പാകിസ്താന് വെള്ളം കൊടുക്കില്ല, അണക്കെട്ടിന്‍റെ സംഭരണശേഷി ഉയർത്തും; നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനം
text_fieldsന്യൂഡൽഹി: 1960ലെ സിന്ധു നദീജല കരാറിൽനിന്ന് പിന്മാറിയതിന് പിന്നാലെ പാകിസ്താനിലേക്കുള്ള നീരൊഴുക്ക് തടയാൻ തയാറെടുത്ത് ഇന്ത്യ. സിന്ധുവിലും പോഷക നദികളിലുമുള്ള അണക്കെട്ടുകളിൽ സംഭരണശേഷി കൂട്ടി ജലമൊഴുക്ക് തടയാൻ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിൽ തീരുമാനമായി. അമിത് ഷായുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ജലവിഭവ മന്ത്രി സി.ആര്‍. പാട്ടീല്‍ എന്നിവരും പങ്കെടുത്തു.
പഹൽഗാമിലെ തീവ്രവാദി ആക്രണണത്തിന്‍റെ പശ്ചാത്തലത്തിൽ സിന്ധു നദീജല കരാര്‍ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന്റെ തുടര്‍ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗം ചര്‍ച്ച ചെയ്തത്. പാകിസ്താനിലേക്ക് വെള്ളം ഒഴുകുന്നത് തടയാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാന്‍ യോഗത്തില്‍ തീരുമാനിച്ചു. കരാര്‍ മരവിപ്പിക്കുന്നത് മധ്യസ്ഥത വഹിച്ച ലോക ബാങ്കിനെ അറിയിക്കും.
കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനം വ്യാഴാഴ്ച ഇന്ത്യ ഔദ്യോഗികമായി പാകിസ്താനെ അറിയിച്ചിരുന്നു. ജലവിഭവ സെക്രട്ടറി ദേബശ്രീ മുഖര്‍ജിയാണ് പാകിസ്താന്‍ ജലവിഭവ സെക്രട്ടറി സയ്യിദ് അലി മുര്‍താസയോട് ഇക്കാര്യം സംബന്ധിച്ച വിവരം അറിയിച്ചത്. അതേസമയം, നദികളുടെ കുറുകെയുള്ള അണക്കെട്ടുകള്‍ ഉപയോഗിച്ച് നീരൊഴുക്ക് തടയുകയാണെങ്കില്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം പാകിസ്താന്‍ പ്രഖ്യാപിച്ചിരുന്നു.
ജലം തടയാന്‍ കിഷന്‍ ഗംഗാ ജലവൈദ്യുത പദ്ധതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത് എന്ന തരത്തില്‍ പാകിസ്താനില്‍ സാമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. അങ്ങനെയൊരു നീക്കം ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായാല്‍ അത് യുദ്ധസമാന നടപടിയായിരിക്കുമെന്ന് പാകിസ്താന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ കരാർ മരവിപ്പിച്ച് ജലമൊഴുക്ക് തടയുന്നതിനുള്ള തുടര്‍നടപടികളുമായി മുന്നോട്ടുപോകാനാണ് ഇന്ത്യയുടെ തീരുമാനം.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനെതിരെ ഇന്ത്യ കർശന നടപടികളാണ് സ്വീകരിച്ചത്. പാകിസ്താൻ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കുകയും 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെടുകയും ചെയ്തു. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് അടച്ചുപൂട്ടാൻ തീരുമാനമായി. ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈകമീഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കൾക്ക് ഇന്ത്യ വിടാൻ ഒരാഴ്ച സമയമനുവദിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷനിൽനിന്ന് ഇന്ത്യ ഉപദേഷ്ടാക്കളെ പിൻവലിക്കും. പാകിസ്താൻ പൗരന്മാരെ കണ്ടെത്തി രാജ്യംവിടാൻ സംസ്ഥാന മുഖ്യമന്ത്രിമാർ നിർദേശം നൽകണമെന്നും കേന്ദ്രം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.