വെടിനിർത്തലിൽ ‘ട്രംപിന്റെ ഇടപെടൽ’; സമ്മർദം മുറുക്കി കോൺഗ്രസ്
text_fieldsന്യൂഡൽഹി: പാകിസ്താനുമായുള്ള വെടിനിർത്തൽ തീരുമാനത്തിൽ ട്രംപിന്റെ ഇടപെടൽ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാറിനെതിരെ സമ്മർദം മുറുക്കാൻ കോൺഗ്രസ്. വാഷിങ്ടണിൽനിന്നുള്ള അപ്രതീക്ഷിത പ്രഖ്യാപനം കണക്കിലെടുത്ത് രണ്ടുകാര്യങ്ങള്‍ക്ക് മുമ്പുള്ളതിനെക്കാൾ വലിയ പ്രാധാന്യമുണ്ടെന്നും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം വിളിക്കണമെന്നും പ്രത്യേക പാർലമെന്റ് സമ്മേളനം സംഘടിപ്പിക്കണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആവശ്യപ്പെട്ടു.
‘വാഷിങ്ടണിൽനിന്നുള്ള അപ്രതീക്ഷിത പ്രഖ്യാപനം കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സര്‍വകക്ഷി യോഗം വിളിക്കണം, ക്രൂരമായ പഹല്‍ഗാം ഭീകരാക്രമണം മുതല്‍ കഴിഞ്ഞ 18 ദിവസത്തെ സംഭവവികാസങ്ങളും ഇനി മുന്നോട്ടുള്ള നീക്കങ്ങളും ചര്‍ച്ച ചെയ്യുന്നതിന് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം സംഘടിപ്പിക്കണമെന്നും’ ജയ്റാം രമേശ് എക്സിൽ കുറിച്ചു.
ഓപറേഷൻ സിന്ദൂറിന് പിന്നാലെ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിലും തുടർന്നും ഇന്ത്യൻ സേനക്കും കേന്ദ്രത്തിനും കോൺഗ്രസ് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കശ്മീർ വിഷയത്തിൽ മൂന്നാമതൊരു കക്ഷിയെ ഇടപെടാൻ അനുവദിക്കില്ല എന്നതാണ് ഇതുവരെ ഇന്ത്യയുടെ നിലപാട്. എന്നാൽ, വെടിനിർത്തലിൽ തങ്ങളുടെ മധ്യസ്ഥത ഉണ്ടായെന്ന് ട്രംപ് പരസ്യമായിത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടിയും പഹൽഗാമിൽ 26 പേരെ കൊലപ്പെടുത്തിയ ഭീകരവാദികളെ കണ്ടെത്താൻ സാധിക്കാത്തതും ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നു.
ഇന്ത്യ ഇന്ദിരയെ മിസ് ചെയ്യുന്നു എന്ന തലക്കെട്ടിൽ ഇന്ദിരയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ കോൺഗ്രസ് നേതാക്കൾ വ്യാപകമായി പങ്കുവെച്ചു.
ഭീകരതക്കെതിരെ ഒന്നിച്ചുനിൽക്കണമെന്ന് അഹ്‌ലെ ഹദീസ്
ന്യൂഡൽഹി: രാജ്യത്തിന്റെ സമാധാനവും സ്വസ്ഥതയും നശിപ്പിക്കാൻ ശ്രമിക്കുന്ന ഭീകരതയുടെ വേരറുക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് ന്യൂഡൽഹിയിൽ ചേർന്ന അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ യശസ്സ് ഉയർത്തുന്ന സൈന്യത്തിന് കേന്ദ്ര കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മദ്‌റസ സംവിധാനം തകർക്കാനുള്ള ഏത് നീക്കവും മുസ്‌ലിം ന്യൂനപക്ഷത്തെ കൂടുതൽ പിന്നാക്കാവസ്ഥയിലേക്ക് നയിക്കും. മദ്‌റസകളെ കുറിച്ചുള്ള തൽപര കക്ഷികളുടെ തെറ്റായ പ്രചാരണത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്താൻ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർ മുന്നോട്ടുവരണമെന്നും കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.
പ്രസിഡന്റ് അസ്ഗർ അലി ഇമാം മഹ്ദി അസലഫി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡോ. അബ്ദുറഹ്മാൻ ഫറയ് വായി അധ്യക്ഷത വഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.