ആഗസ്റ്റ് 25 മുതൽ യു.എസിലേക്കുള്ള തപാൽ സേവനങ്ങൾ ഇന്ത്യ താൽകാലികമായി നിർത്തിവെക്കും
text_fieldsന്യൂഡൽഹി: ആഗസ്റ്റ് 25 മുതൽ യു.എസിലേക്കുള്ള തപാൽ സേവനങ്ങൾ താൽകാലികമായി നിർത്തിവെക്കാനൊരുങ്ങി ഇന്ത്യ. തപാൽ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസാവസാനം നിലവിൽ വരുന്ന യു.എസ് കസ്റ്റംസ് തീരുവയിലെ പരിഷ്‍കരണം കണക്കിലെടുത്താണ് തീരുമാനം. 800 യു.എസ് ഡോളർ വരെ മൂല്യമുള്ള സാധനങ്ങൾക്കുള്ള ഡ്യൂട്ടി ഫ്രീ ഇളവ് പിൻവലിക്കുന്ന 2025 ജൂലൈ 30 ന് യു.എസ് ഭരണകൂടം പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരമാണ് തീരുമാനം. ഇതനുസരിച്ച് ആഗസ്റ്റ് 29 മുതൽ യു.എസിൽ പോസ്റ്റലായി എത്തുന്ന എല്ലാ വസ്തുക്കൾക്കും കസ്റ്റംസ് തീരുവ അടക്കണം. 100 ഡോളറിൽ താഴെ മൂല്യമുള്ളവക്ക് മാത്രമാകും ഇളവ് തുടരുക.
ഉത്തരവ് പ്രകാരം അന്താരാഷ്ട്ര കമ്പനികൾക്കും യു.എസ് കസ്റ്റംസ് വിഭാഗം അംഗീകരിച്ച ‘യോഗ്യരായ മറ്റു കക്ഷികൾക്കും’ മാത്രമേ പോസ്റ്റൽ വസ്തുക്കൾ ഏറ്റുവാങ്ങാനും കസ്റ്റംസ് തീരുവ അടക്കാനും പറ്റൂ. ഈ കക്ഷികൾക്ക് അംഗീകാരം നൽകുന്നത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിൽ 2025 ആഗസ്റ്റ് 25ന് ശേഷം തപാൽ ചരക്കുകൾ സ്വീകരിക്കാൻ കഴിയില്ലെന്ന് യു.എസിലേക്ക് പാർസൽ കൊണ്ടു പോകുന്ന നിരവധി വിമാനകമ്പനികൾ പ്രഖ്യാപിച്ചിരുന്നു.
ഇതെല്ലാം കണക്കിലെടുത്താണ് ആഗസ്റ്റ് 25 മുതൽ യു.എസിലേക്ക് അയക്കേണ്ട കത്തുകൾ, രേഖകൾ, 100 ഡോളർ വരെയുള്ള സമ്മാന ഇനങ്ങൾ എന്നിവ ഒഴികെയുള്ള എല്ലാ തപാൽ ഉൽപ്പന്നങ്ങളുടെയും ബുക്കിങ് നിർത്തിവെക്കാൻ തപാൽ വകുപ്പ് തീരുമാനിച്ചത്. ഈ നടപടി മൂലം ബുക്കിങ്ങുകൾ തടസ്സപ്പെട്ട ഉപയോക്താക്കൾക്ക് തപാൽ ചെലവുകൾ തിരികെ ലഭിക്കാൻ ആവശ്യപ്പെടാം. ഉപയോക്താക്കൾക്കുണ്ടായ അസൗകര്യങ്ങളിൽ തപാൽ വകുപ്പ് ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്. അതോടൊപ്പം യു.എസുമായുള്ള എല്ലാ തപാൽ സേവനങ്ങളും എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനും തപാൽ വകുപ്പ് ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.