യാത്രനിരക്ക് വർധിപ്പിച്ചാൽ മാത്രം പോരാ, യാത്രക്കാർക്ക് സുരക്ഷിതമായ സർവീസും വേണം; അപകടം പതിവാകുന്ന ട്രെയിൻ യാത്ര -വിഡിയോ
text_fieldsഘാട്‌കോപ്പർ റെയിൽവേ സ്റ്റേഷനിലെ യാത്ര തിരക്ക്
മുംബൈ: ഈയടുത്താണ് ട്രെയിൻ യാത്രനിരക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയം ഉയർത്തിയത്. ഇതിൽ വലിയ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുംബൈ ഘാട്‌കോപ്പർ റെയിൽവേ സ്റ്റേഷനിൽ നിന്നും അപകടകരമായ യാത്രയുടെ വിഡിയോകൾ വ്യാപകമായി പ്രചരിക്കുന്നത്. ശക്തമായ തിക്കിലും തിരക്കിലും പെട്ട് നിരവധിയാളുകളാണ് യാത്രക്ലേശം നേരിടുന്നത്.
മഹാരാഷ്ട്രയിലെ മറ്റൊരു റെയിൽവേ സ്റ്റേഷനായ താനെയിൽ മാസങ്ങൾക്ക് മുമ്പ് തിക്കിലും തിരക്കിലുംപെട്ട് 13 പേർക്ക് പരിക്കേൽക്കുകയും ചിലർക്ക് ജീവൻ നഷ്ട്ടപെടുകയും ചെയ്തിരുന്നു. കൂടാതെ കുംഭ മേളയുടെ സമയത്ത് ഡൽഹി സ്റ്റേഷനിൽ നടന്ന അപകടമരണവും ഉദാഹരണങ്ങളായി സർക്കാരിന്റെ മുമ്പിൽ നിൽക്കുന്ന സാഹചര്യത്തിലാണ് റെയിൽവേ മന്ത്രാലയത്തിന്റെ ഈ അനാസ്ഥ.
ഇന്ന് ഘാട്‌കോപ്പർ റെയിൽവേ സ്റ്റേഷനിൽ ഉൾകൊള്ളാവുന്നതിലും അധികം ആളുകളാണ് ഉണ്ടായിരുന്നത്. റെയിൽവേ സ്റ്റേഷൻ കൂടാതെ മെട്രോ സ്റ്റേഷനിലും സമാനമായ തിക്കും തിരക്കും അനുഭവപ്പെട്ടിരുന്നു. നഗരത്തിലെ പ്രധാന കോർപ്പറേറ്റ് സ്ഥാപങ്ങളിലേക്ക് ജനങ്ങൾക്ക് എത്തിച്ചേരാവുന്ന മെട്രോ സർവീസാണ് ഘാട്‌കോപ്പർ മെട്രോ ലൈൻ. യാത്രക്കാരെ ഉൾകൊള്ളാവുന്നതിലധികം ഭാരത്തിലാണ് മെട്രോ സ്റ്റേഷനിലെ എസ്കലേറ്റർ പ്രവർത്തിക്കുന്നത്.
ഘാട്‌കോപ്പർ റെയിൽവേ സ്റ്റേഷനിൽ ഇത് സ്ഥിരം കാഴ്ചയാണെന്ന് നെറ്റിസൺ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. തിരക്കുകാരണം ഓടുന്ന ട്രെയിനിൽ നിന്നും ചില യാത്രക്കാരെ മറ്റുയാത്രക്കാർ തള്ളിയിടുന്ന പ്രവണതയും ഘാട്‌കോപ്പർ സ്റ്റേഷനിൽ ഉണ്ടാകാറുണ്ട്.
സബർബൻ റെയിൽ ശൃംഖല ഉപയോഗിക്കുന്ന മിക്ക യാത്രക്കാരും നിത്യേന നേരിടുന്ന വെല്ലുവിളിയാണ് ഈ ദുരിത യാത്ര. തിരക്ക് രൂക്ഷമാകുന്ന സമയങ്ങളിൽ പോലും കൂടുതൽ സർവീസുകൾ നടത്താൻ റെയിൽവേ താല്പര്യം കാണിക്കുന്നില്ല. ജനങ്ങളുടെ ജീവനെ നിസാരവൽക്കരിക്കുന്ന റെയിൽവേ നിലപാടിനോട് ഇതിനോടകം തന്നെ യാത്രക്കാർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. യാത്രക്ലേശം പരിഹരിക്കണമെന്ന ആവശ്യം ശക്തമായിട്ടും റെയിൽവേ ഒരു നടപടിയും സ്വീകരിക്കാത്തത് ജനങ്ങളെ രോഷാകുലരാക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.