റിയാദിൽ മിസൈൽ അവശിഷ്ടം വീണ് പരിക്കേറ്റ ഇന്ത്യൻ സ്വദേശി മരിച്ചു; അനുശോചനം രേഖപ്പെടുത്തി എംബസി
text_fieldsറിയാദ്: സൗദി തലസ്ഥാനമായ റിയാദിലുണ്ടായ മിസൈൽ ആക്രമണ ശ്രമം തകർക്കുന്നതിനിടെ മിസൈൽ അവശിഷം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി മരണപ്പെട്ടു. യുപി സ്വദേശിയായ രവി ഗോപാൽ ആണ് അന്തരിച്ചത്. മാർച്ച് 18-ന് റിയാദിന് നേർക്കുണ്ടായ മിസൈൽ ആക്രമണത്തിനിടെ തകർക്കപ്പെട്ട മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്.
റിയാദ് ന്യൂ സനാഇയയിലെ ഒരു പ്ലാസ്റ്റിക് ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു രവി ഗോപാൽ. മാർച്ച് 18-ന് വൈകിട്ട് നാല് ബാലിസ്റ്റിക് മിസൈലുകളാണ് റിയാദ് നഗരത്തിലെ ഇൻഡസ്ട്രിയൽ സിറ്റി ലക്ഷ്യമാക്കി എത്തിയത്. ഇവയെല്ലാം സൗദി വ്യോമ പ്രതിരോധ സേന ആകാശത്തുവെച്ച് വിജയകരമായി തകർത്തിരുന്നു.
എന്നാൽ, തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചതിനെ തുടർന്ന് രവി ഗോപാൽ ഉൾപ്പെടെ നാല് വിദേശ തൊഴിലാളികൾക്ക് പരിക്കേറ്റു. താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ നിൽക്കുമ്പോഴാണ് രവി ഗോപാലിന് പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു. രവി ഗോപാലിന്റെ വിയോഗത്തിൽ സൗദിയിലെ ഇന്ത്യൻ എംബസി ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. മരിച്ച വ്യക്തിയുടെ കുടുംബവുമായി എംബസി അധികൃതർ നിരന്തരം ബന്ധപ്പെട്ടുവരികയാണ്.
"ദൗർഭാഗ്യകരമായ ഈ സംഭവത്തിൽ ഞങ്ങൾക്ക് വലിയ ദുഃഖമുണ്ട്. പരേതന്റെ കുടുംബത്തെ സഹായിക്കുന്നതിനും മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള ഔദ്യോഗിക നടപടികൾ വേഗത്തിലാക്കുന്നതിനും പ്രാദേശിക അധികാരികളുമായി ചേർന്ന് എംബസി പ്രവർത്തിക്കുന്നുണ്ട്." - ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. സൗദി പ്രതിരോധ മന്ത്രാലയവും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും പരിക്കേറ്റ മറ്റുള്ളവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
