Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓൺലൈൻ ക്ലാസുകളിലും പ്രതിഷേധം; യൂനിയൻ തെരഞ്ഞെടുപ്പിനായി പ്രൊഫൈൽ ചിത്രം മാറ്റി ജാമിഅ വിദ്യാർഥികൾ

text_fields
bookmark_border
ഓൺലൈൻ ക്ലാസുകളിലും പ്രതിഷേധം; യൂനിയൻ തെരഞ്ഞെടുപ്പിനായി പ്രൊഫൈൽ ചിത്രം മാറ്റി ജാമിഅ വിദ്യാർഥികൾ
cancel

ന്യൂഡൽഹി: ജാമിഅ മില്ലിയ ഇസ്‌ലാമിയ സർവകലാശാലയിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചെങ്കിലും അവകാശങ്ങൾക്കായുള്ള വിദ്യാർഥികളുടെ പോരാട്ടത്തിന് അല്പം പോലും അയവ് വന്നിട്ടില്ല. സർവകലാശാലാ യൂനിയൻ തെരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പസിൽ വിദ്യാർഥികളുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്.

'ഇൻക്വിലാബ് ആയേഗാ' എന്ന മുദ്രാവാക്യം മുഴക്കിയും 'റീസ്റ്റോർ ജെഎംഐഎസ്‌യു' 'റെസ്‌പെക്ട് മൈ എക്‌സിസ്റ്റൻസ് ഓർ എക്‌സ്‌പെക്ട് മൈ റെസിസ്റ്റൻസ്' തുടങ്ങിയ സന്ദേശങ്ങൾ പ്രൊഫൈൽ ചിത്രങ്ങളാക്കിയുമാണ് വിദ്യാർഥികൾ ഡിജിറ്റൽ ഇടങ്ങളിലും പ്രതിഷേധം അറിയിക്കുന്നത്. പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ക്യാമ്പസിലെ സുരക്ഷാ മുൻകരുതൽ ചൂണ്ടിക്കാട്ടി നവംബർ 24 വരെ ക്ലാസുകൾ ഓൺലൈനായി തുടരുമെന്ന് സർവകലാശാല അറിയിച്ചു.

പ്രത്യക്ഷ സമരം അർധമാസവും പിന്നിട്ട് മുന്നേറുകയാണ്. 2006-ന് ശേഷം സർവകലാശാലയിൽ നടക്കാത്ത വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് ഉടനടി നടത്തണമെന്ന് ആവശ്യപ്പെട്ട് നാല് വിദ്യാർഥികൾ അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. ഭരണഘടനാ ഭേദഗതി അംഗീകരിച്ച് 15 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്താമെന്ന അധികൃതരുടെ ഉറപ്പ് തള്ളിയാണ് വിദ്യാർഥികൾ സമരം തുടരുന്നത്.

അതിനിടെ, അവധിയെടുത്ത് പ്രതിഷേധത്തിൽ പങ്കെടുത്തെന്നാരോപിച്ച് ബീഗം ഹസ്രത്ത് മഹൽ ഗേൾസ് ഹോസ്റ്റലിലെ ഒരു വിദ്യാർഥിനിക്ക് സർവകലാശാല കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഹോസ്റ്റൽ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി 24 മണിക്കൂറിനകം മറുപടി നൽകാനാണ് നിർദേശം.

ഓൺലൈൻ പഠനത്തിലേക്ക് മാറിയ സാഹചര്യത്തിൽ നവംബർ ഒന്നിനകം നിർബന്ധിത അവധി എടുക്കാൻ ഹോസ്റ്റൽ നിവാസികളോട് നിർദേശിച്ചിട്ടുണ്ട്. ഉന്നതാധികാരികളുടെ നിർദേശപ്രകാരമാണ് നടപടിയെന്ന് അച്ചടക്ക സമിതി വ്യക്തമാക്കുന്നു. മറ്റ് ഗേൾസ് ഹോസ്റ്റലുകളിലും സമാനമായ നിർദേശങ്ങൾ നടപ്പാക്കാൻ സർവകലാശാല ഒരുങ്ങുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jamia Students Extend Union Election Protest to Online Classes
Next Story