വോട്ടർപട്ടിക തീവ്ര പരിശോധന: ബദൽ നിർദേശം കേന്ദ്രം തള്ളി; പാർലമെന്റ് സ്തംഭനം നീങ്ങില്ല
text_fieldsന്യൂഡൽഹി: വോട്ടർപട്ടിക തീവ്ര പരിശോധന (എസ്.ഐ.ആർ) സംബന്ധിച്ച ചർച്ചക്ക് തയാറല്ലെന്ന കേന്ദ്ര സർക്കാറിന്റെ സമീപനത്തെ തുടർന്നുണ്ടായ പാർലമെന്റ് സ്തംഭനം ഒഴിവാക്കാൻ പ്രതിപക്ഷം മുന്നോട്ടുവെച്ച ബദൽ നിർദേശവും കേന്ദ്രസർക്കാർ തള്ളി. എസ്.ഐ.ആർ എന്ന പേരിലല്ലാതെ ‘നിയമ മന്ത്രാലയത്തിന് കീഴിലുള്ള തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ’ എന്നോ ‘വോട്ടർമാരെ ഒഴിവാക്കലും ചേർക്കലും’ എന്നോ പേരിട്ടെങ്കിലും വിഷയം ചർച്ച ചെയ്യാമെന്ന പ്രതിപക്ഷത്തിന്റെ ബദൽനിർദേശമാണ് സർക്കാർ തള്ളിയത്. ടി.ആർ ബാലു, മണിക്കം ടാഗോർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ സ്പീക്കർ ഓം ബിർളയെ കണ്ടാണ് ബദൽ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്.
ലോക്സഭ എസ്.ഐ.ആറിൽ തട്ടി തിങ്കളാഴ്ചയും അജണ്ടയിലേക്ക് കടക്കാനാകാതെ പിരിഞ്ഞപ്പോഴാണ് പ്രശ്ന പരിഹാരത്തിന് പ്രതിപക്ഷ നേതാക്കളെ സ്പീക്കർ കൂടിക്കാഴ്ചക്ക് വിളിച്ചത്. രാജ്യസഭംഗമായിരുന്ന ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറനോടുള്ള ആദരസൂചകമായി രാജ്യസഭ 11 മണിക്ക് ചേർന്നയുടൻ പിരിയുകയായിരുന്നു.
എന്നാൽ, ബിഹാറിലെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചർച്ചക്കും സന്നദ്ധമല്ലെന്നാണ് സർക്കാർ നിലപാടെന്ന് സ്പീക്കർ ഓം ബിർള പ്രതിപക്ഷ നേതാക്കളെ അറിയിച്ചു. ചർച്ചക്കുള്ള എല്ലാ വാതിലുകളും അടച്ചതിനാൽ പ്രതിഷേധം തുടരുകയല്ലാതെ പ്രതിപക്ഷത്തിന് മറ്റ് മാർഗമില്ലെന്ന് ചീഫ് വിപ്പും കോൺഗ്രസ് എംപിയുമായ മാണിക്കം ടാഗോറും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് മാർച്ച് സംഘടിപ്പിക്കുന്നതടക്കം ശക്തമായ സമരപരിപാടികൾ ഇൻഡ്യ നേതാക്കൾ ആലോചിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ 10ന് ഇൻഡ്യ യോഗം വിളിച്ചിട്ടുണ്ട്.
വോട്ടർപട്ടിക തീവ്ര പരിശോധന(എസ്.ഐ.ആർ) തെരഞ്ഞെടുപ്പ് കമീഷന്റെ ഭരണപരമായ നടപടിയായതിനാൽ ചർച്ചക്ക് ഒരുക്കമല്ലെന്ന് പാർലമെന്റ് മന്ദിരത്തിൽ വിളിച്ച വാർത്തസമ്മേളനത്തിൽ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും പറഞ്ഞു. തെരഞ്ഞെടുപ്പ് പരിഷ്കാരം ചർച്ച ചെയ്യേണ്ടത് അതുമായി ബന്ധപ്പെട്ട ബിൽ അവതരിപ്പിക്കുമ്പോഴാണ് എന്നുപറഞ്ഞ് ബദൽ നിർദേശം റിജിജു തള്ളി. ഇതോടെ പാർലമെന്റിന്റെ വർഷകാല സമ്മേളനം പൂർണമായും പ്രതിഷേധത്തിൽ ഒലിച്ചുപോകാനുള്ള സാധ്യതയേറി. പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചും ഓപറേഷൻ സിന്ദൂറിനെക്കുറിച്ചും ഇരുസഭകളിലും നടന്ന രണ്ട് ദിവസത്തെ ചർച്ച ഒഴിച്ചുനിർത്തിയാൽ പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് വർഷകാല സമ്മേളനം ഏറക്കുറെ സ്തംഭനത്തിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.