ബിഹാർ വോട്ടുവിലക്കിൽ വീണ്ടും സഭ സ്തംഭനം; പരിശോധനക്കെതിരെ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷം
text_fieldsബിഹാറിലെ വോട്ടർപട്ടിക തീവ്ര പരിശോധനക്കെതിരെ പാർലമെന്റിന്റെ മുഖ്യ കവാടത്തിൽ പ്രതിഷേധിക്കുന്ന സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുൾെപ്പടെയുള്ള ഇൻഡ്യ സഖ്യ എം.പിമാർ
ന്യൂഡൽഹി: ബിഹാർ വോട്ടുവിലക്കിൽ ചർച്ചക്കായുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരുസഭകളും വീണ്ടും സ്തംഭിച്ചു. പാർലമെന്റിന് പുറത്തും പ്രതിഷേധം തുടർന്ന് വോട്ടർപട്ടിക പരിശോധനക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു. അതേസമയം പ്രതിപക്ഷ നേതാക്കളുടെ വിമർശനങ്ങൾക്ക് മറുപടിയുമായി കമീഷൻ രംഗത്തുവന്നു.
രാവിലെ ഇരുസഭകളും ചേരുന്നതിന് മുമ്പ് പാർലമെന്റിന്റെ മുഖ്യ കവാടത്തിൽ ഇൻഡ്യ സഖ്യത്തിലെ എം.പിമാർ ഒന്നടങ്കം പ്ലക്കാർഡുകളേന്തി മുദ്രാവാക്യം വിളിച്ച് ധർണ നടത്തി. ധർണക്കുശേഷം ഇരുസഭകളിലും എത്തിയ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങി.ഷാഫി പറമ്പിൽ, വി.കെ. ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ് തുടങ്ങി കേരളത്തിൽ നിന്നടക്കമുള്ളവർ പ്രതിഷേധം നയിച്ചു. അംഗങ്ങൾ പ്ലക്കാർഡുകൾ ഒഴിവാക്കണമെന്നും നടുത്തളത്തിൽനിന്ന് മടങ്ങണമെന്നും സ്പീക്കർ ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം തയാറായില്ല.
കെ.സി. വേണുഗോപാലിന്റെ പേര് വിളിച്ച് പാർട്ടി എം.പിമാരെ ഇത്തരത്തിൽ പാർലമെൻറ് നടപടികൾ തടസ്സപ്പെടുത്താൻ വിട്ടത് ശരിയല്ലെന്ന് സ്പീക്കർ ഓം ബിർള ഓർമിപ്പിച്ചു. തുടർന്ന് ആദ്യം 2 മണിവരെ നിർത്തിവെച്ച ലോക്സഭ പിന്നീട് വീണ്ടും ചേർന്നുവെങ്കിലും നടപടികളിലേക്ക് കടക്കാനാവാതെ വെള്ളിയാഴ്ചത്തേക്ക് പിരിഞ്ഞു.
രാജ്യസഭയിൽ കാലാവധി പൂർത്തിയാക്കുന്ന 6 അംഗങ്ങൾക്ക് യാത്രയയപ്പ് നൽകിയശേഷം ഉച്ചക്ക് 12.30 ഓടെ ഇന്ത്യ കക്ഷികൾ സഭാ നടപടികൾ തടസ്സപ്പെടുത്തി. തുടർന്ന് രാജ്യസഭയും നടപടികൾ മുന്നോട്ടു കൊണ്ടുപോകാനാകാതെ നിർത്തിവെച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.