‘ജയ് ശ്രീറാം’ വിളി ചിലർക്ക് അരാജകത്വത്തിനുള്ള ലൈസൻസായി മാറുന്നു -സ്വാമി പ്രസാദ് മൗര്യ
text_fields1. സ്വാമി പ്രസാദ് മൗര്യ. 2. ബി.ജെ.പി നേതാവായിരിക്കെ അമിത് ഷായോടൊപ്പം സ്വാമി പ്രസാദ് മൗര്യ
ലഖ്‌നോ: ‘ജയ് ശ്രീറാം’ എന്ന മുദ്രാവാക്യം ചിലർക്ക് അരാജകത്വം വ്യാപിപ്പിക്കാനുള്ള ലൈസൻസായി മാറിയതായി മുൻ ബി.ജെ.പി നേതാവും നിലവിൽ അപ്‌നി ജനതാ പാർട്ടി പ്രസിഡന്റുമായ സ്വാമി പ്രസാദ് മൗര്യ. ‘ജയ് ശ്രീറാം’, ‘ജയ് ബജ്‌രംഗ് ബലി’ എന്നീ മുദ്രാവാക്യങ്ങൾ മുഴക്കി അരാജകത്വവാദികൾ മുസ്‍ലിം സമുദായത്തിന് നേരെ ആക്രമണം അഴിച്ചുവിടുകയാണെന്നും യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായിരുന്ന മൗര്യ പറഞ്ഞു.
‘മതത്തിന്റെ പേരിൽ ഭ്രാന്ത് ഉണ്ടാക്കുക, ഹിന്ദുക്കളെയും മുസ്‌ലിംകളെയും വേർതിരിച്ച് കാണിക്കുക, ഹിന്ദുക്കളുടെയും മുസ്‌ലിങ്ങളുടെയും പേരിൽ രാജ്യത്തെ വിഭജിക്കാൻ വില കുറഞ്ഞ രാഷ്ട്രീയം കളിക്കുക എന്നിവ ഇന്ന് ചിലർക്ക് ഒരു ഹോബിയായി മാറിയിരിക്കുന്നു. ചിലയിടങ്ങളിൽ അവർ കൈക്കോട്ടും പിക്കാസുമായി ഈദ്ഗാഹിൽ എത്തുന്നു. മറ്റു ചിലയിടങ്ങളിൽ വീടുകളിൽ നിന്ന് മതചിഹ്നങ്ങൾ വലിച്ചു കീറി എറിയുന്നു. ചിലയിടങ്ങളിൽ മുസ്‌ലിം സമുദായത്തിൽപ്പെട്ടവരുടെ കടകൾക്കും വീടുകൾക്കും തീയിടുന്നു. ഈ പ്രവർത്തികളിലൂടെ, ആക്രമണകാരികൾ സ്വന്തം ആദർശങ്ങളെ തന്നെയാണ് കുഴിച്ചുമൂടുന്നത്’ --പി.ടി.ഐ വിഡിയോസിന് നൽകിയ അഭിമുഖത്തിൽ മൗര്യ പറഞ്ഞു.
മതം പറയുന്നവർ ഇപ്പോൾ ഭീകരതയുടെ പാതയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. നീതിന്യായ പ്രക്രിയയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുർബലപ്പെടുത്തി. ഇത്തരം കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുന്നതിനുപകരം, നിരപരാധികളായ മുസ്‍ലിംകളുടെ വീടുകൾ സർക്കാർ തകർക്കുന്നു. മുഖ്യമന്ത്രി തന്നെ കോടതിയുടെ പങ്ക് ഏറ്റെടുത്ത് നീതിന്യായ പ്രക്രിയയെ ദുർബലപ്പെടുത്തുകയാണെന്നും ഇത് സംസ്ഥാനത്ത് അരാജകത്വത്തിലേക്ക് നയിക്കുന്നുവെന്നും മൗര്യ പറഞ്ഞു.
യഥാർഥ കുറ്റവാളികൾ അധികാരത്തിന്റെ സംരക്ഷണം ആസ്വദിക്കുമ്പോൾ ദലിതരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും വീടുകൾ തകർക്കപ്പെടുകയാണ്. ഫത്തേപൂരിൽ മഖ്ബറ തകർത്തവർക്കെതിരെ നടപടിയെടുക്കാതെ മുസ്‍ലിംകൾക്കെതിരെ കേസെടുത്തു. ‘ഐ ലവ് മുഹമ്മദ്’ എന്ന് ക്ഷേത്രച്ചുവരിൽ എഴുതി കലാപത്തിന് പ്രേരിപ്പിക്കാൻ ശ്രമിച്ച നാല് ഹിന്ദു യുവാക്കളെ പിടികൂടിയ അലിഗഡ് പൊലീസിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സർക്കാർ ഭരണഘടന ലംഘിക്കുകയാണ്. വംശീയ മൗലികവാദികളാണ് നേതൃത്വത്തെ നിയന്ത്രിക്കുന്നത്. ദലിതർക്കെതിരായ അതിക്രമങ്ങൾക്കും അരാജകത്വത്തിനുമെതിരെ നവംബർ മൂന്നിന് പ്രതിഷേധ പ്രകടനം നടത്തുമെന്നും സ്വാമി പ്രസാദ് മൗര്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

