ട്രോൾ നിർത്തി വാരാണസിയിലെയും നാഗ്പൂരിലെയും തോൽവി നോക്കൂവെന്ന് മോദിയോട് ജയറാം രമേശ്; പോസ്റ്റ് മുക്കി ഫഡ്‌നാവിസ്
text_fieldsദേവേന്ദ്ര ഫഡ്‌നാവിസ്, നരേന്ദ്ര മോദി
ന്യൂഡൽഹി: ലെജിസ്ലേറ്റീവ് കൗൺസിൽ (എം.എൽ.സി) തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പേരിൽ കോൺഗ്രസിനെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും രൂക്ഷമായ ഭാഷയിൽ മറുപടിയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ്. മറ്റുള്ളവരെ പരിഹസിക്കുന്നതിന് മുൻപ് സ്വന്തം ലോക്‌സഭാ മണ്ഡലമായ വാരാണസിയിലും ആർ.എസ്.എസ് ആസ്ഥാനമായ നാഗ്പൂരിലും ബി.ജെ.പിക്ക് നേരിട്ട കനത്ത പരാജയങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു. "മിസ്റ്റർ മോദി, ഈ ട്രോളിംഗ് അവസാനിപ്പിക്കൂ, ധാർഷ്ട്യം വെടിയൂ" എന്നും അദ്ദേഹം ആഞ്ഞടിച്ചു.
വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുൻപ് തന്നെ കോൺഗ്രസിന്റെ പ്രകടനം 'വലിയ പൂജ്യമാണെന്ന്' പരിഹസിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാൽ നാഗ്പൂരിൽ കോൺഗ്രസ് സിറ്റിംഗ് എം.എൽ.സി അഭിജിത് വഞ്ചാരി വിജയിച്ചതോടെ ഫഡ്‌നാവിസിന് ആ പോസ്റ്റ് ഡിലീറ്റ് ചെയ്യേണ്ടി വന്നതായി സ്ക്രീൻഷോട്ട് സഹിതം കോൺഗ്രസ് തുറന്നുകാട്ടി. ഇത് വരാനിരിക്കുന്ന വലിയ രാഷ്ട്രീയ പോരാട്ടങ്ങളുടെ വെറുമൊരു ട്രെയിലർ മാത്രമാണെന്നും കോൺഗ്രസ് ഓർമിപ്പിച്ചു.
മോദിയുടെ വാരാണസിയിലും ആർ.എസ്.എസിന്റെ നാഗ്പൂരിലും ബി.ജെ.പി തോറ്റു
പ്രധാനമന്ത്രിയുടെ പരിഹാസങ്ങൾക്ക് എണ്ണിയെണ്ണി മറുപടി നൽകിയാണ് ജയറാം രമേശ് രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ സ്വന്തം പാർലമെന്റ് മണ്ഡലമായ വാരാണസിയിലെ രണ്ട് കൗൺസിൽ സീറ്റുകളിലും ബി.ജെ.പി തോറ്റത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി ചിന്തിച്ചിട്ടുണ്ടോ എന്ന് ജയറാം രമേശ് ചോദിച്ചു. സംഘപരിവാറിന്റെയും ആർ.എസ്.എസിന്റെയും ശക്തികേന്ദ്രമായ നാഗ്പൂരിൽ ബി.ജെ.പിയെ മലർത്തിയടിച്ച് കോൺഗ്രസ് എങ്ങനെ വിജയിച്ചുവെന്ന് ബി.ജെ.പി വിലയിരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. വാരാണസി, നാഗ്പൂർ, ലഖ്‌നൗ, പ്രയാഗ്‌രാജ്, പട്ന എന്നിവിടങ്ങളിലെ ബിരുദധാരികളും അധ്യാപകരുമായ വോട്ടർമാർ കേന്ദ്ര സർക്കാരിന്റെ നയങ്ങളിലുള്ള തങ്ങളുടെ കടുത്ത അതൃപ്തിയാണ് വോട്ടിലൂടെ പ്രകടിപ്പിച്ചതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.
പണപ്പെരുപ്പവും തൊഴിലില്ലായ്മയും മറച്ചുവെക്കാനാവില്ല
രാജ്യം നേരിടുന്ന രൂക്ഷമായ പണപ്പെരുപ്പം, യുവാക്കളെ ബാധിക്കുന്ന തൊഴിലില്ലായ്മ, സ്വകാര്യ നിക്ഷേപ മേഖലയിലെ വൻ ഇടിവ് എന്നിവ പരിഹരിക്കുന്നതിൽ മോദി സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി.
"പ്രധാനമന്ത്രി ചെയ്യേണ്ടത് സ്വന്തം പരാജയങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തുകയാണ്, അല്ലാതെ മറ്റുള്ളവരെ പഠിപ്പിക്കാൻ പ്രഭാഷണം നടത്തുകയല്ല. കോൺഗ്രസിന്റെ സീറ്റുകൾ എണ്ണാൻ വരുന്നതിന് മുൻപ്, സ്വന്തം മണ്ഡലമായ വാരാണസിയിലെ രണ്ട് സീറ്റുകളിൽ ബി.ജെ.പി തോറ്റത് എന്തുകൊണ്ടെന്നും ആർ.എസ്.എസ് കോട്ടയായ നാഗ്പൂരിൽ കോൺഗ്രസ് എങ്ങനെ ബി.ജെ.പിയെ തോൽപ്പിച്ചുവെന്നും മോദി വിലയിരുത്തണം. അടിസ്ഥാന ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാതെ വെറും പരിഹാസങ്ങളിലൂടെയും ട്രോളുകളിലൂടെയും ജനശ്രദ്ധ തിരിച്ചുവിടാൻ ബി.ജെ.പിക്ക് സാധിക്കില്ല."
— ജയറാം രമേശ് തുറന്നടിച്ചു.

