിംഗഭേദമില്ലാതെ സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവകാശം, ഇന്ത്യയിൽ എവിടെയും ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭിക്കുന്നതിന് ഡിജിറ്റൽ അക്കൗണ്ടുകൾ (ആധാറുമായി ബന്ധിപ്പിച്ചത്), വേഗത്തിലുള്ള തർക്ക പരിഹാരം, ഒറ്റത്തവണ രജിസ്ട്രേഷൻ/ ലൈസൻസിങ്, സുരക്ഷാ മാനദണ്ഡങ്ങൾ ഏകീകരിക്കൽ എന്നിവക്കുള്ള സംവിധാനങ്ങൾ. കോഡിലെ ചില മേഖലകൾ ഇപ്പോഴും പൂർണമാകാത്തതിനാൽ അവശ്യ സന്ദർഭങ്ങളിൽ പഴയ തൊഴിൽ നിയമങ്ങൾ തുടർന്നും ബാധകമായേക്കും.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും സമഗ്രമായ പരിഷ്കാരങ്ങളാണിതെന്നും തൊഴിലാളികളെ സംരക്ഷിക്കുക, ഉൽപാദനക്ഷമത വർധിപ്പിക്കുക, ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പിന്തുണക്കുക എന്നിവ ലക്ഷ്യമിടുന്നതുമാണ് പുതിയ നീക്കമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

