ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ അവസാനിക്കുമെന്ന വാർത്ത തള്ളി സൈന്യം
text_fieldsന്യൂഡൽഹി: ഇന്ത്യ-പാക് വെടിനിർത്തൽ ധാരണക്ക് അവസാന തീയതിയില്ലെന്ന് വ്യക്തമാക്കി സൈന്യം. ഇന്ത്യയുടെയും പാകിസ്താന്റെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപറേഷൻസ് (ഡി.ജി.എം.ഒമാർ) തമ്മിൽ പുതിയ ഒരു ചർച്ചയും തീരുമാനിച്ചിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി.
ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ മേയ് 18ന് അവസാനിക്കുമെന്ന രീതിയിൽ ചില മാധ്യമങ്ങൾ വാർത്ത നൽകിയതിനു പിന്നാലെയാണ് സൈന്യത്തിന്റെ വിശദീകരണം. മേയ് 12ന് ഡി.ജി.എം.ഒമാർ നടത്തിയ ചർച്ചയിൽ അതിർത്തിയിൽ പരസ്പരം വെടിവെപ്പോ മറ്റു പ്രകോപനങ്ങളോ ഉണ്ടാവില്ലെന്ന് തീരുമാനിച്ചിരുന്നു. അതിർത്തിയിലും സമീപ മേഖലകളിലും സൈനികസാന്നിധ്യം കുറക്കുന്നതിനും തീരുമാനമായിരുന്നു.
നാലു ദിവസത്തെ അതിർത്തി കടന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കു ശേഷം, സംഘർഷം അവസാനിപ്പിക്കാൻ മേയ് 10ന് ഇന്ത്യയും പാകിസ്താനും തമ്മിൽ ധാരണയിലെത്തുകയായിരുന്നു.
പാകിസ്താൻ ഡി.ജി.എം.ഒ, ഇന്ത്യയുടെ ഡി.ജി.എം.ഒ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായിയെ ഫോണിൽ ബന്ധപ്പെട്ടതോടെയാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ ചർച്ചകൾക്ക് തുടക്കമായത്. മേയ് 11ന് നടന്ന സംയുക്ത വാർത്തസമ്മേളനത്തിൽ വെടിനിർത്തലും സൈനിക നടപടിയും നിർത്താൻ പാകിസ്താൻ ആവശ്യമുന്നയിക്കുകയായിരുന്നെന്ന് രാജീവ് ഘായി വ്യക്തമാക്കിയിരുന്നു.
ഓപറേഷന്‍ സിന്ദൂറിന്റെ കൂടുതൽ ദൃശ്യങ്ങള്‍ പങ്കുവെച്ച് ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി: ഓപറേഷന്‍ സിന്ദൂർ സൈനിക നടപടികളുടെ കൂടുതൽ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ സൈന്യം. വെസ്റ്റേണ്‍ കമാന്‍ഡിന്റെ എക്‌സ് പേജിലാണ് വിഡിയോ പങ്കുവെച്ചിട്ടുള്ളത്. ആസൂത്രണം ചെയ്തു, പരിശീലിച്ചു, നിർവഹിച്ചു, നീതി നടപ്പാക്കിയെന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിട്ടുള്ളത്. ഒരു സംഘം സൈനികരുടെ ദൃശ്യത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്.
‘ഇതിന്റെയെല്ലാം തുടക്കം പഹല്‍ഗാം ഭീകരാക്രമണത്തില്‍നിന്നാണ്. ഉരുകിയ ലാവ പോലെയായിരുന്നു ക്രോധം. മനസ്സില്‍ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്തവണ നമ്മള്‍ അവരെ തലമുറകളോളം ഓര്‍മിച്ചുവെക്കുന്ന ഒരു പാഠം പഠിപ്പിക്കും. ഇതൊരു പ്രതികാരനടപടിയല്ല. അതു നീതിയാണ്’ എന്ന് ഒരു സൈനികൻ പറയുന്നു. തുടർന്ന് പാകിസ്താന്റെ ഭൂപ്രദേശങ്ങൾ ലക്ഷ്യമാക്കി നടത്തിയ വെടിവെപ്പിന്റെയും ഷെല്ലാക്രമണത്തിന്റെയും ദൃശ്യങ്ങളാണുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.