ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകർ രാജിവെച്ചു
text_fieldsന്യൂഡൽഹി: തീർത്തും അപ്രതീക്ഷിതവും അസാധാണവുമായ നീക്കത്തിൽ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ രാജിവെച്ചു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തുടക്കമിട്ട് രാജ്യസഭ നിയന്ത്രിച്ച ശേഷമാണ് ധൻഖർ രാജിവെച്ചത്.
ധൻഖറിന്റെ രാജി രാഷ്ട്രപതി ദ്രൗപദി മുർമു സ്വീകരിച്ചാൽ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവൻഷ് നാരായണിന്റെ അധ്യക്ഷതയിൽ രാജ്യസഭ വർഷകാല സമ്മേളനം പുർത്തിയാക്കേണ്ടിയും വരും. പാർലമെന്റിനും സർക്കാറിനും പ്രതിസന്ധിക്ക് വഴിയൊരുക്കിയാ വർഷകാല സമ്മേളനത്തിനിടയിലുള്ള രാജി സ്വീകരിച്ചാൽ പുതിയ ഉപരാഷ്ട്രപതിക്കായി തെരഞ്ഞെടുപ്പ് അനിവാര്യമായി വരും. ലോക്സഭയിലെയും രാജ്യസഭയിലെയും എം.പിമാർ വോട്ടു ചെയ്താണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. 2022 ഓഗസ്റ്റ് ആറിന് ഉപരാഷ്ട്രപതിയായി അധികാരമേറ്റ ധൻഖറിന് രണ്ട് വർഷം ഇനിയും ബാക്കിയിരിക്കേയാണ് രാജി.
ആരോഗ്യപരിരക്ഷക്ക് മുൻഗണന നൽകിയും വൈദ്യോപദേശം കണക്കിലെടുത്തും ഭരണഘടനയുടെ 67(എ) അനുഛേദം അനുസരിച്ച് ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജിവെക്കുകയാണെന്ന് ധൻഖർ രാജിക്കത്തിൽ വ്യക്തമാക്കി. തന്റെ കാലയളവിൽ മികച്ച പിന്തുണ നൽകിയതിന് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാർക്കും ധൻഖർ നന്ദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ സഹകരണവും പിന്തുണവും വിലയേറിയതായിരുന്നുവെന്നും ധൻഖർ പറഞ്ഞു. എന്നാൽ ആരോഗ്യകാരണങ്ങൾക്കപ്പുറം മറ്റു വല്ലതും കൊണ്ടാകാം രാജിയെന്നാണ് ചില പ്രതിപക്ഷ എം.പിമാർ സംശയം പ്രകടിപ്പിക്കുന്നത്. കാരണം ഉപരാഷ്ട്രപതി എന്ന നിലക്ക് 23ന് ജയ്പൂരിൽ പരിപാടിയിൽ സംബന്ധിക്കുമെന്ന് രാജ്യസഭാ സെക്രട്ടേറിയേറ്റ് അറിയിച്ച ശേഷമാണ് അപ്രതീക്ഷിത രാജിക്കത്ത്.
രാജ്യസഭാ ചെയർമാൻ എന്ന നിലയിൽ പ്രതിപക്ഷവുമായും പ്രതിപക്ഷ നേതാവുമായും നിരന്തരം കൊമ്പുകോർത്ത ധൻഖർ തന്റെ പദവിയിൽ മൂന്ന് വർഷം തികക്കുന്നതിന് മുമ്പാണ് പൊടുന്നനെ പടിയിറങ്ങുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.