Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജൻ സുരാജ് നേതാവ് അനിൽ യാദവിന് വെടിയേറ്റു; പട്നയിൽ സുരക്ഷാ വീഴ്ചയെന്ന് പ്രശാന്ത് കിഷോർ

text_fields
bookmark_border
ജൻ സുരാജ് നേതാവ് അനിൽ യാദവിന് വെടിയേറ്റു; പട്നയിൽ സുരക്ഷാ വീഴ്ചയെന്ന് പ്രശാന്ത് കിഷോർ
cancel

പട്ന: ബിഹാറിലെ പട്നയിൽ ജൻ സുരാജ് പാർട്ടി നേതാവും മുൻ കൗൺസിലറുമായ അനിൽ യാദവിന് നേരെ അക്രമികളുടെ വെടിവെപ്പ്. ബുദ്ധ കോളനി പൊലീസ് സ്റ്റേഷൻ പരിധിയിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചാണ് ബുധനാഴ്ച വൈകിട്ട് ആക്രമണമുണ്ടായത്. സംഭവത്തിൽ അനിൽ യാദവിന് അഞ്ച് വെടിയേറ്റതായി പൊലീസ് സ്ഥിരീകരിച്ചു.

പാർട്ടി സ്ഥാപകനായ പ്രശാന്ത് കിഷോർ, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, സ്വതന്ത്ര എം.പി പപ്പു യാദവ് എന്നിവർ ആശുപത്രിയിലെത്തി കുടുംബത്തെ സന്ദർശിച്ചു.

ബുധനാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. അപ്പാർട്ട്മെന്റിന്റെ താഴത്തെ നിലയിലെ ബേസ്‌മെന്റിൽ ഇരിക്കുകയായിരുന്ന അനിൽ യാദവിന് നേരെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിയുതിർക്കുകയായിരുന്നു. കാലുകളിലും അടിവയറ്റിലുമായി നാലോ അഞ്ചോ തവണ വെടിയേറ്റ അദ്ദേഹത്തെ ആദ്യം ബോറിങ് റോഡിലെ ഉദയൻ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മേദാന്ത ഹോസ്പിറ്റലിലേക്കും മാറ്റി. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പട്ന എസ്‌.ഡി.പി.ഒ കൃഷ്ണ മുരാരി പ്രസാദ് അറിയിച്ചു.

പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ഫോറൻസിക് സയൻസ് ലബോറട്ടറി സംഘത്തിന്റെ സഹായത്തോടെയും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അക്രമികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംഭവസ്ഥലത്തും ആശുപത്രിയിലുമെത്തിയ ജൻ സുരാജ് സ്ഥാപകൻ പ്രശാന്ത് കിഷോർ ബിഹാറിലെ ക്രമസമാധാന നിലക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. പട്നയിൽ പോലും ഇത്തരം ആക്രമണങ്ങൾ നടക്കുമെങ്കിൽ സർക്കാരിന്റെ ‘ജംഗ്ലീ രാജ്’ ഒഴിവാക്കൽ അവകാശവാദങ്ങൾക്കെന്ത് അർഥമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

ലിക്കർ, മണൽ മാഫിയകളാണ് പലയിടത്തും പൊലീസ് സ്റ്റേഷനുകൾ നിയന്ത്രിക്കുന്നത്. സംസ്ഥാനത്ത് ഒരു മുഴുസമയ ഡി.ജി.പിയെ നിയമിക്കാൻ പോലും സർക്കാരിന് കഴിയുന്നില്ലെന്നും പ്രശാന്ത് കിഷോർ കുറ്റപ്പെടുത്തി.

സംഭവമറിഞ്ഞ് മേദാന്ത ആശുപത്രിയിലെത്തിയ ആർ.ജെ.ഡി ദേശീയ വർക്കിംഗ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്, സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. വീട്ടിൽ കയറി വെടിവെപ്പ് നടക്കുന്നത് സാധാരണ സംഭവമല്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പട്നയിലെ ജനങ്ങൾക്ക് പോലും സുരക്ഷയില്ലെങ്കിൽ പിന്നെ ബിഹാറിൽ ആർക്കാണ് സുരക്ഷയുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയുടെ വസതിക്ക് തൊട്ടടുത്തുള്ള പ്രദേശത്ത് ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടക്കുന്നത് ക്രമസമാധാന തകർച്ചയുടെ ആഴം വ്യക്തമാക്കുന്നതാണെന്ന് സ്വതന്ത്ര എം.പി പപ്പു യാദവും പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jan Suraaj Leader Anil Yadav Shot in Patna
Next Story