യു.എസുമായി വ്യാപാരക്കരാർ; നവംബറോടെ ലക്ഷ്യം കാണുമെന്ന് വിദേശകാര്യമന്ത്രി
text_fieldsന്യൂഡൽഹി: യു.എസ് പകരച്ചുങ്കവുമായി ബന്ധപ്പെട്ട് ഉഭയകക്ഷി ചർച്ചകൾ ഊർജിതമാക്കുകയും നവംബറോടെ വ്യാപാരക്കരാർ അന്തിമമാക്കുകയുമാണ് ലക്ഷ്യമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. പകരച്ചുങ്കത്തിന്റെ ആഘാതം ഇനിയും വ്യക്തമായിട്ടില്ല. ഡോണൾഡ് ട്രംപ് രണ്ടാം തവണ പ്രസിഡന്റായശേഷം, വാഷിങ്ടണുമായി വ്യാപാര കരാറിൽ ഒപ്പുവെക്കാൻ ധാരണയിലെത്തിയ ഏകരാജ്യം ഇന്ത്യയായിരിക്കാമെന്ന് ജയ്ശങ്കർ പറഞ്ഞു.
വിഷയത്തിൽ തുറന്ന സമീപനമാണ് ഇന്ത്യ സ്വീകരിക്കുന്നത്. ഇരുരാജ്യങ്ങൾക്കുമിടയിൽ നടന്ന ചർച്ചകളെല്ലാം ക്രിയാത്മകമാണ്. നവംബറോടെ ഉഭയകക്ഷി കരാറിൽ ഏർപ്പെടാനാവുമെന്നാണ് പ്രതീക്ഷ- ജയ്ശങ്കർ പറഞ്ഞു. ദേശീയ മാധ്യമം സംഘടിപ്പിച്ച ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്ന മന്ത്രി. ഒന്നാം ട്രംപ് സർക്കാറിന്റെ കാലത്ത് വ്യാപാര കരാർ സാധ്യമല്ലായിരുന്നു. ബൈഡൻ സർക്കാറിന്റെ കാലത്ത് നടന്ന ചർച്ചകളാണ് ഇന്തോ-പസഫിക് മേഖലയിലെ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനായുള്ള ഇന്തോ-പസഫിക് ഇക്കണോമിക് ഫ്രെയിംവർക്ക് ഫോർ പ്രോസ്പിരിറ്റിയുടെ (ഐ.പി.ഇ.എഫ്) രൂപവത്കരണത്തിലേക്ക് വഴി തെളിച്ചത്. ഒരു ഉഭയകക്ഷി വ്യാപാര കരാറിനോട് ബൈഡൻ സർക്കാറിന് പ്രതികൂല നയമായിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം യു.എസുമായി കരാറുണ്ടാവുന്നത് ഗുണകരമാണെന്നും അത് ഏറെ നാളായുള്ള ലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു.
ഒന്നിച്ചു നിൽക്കണമെന്ന് ചൈന
ന്യൂഡൽഹി: യു.എസ് പകരച്ചുങ്കം മൂലമുണ്ടാവുന്ന പ്രതിസന്ധികൾ മറികടക്കാൻ ഇന്ത്യയും ചൈനയും ഒരുമിച്ച് നിൽക്കണമെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യു ജിങ്. ചൈന-ഇന്ത്യ സാമ്പത്തിക, വ്യാപാര ബന്ധം പരസ്പരപൂരകമാണ്. അതു പരസ്പര നേട്ടത്തിൽ അധിഷ്ഠിതമാണ്. വ്യാപാര, താരിഫ് യുദ്ധങ്ങളിൽ വിജയികളില്ല. എല്ലാ രാജ്യങ്ങളും വിപുലമായ കൂടിയാലോചനയുടെ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കണം. യഥാർഥ ബഹുമുഖവാദം പ്രായോഗികമാക്കണം. എല്ലാത്തരം ഏകപക്ഷീയതയെയും സംരക്ഷണവാദത്തെയും സംയുക്തമായി എതിർക്കണമെന്നും യു ജിങ് ‘എക്സി’ലെ കുറിപ്പിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.