ഇനി ഐ.എസ്.എല്ലിൽ ജംഷഡ്പൂർ എഫ്.സിയില്ല; ഈ സീസൺ മുതൽ മത്സരിക്കില്ലെന്ന് മാനേജ്മെന്റ്
text_fieldsന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL) നിന്ന് പിന്മാറാൻ തീരുമാനിച്ച് ജംഷഡ്പൂർ എഫ്.സി. വരുന്ന 2026-27 സീസൺ മുതൽ ഐ.എസ്.എൽ ടൂർണമെന്റിൽ പങ്കെടുക്കില്ലെന്ന് ക്ലബ്ബ് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2017-ൽ തുടക്കം കുറിച്ചതുമുതൽ കൂടെയുണ്ടായിരുന്ന ആരാധകർക്കും ഒപ്പമുണ്ടായിരുന്ന മുഴുവൻ ജീവനക്കാർക്കും കളിക്കാർക്കും ക്ലബ്ബ് മാനേജ്മെന്റ് നന്ദി അറിയിച്ചു.
ടൂർണമെന്റിൽ നിന്ന് പിന്മാറുകയാണെങ്കിലും ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്കായി മറ്റ് മേഖലകളിൽ തങ്ങൾ സജീവമായി തുടരുമെന്ന് ക്ലബ്ബ് വ്യക്തമാക്കി. ഗ്രാസ്റൂട്ട് തലം മുതൽ ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കുന്നതിനും വളർന്നുവരുന്ന യുവപ്രതിഭകളെ കണ്ടെത്തി ദേശീയ-അന്തർദേശീയ തലങ്ങളിലേക്ക് ഉയർത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും ജംഷഡ്പൂർ എഫ്.സി കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ജെ.ആർ.ഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ ആവേശത്തോടെ പിന്തുണ നൽകിയ ആരാധകരോടുള്ള കടപ്പാടും ക്ലബ്ബ് പ്രത്യേകമായി എടുത്തുപറഞ്ഞു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പിന്തുണയ്ക്കും നന്ദി അറിയിച്ചാണ് ക്ലബ്ബിന്റെ പ്രസ്താവന അവസാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

