നേപ്പാളിന് വീണ്ടും ഇന്ത്യയുടെ കൈത്താങ്ങ്: ഭൂകമ്പം തകർത്ത ജില്ലകളിൽ സ്കൂളുകൾ നിർമിക്കാൻ ധനസഹായം പ്രഖ്യാപിച്ച് ഇന്ത്യ
text_fieldsകാഠ്മണ്ഡു: നേപ്പാളിൽ ഭൂകമ്പം തകർത്ത ജില്ലകളിൽ സ്കൂളുകൾ നിർമിക്കുന്നതിനായി ധനസഹായം പ്രഖ്യാപിച്ച് ഇന്ത‍്യ. എട്ട് ജില്ലകളിൽ 14 സ്കൂളുകളുടെ നിർമാണത്തിനായി 35 കോടി രൂപയാണ് പ്രഖ‍്യാപിച്ചിട്ടുള്ളത്. നേപ്പാൾ വിദ്യാഭ്യാസ-കായിക മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ലെവൽ പ്രൊജക്റ്റ് ഇംപ്ലിമെന്റേഷൻ യൂണിറ്റ്-എഡ്യൂക്കേഷൻ കരാറിൽ ഒപ്പുവെച്ചതായി ബുധനാഴ്ച കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി നേപ്പാളിലുണ്ടായ ഭൂകമ്പങ്ങളുടെ ആഘാതം കൂടുതലായി നേരിട്ട ഗോർഖ, നുവാകോട്ട്, ധാഡിംഗ്, ദോലാഖ, കാഠ്മണ്ഡു, കാവ്രേപാലൻചൗക്ക്, രാമേഛാപ്, സിന്ധുപാൽചോക്ക് എന്നീ എട്ട് ജില്ലകളിലാണ് സ്കൂളുകൾ നിർമിക്കുന്നത്. 2015ലായിരുന്നു രാജ്യം ചരിത്രത്തിലെ ഏറ്റവും ഭയാനകമായ ഭൂകമ്പത്തിന് സാക്ഷ്യം വഹിച്ചത്. അന്ന് ഏകദേശം 9,000ത്തോളം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
ഭൂകമ്പപ്രതിരോധത്തിന്‍റെ ഭാഗമായി നേപ്പാൾ സർക്കാരിന്റെ പുനർനിർമിണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സ്കൂളുകൾ നിർമ്മിക്കുക. അക്കാദമിക് ബ്ലോക്കുകൾ, ഫർണിച്ചറുകളോട് കൂടിയ ക്ലാസ് മുറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറി സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നതായിരിക്കും സ്കൂളുകളുടെ ഇന്‍ഫ്രാസ്ട്രക്ചർ. ഇതാദ്യമായല്ല ഇന്ത്യ ഇത്തരമൊരു സംരംഭം ഏറ്റെടുക്കുന്നത്. ഇന്ത്യയുടെ ഭൂകമ്പാനന്തര പുനർനിർമാണ ഗ്രാന്റിന് കീഴിൽ എട്ട് ജില്ലകളിലായി 70 സ്കൂളുകളും കാഠ്മണ്ഡുവിലെ ത്രിഭുവൻ യൂണിവേഴ്സിറ്റി സെൻട്രൽ ലൈബ്രറിയും 2024 ജനുവരിയിൽ ഇന്ത‍്യ നേപ്പാൾ സർക്കാരിന് കൈമാറിയിരുന്നു. ഭൂകമ്പാനന്തര പുനർനിർമ്മാണ പദ്ധതികൾ ഉൾപ്പെടെ സാമൂഹിക-സാമ്പത്തിക വികസനത്തിനായി നേപ്പാളുമായുള്ള സഹകരണം തുടരാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഇന്ത്യൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

