ഉത്തർപ്രദേശിലെ ജലാലാബാദ് ഇനി പരശുരാമപുരി; പേരുമാറ്റം അംഗീകരിച്ച് യോഗി സർക്കാർ
text_fieldsലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റതിനു പിന്നാലെ സംസ്ഥാനത്തെ നിരവധി നഗരങ്ങളുടെ പേര് പുനർനാമകരണം ചെയ്തിട്ടുണ്ട്. അത്തരത്തിൽ ചരിത്രനഗരങ്ങളിലൊന്നായ ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലെ ജലാലാബാദ് പട്ടണത്തിന്‍റെ പേര് പരശുരാമപുരി എന്ന് മാറ്റിയിരിക്കുകയാണിപ്പോൾ. യോഗി സർക്കാരിന്‍റെ ഈ നടപടി മുഗൾ കാലഘട്ടത്തിലെ നിർമിതികളുടെയും മുഗൾ രാജാക്കന്മാരുടെ പേരുകളുമായും ബന്ധപ്പെട്ടതാണെന്നതും ശ്രദ്ധേയമാണ്.
ഷാജഹാൻപൂർ ജില്ലയിലെ ജലാലാബാദ് പട്ടണത്തിന്‍റെ പേര് പരശുരാമപുരി എന്ന് മാറ്റാനുള്ള നിർദേശം മന്ത്രിസഭായോഗം അംഗീകരിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് പേര് മാറ്റത്തിന് അംഗീകാരം നൽകിയത്. നഗരത്തിന്‍റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിച്ചിരുന്നു.
സംസ്ഥാനത്തിന്‍റെ ദീർഘകാലത്തെ പരിശ്രമങ്ങളുടെ ഫലമായാണ് കഴിഞ്ഞ ആഗസ്റ്റിൽ പേർ മാറ്റാൻ കേന്ദ്രം സംസ്ഥാനത്തിന് അനുമതി നൽകിയത്. മുഗൾ കാലഘട്ടത്തിലെ രാജാവായ ജലാലുദ്ദീൻ മുഹമ്മദ് അക്ബറിന്‍റെ പേരിലാണ് ജലാലാബാദ് അറിയപ്പെടുന്നത്. ഹിന്ദു പുരാണങ്ങളിലും ഗ്രന്ഥങ്ങളിലും വിഷ്ണുവിന്‍റെ അവതാരമായ പരശുറാമിന്‍റെ ജന്മസ്ഥലമാണ് ഇതെന്ന് പറഞ്ഞാണ് പേരുമാറ്റം.
ഉത്തർപ്രദേശിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ നിരവധി ചരിത്രപ്രദേശങ്ങളുടെ പേര് മാറ്റിയിട്ടുണ്ട്. 2018ൽ ആദിത്യനാഥ് മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു അലഹബാദിന്‍റെ പേര് പ്രയാഗ് രാജ് എന്ന് മാറ്റിയത്. യോഗി ആദിത്യനാഥിന്‍റെ ഭരണകാലയളവിലാണ് മുസ്തഫാബാദിനെ കബീര്‍ധാം ആക്കി പുനർനാമകരണം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

