സഹാറൻപൂർ പള്ളി പൊളിക്കൽ; പ്രതിഷേധത്തിനൊരുങ്ങിയ ഇഖ്‌റ ഹസൻ എം.പി വീട്ടുതടങ്കലിൽ
text_fieldsഇഖ്‌റ ഹസൻ എം.പി
ലഖ്‌നൗ: ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലാ മജിസ്‌ട്രേറ്റ് (കലക്ടറേറ്റ്) ഓഫീസ് സമുച്ചയത്തിനുള്ളിലെ പള്ളി ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയതിന് പിന്നാലെ സമാജ്‌വാദി പാർട്ടി കൈരാന ലോക്‌സഭാ എം.പി ഇഖ്‌റ ഹസനെ പോലീസ് വീട്ടുതടങ്കലിലാക്കി. സഹാറൻപൂരിലേക്ക് പോകാൻ ഒരുങ്ങവെ ശനിയാഴ്ച പുലർച്ചെ വൻ പോലീസ് സന്നാഹം കൈരാനയിലെ വസതി വളഞ്ഞ് തന്നെ തടയുകയായിരുന്നുവെന്ന് ഇഖ്‌റ ഹസൻ വ്യക്തമാക്കി.
കലക്ടറേറ്റ് പള്ളി പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ആശങ്കകൾ ഉദ്യോഗസ്ഥരെ നേരിൽ കണ്ട് ധരിപ്പിക്കാനും ചർച്ച നടത്താനുമായിരുന്നു താൻ സഹാറൻപൂരിലേക്ക് പോകാൻ നിശ്ചയിച്ചിരുന്നതെന്നും എന്നാൽ വീടിന് പുറത്തിറങ്ങാൻ പോലും പോലീസ് അനുവദിച്ചില്ലെന്നും എം.പി പറഞ്ഞു. "ജനാധിപത്യത്തിൽ ജനങ്ങളുടെ ശബ്ദം ഉയർത്താനാണ് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. എന്നാൽ എന്നെ തടഞ്ഞുവെച്ചതുകൊണ്ട് ആ ജനകീയ ശബ്ദത്തെ അടിച്ചമർത്താൻ കഴിയില്ല," ഇഖ്‌റ ഹസൻ പ്രതികരിച്ചു.
പള്ളി പൊളിച്ച നടപടിയെ അതിരൂക്ഷമായ ഭാഷയിലാണ് എം.പി വിമർശിച്ചത്. സർക്കാരിന്റെ പ്രത്യേക താല്പര്യമനുസരിച്ചാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നതെങ്കിൽ പിന്നെ കോടതികളും നിയമസംവിധാനങ്ങളും എന്തിനാണെന്നും, കോടതികൾ പൂട്ടിയിടുന്നതാണ് നല്ലതെന്നും അവർ തുറന്നടിച്ചു. ഭരണഘടനയും നിയമവാഴ്ചയും തകർക്കപ്പെട്ട ഈ നടപടിക്കെതിരെ ഹൈകോടതിയെ സമീപിക്കാൻ പോലും സാവകാശം നൽകാതെയാണ് പുലർച്ചെ 'പെട്ടെന്നുള്ള നീതി' നടപ്പാക്കിയതെന്നും അവർ ആരോപിച്ചു. 1947-ന് മുൻപ് തന്നെ നിലവിലുള്ള ഈ ആരാധനാലയത്തിന് 1991-ലെ ആരാധനാലയ സംരക്ഷണ നിയമവും വഖഫ് നിയമങ്ങളും ബാധകമാണെന്നും, മതപരമായ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടതെന്നും ഇഖ്‌റ ഹസൻ കുറ്റപ്പെടുത്തി.
പള്ളി അനധികൃത നിർമാണമാണെന്ന് കാണിച്ച് ജൂലൈ 17-ന് സിറ്റി മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ മുസ്‌ലിം കമ്മിറ്റി നൽകിയ അപ്പീൽ ജില്ലാ ജഡ്ജിയുടെ കോടതി തള്ളിയതിന് പിന്നാലെയാണ് ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ പള്ളി പൂർണമായി പൊളിച്ചുനീക്കിയത്. പ്രദേശത്ത് റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും (ആർ.എ.എഫ്) വൻ പോലീസ് സേനയെയും വിന്യസിച്ച് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

