ആരാധനാലയ നിയമം കൊണ്ട് കളിക്കരുത് -ജമാഅത്തെ ഇസ്ലാമി
text_fieldsന്യൂഡൽഹി: രാജ്യത്ത് വർഗീയ സംഘർഷം തടയാനും ആരാധനാലയങ്ങളുടെ കാര്യത്തിൽ 1947ലെ തൽസ്ഥിതി തുടരാനും കൊണ്ടുവന്ന ആരാധനാലയ നിയമം കൊണ്ട് കളിക്കരുതെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ്. ചരിത്രപരമായ അവകാശവാദങ്ങളിൽ നിന്നുടലെടുക്കുന്ന സംഘർഷങ്ങൾ തടഞ്ഞ് രാജ്യത്ത് സാമുദായിക സൗഹാർദം സ്ഥാപിക്കുകയായിരുന്നു പ്രസ്തുത നിയമത്തിന്റെ ലക്ഷ്യം.
എന്നാൽ, മുസ്ലിം ആരാധനാലയങ്ങൾക്കുമേൽ വർഗീയ ശക്തികൾ വ്യാജ അവകാശവാദങ്ങളുന്നയിക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഉപാധ്യക്ഷൻ മലിക് മുഅ്തസിം ഖാൻ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ഇത്തരമൊരു സ്ഥിതിവിശേഷത്തിന് അന്ത്യം കുറിക്കാൻ വ്യാജ അവകാശവാദങ്ങളുമായി വരുന്ന ഹരജികൾ തള്ളാൻ കോടതികൾ തയാറാകണം. സംഭൽ ശാഹി ജമാ മസ്ജിദിൽ പ്രകോപന മുദ്രാവാക്യങ്ങൾ മുഴക്കി സർവേക്ക് വന്നതാണ് നിരപരാധികളായ അഞ്ച് ചെറുപ്പക്കാർ വെടിയേറ്റ് മരിക്കാൻ കാരണമായതെന്ന് ഖാൻ ചൂണ്ടിക്കാട്ടി.
നിരപരാധികളായ ആക്ടിവിസ്റ്റുകളെയും ഫാക്റ്റ് ചെക്കർമാരെയും മാധ്യമപ്രവർത്തകരെയും പീഡിപ്പിച്ചും പേടിപ്പിച്ചും അറസ്റ്റ് ചെയ്തും വേട്ടയാടുന്നത് ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് മറ്റൊരു ഉപാധ്യക്ഷനായ മുഹമ്മദ് സലീം ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് സെക്രട്ടറിയും ആക്ടിവിസ്റ്റുമായ നദീംഖാനും ഫാക്റ്റ് ചെക്കർ മുഹമ്മദ് സുബൈറിനുമെതിരായ കേസുകൾ അടിസ്ഥാനമില്ലാത്തതാണെന്ന് അദ്ദേഹം തുടർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.