ഇറാനിയന്‍ കപ്പലിനെ കടൽക്കൊള്ളക്കാരിൽ നിന്ന് രക്ഷിച്ച സംഭവം; ഇന്ത്യൻ സൈന്യത്തിന് നന്ദി പറഞ്ഞ് ഇറാൻ
text_fieldsന്യൂഡൽഹി: സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ മത്സ്യബന്ധന കപ്പലിലെ 20 ജീവനക്കാരെയും സുരക്ഷിതമായി മോചിപ്പിച്ച ഇന്ത്യൻ സൈന്യത്തിന് നന്ദിയറിയിച്ച് ഇറാൻ. ഇന്ത്യൻ നാവികസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ ദൗത്യത്തിലൂടെയാണ് 'അസിനി' എന്ന കപ്പലിലെ ജീവനക്കാരെ രക്ഷിച്ചത്. ഇന്ത്യൻ സർക്കാരിനും സായുധ സേനകൾക്കും നന്ദിയറിയിച്ച ഇറാൻ, ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പ്രതീകമായി രക്ഷാദൗത്യത്തെ കാണുന്നുവെന്നും വ്യക്തമാക്കി.
ഡൽഹിയിലെ ഇറാൻ എംബസി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇന്ത്യയുടെ ഇടപെടലിനെ പ്രശംസിച്ചിട്ടുള്ളത്. ഇന്ത്യൻ സായുധ സേനയുടെ ധൈര്യത്തെയും ഏകോപനത്തെയും എംബസി അഭിനന്ദിച്ചു. അതിർത്തികൾക്കപ്പുറവും മനുഷ്യജീവൻ സംരക്ഷിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ദൗത്യത്തിലൂടെ വ്യക്തമാകുന്നതെന്നും എംബസി ചൂണ്ടിക്കാട്ടി.
ഒക്ടോബർ 29നാണ് സൊമാലിയയുടെ വടക്കുകിഴക്കൻ തീരത്ത് ബന്ദർ ബെയ്‌ല, ഹഫുൻ എന്നീ തീരദേശ പട്ടണങ്ങൾക്ക് സമീപം അസിനി എന്ന മത്സ്യബന്ധന കപ്പൽ സായുധ കടൽക്കൊള്ളക്കാർ പിടിച്ചെടുത്തത്. കപ്പലിലുണ്ടായിരുന്ന 20 ഇറാനിയൻ ജീവനക്കാരെ മോചിപ്പിക്കുകയായിരുന്നു ഇന്ത്യൻ സേനയുടെ പ്രധാന ദൗത്യം. മുംബൈയിൽനിന്ന് ഏകദേശം 3,000 കിലോമീറ്റർ അകലെ അറബിക്കടലിലായിരുന്നു കപ്പൽ. നവംബർ രണ്ടിനാണ് 48 മണിക്കൂറിലേറെ നീണ്ട രക്ഷാദൗത്യത്തിലൂടെ കപ്പലിന്റെ നിയന്ത്രണം നാവികസേന തിരിച്ചുപിടിച്ചത്. സംഭവത്തിൽ അപകടം സംഭവിച്ചിട്ടില്ല.

