ഐ.എസ് ശൃംഖല: പിടികിട്ടാപ്പുള്ളി ഷാനവാസും കൂട്ടാളികളും അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പാകിസ്താൻ ബന്ധമുള്ള ഐ.എസ് ഭീകരൻ മുഹമ്മദ് ഷാനവാസ് ആലവും (31) ഇയാളുടെ രണ്ടു കൂട്ടാളികളെയും ഡൽഹി പൊലീസ് അറസ്റ്റ്ചെയ്തു.
ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ഭീകരാക്രമണം നടത്താൻ ആസൂത്രണം നടത്തുന്നതിനിടെയാണ് തിങ്കളാഴ്ച ഇവർ പിടിയിലായതെന്നും പാക് രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐയുടെ നിയന്ത്രണത്തിലായിരുന്നു ഇവർ പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു.
അറസ്റ്റിലായവരിൽനിന്ന് ആയുധങ്ങളും സ്ഫോടകവസ്തു നിർമാണത്തിനുള്ള വസ്തുക്കളും പിടിച്ചെടുത്തു. മുഹമ്മദ് റിസ്വാൻ അശ്രഫ് (28), മുഹമ്മദ് അർഷദ് വർസി (29) എന്നിവരാണ് ഷാനവാസിനോടൊപ്പം പിടിയിലായ മറ്റുള്ളവർ.
മൂവരും എൻജിനീയറിങ് ബിരുദധാരികളും പാകിസ്താനിൽനിന്ന് തങ്ങളെ നിയന്ത്രിക്കുന്നവരുമായി അടുത്തബന്ധം പുലർത്തുന്നവരുമാണ്. ഷാനവാസിന്റെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ കൈമാറുന്നവർക്ക് എൻ.ഐ.എ മൂന്നു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഷാനവാസിനെ ഡൽഹിയിലെ ജതിപുരിൽനിന്നും മുഹമ്മദ് റിസ്വാൻ അശ്രഫിനെ ഉത്തർപ്രദേശിലെ ലഖ്നോവിൽനിന്നും മുഹമ്മദ് അർഷദ് വർസിയെ മൊറാദാബാദിൽനിന്നുമാണ് അറസ്റ്റ്ചെയ്തത്. മൂവരെയും കോടതി ഒരാഴ്ച പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇവർ ആക്രമണം നടത്താനുള്ള അവസാനവട്ട ഒരുക്കത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യു.പി, ഉത്തരാഖണ്ഡ്, ഝാർഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിനിടെയാണ് ഉദ്യോഗസ്ഥർക്ക് ഐ.എസ് ഭീകരരെന്ന് ആരോപിക്കപ്പെടുന്ന ഇംറാൻ ഖാൻ, യൂനുസ് സാക്കി എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ കഴിഞ്ഞ ജൂലൈയിൽ ഇരുവരും പുണെ പൊലീസിന്റെ പിടിയിലായെങ്കിലും ഷാനവാസ് രക്ഷപ്പെട്ടു. ചിറ്റോഡിൽ നടന്ന സ്ഫോടനത്തിൽ പങ്കുള്ളതായി സംശയിക്കുന്ന ഇംറാൻ, യൂനുസ് എന്നിവരുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഈ കേസ് പിന്നീട് എൻ.ഐ.എക്ക് കൈമാറുകയായിരുന്നു.
ഷാനവാസും കൂട്ടാളികളും സ്ഫോടനം നടത്താൻ ആസൂത്രണം നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച ഡൽഹി, യു.പി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ പൊലീസിന്റെ സഹായത്തോടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു.
മുഹമ്മദ് അർഷദ് വർസിയെയാണ് ആദ്യം പിടികൂടിയത്. ഇയാളാണ് ഷാനവാസിനൊപ്പം ഡൽഹിയിലും പരിസര പ്രദേശങ്ങളിലും താൻ ഭീകരാക്രമണം നടത്താൻ ആസൂത്രണം നടത്തുന്നുണ്ടെന്ന വിവരം നൽകിയത്. ഇതിനായി ഡൽഹിയിൽ വാടകക്കെടുത്ത വീട്ടിൽ ഷാനവാസ് ആയുധങ്ങളും വെടിയുണ്ടകളും സ്ഫോടകവസ്തുക്കളും ശേഖരിച്ചിട്ടുണ്ടെന്നും വർസി വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് അശ്രഫിനെ അറസ്റ്റ്ചെയ്തത്. ഐ.എസ് അംഗമായ താൻ മുഖേന ഷാനവാസും റിസ്വാനും ഐ.എസിന്റെ പ്രതിജ്ഞയെടുത്തിരുന്നതായും ഇയാൾ പറഞ്ഞതായി പൊലീസ് അറിയിച്ചു.
ഇതിന് പിന്നാലെയാണ് ഷാനവാസിനെ ഡൽഹിയിലെ വാടകവീട്ടിൽനിന്ന് പിടികൂടിയത്. ഇയാളിൽനിന്ന് തോക്കും ഏഴു വെടിയുണ്ടകളും സ്ഫോടകവസ്തു നിർമാണത്തിനുള്ള വസ്തുക്കളും പിടിച്ചെടുത്തു. ബോംബുണ്ടാക്കാനുള്ള വിവരങ്ങളടങ്ങിയ രേഖകളും കണ്ടെടുത്തു. പാകിസ്താനിലുള്ളവരുമായി ഇയാൾ ഇന്റർനെറ്റ് വഴി ബന്ധപ്പെട്ടിരുന്നു. വനമേഖലകളിൽ ഇവർ സ്ഫോടന പരീക്ഷണം നടത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങളിലൂടെയും മറ്റും സംഘം പണം കണ്ടെത്തിയിരുന്നതായും പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.