വെടിനിർത്തൽ: മോദിയെ വാൻസ് വിളിച്ചത് രഹസ്യ വിവരത്തിനു പിന്നാലെയെന്ന്
text_fieldsവാഷിങ്ടൺ: ഇന്ത്യ- പാക് സംഘർഷം സൂക്ഷ്മമായി നിരീക്ഷിച്ചുവന്ന യു.എസ് ഉന്നത ഉദ്യോഗസ്ഥർക്ക് വെള്ളിയാഴ്ച രാവിലെ ആശങ്കപ്പെടുത്തുന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വെടിനിർത്തൽ ചർച്ച സജീവമാക്കുകയായിരുന്നുവെന്ന് അമേരിക്കൻ മാധ്യമമായ സി.എൻ.എൻ റിപ്പോർട്ട്. വിവരത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തിയില്ലെങ്കിലും രഹസ്യ സൂചനകൾ ലഭിച്ചതോടെ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ് എന്നിവരുടെ നേതൃത്വത്തിൽ ഇടപെടൽ സജീവമാക്കുകയായിരുന്നു.
ഇതിനു പിന്നാലെ പ്രസിഡന്റ് ട്രംപുമായി വിഷയം പങ്കുവെച്ച വാൻസ് വെള്ളിയാഴ്ച ഉച്ചക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചു. സംഘർഷം അതിഗുരുതരമായിമാറിയേക്കുമെന്നും അതിനാൽ വെടിനിർത്തൽ ചർച്ച അടിയന്തരമാക്കണമെന്നും ആവശ്യപ്പെട്ടു. അണുവായുധ ശക്തികളായ അയൽക്കാർ അതുവരെയും വെടിനിർത്തൽ ചർച്ചകൾ സജീവമാക്കിയിട്ടില്ലായിരുന്നു.
റൂബിയോയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് വകുപ്പ് ഉദ്യോഗസ്ഥർ ഇന്ത്യയിലെയും പാകിസ്താനിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായി ഫോണിൽ ആശയവിനിമയം ആരംഭിച്ചു. ചൊവ്വാഴ്ച മുതൽ തന്നെ വെടിനിർത്തൽ നീക്കങ്ങൾ റൂബിയോയുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നെങ്കിലും ഇരു രാജ്യങ്ങളും നേരിട്ട് കരാർ വിശദാംശങ്ങൾ തീരുമാനിക്കട്ടെ എന്നായിരുന്നു അതുവരെയും നിലപാട്. സംഘർഷം യു.എസുമായി ബന്ധപ്പെട്ട വിഷയമല്ലെന്ന് കഴിഞ്ഞ ദിവസം യു.എസ് പരസ്യ പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. ഇതാണ് വെള്ളിയാഴ്ച മാറിയത്. വാൻസ് മോദിയെ വിളിച്ചത് നിർണായകമായി മാറിയെന്ന് സി.എൻ.എൻ റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ മാസം വാൻസ് ഇന്ത്യയിലെത്തി പ്രധാനമന്ത്രിയെ കണ്ട് മടങ്ങിയതായിരുന്നു. കടുത്ത സൈനിക നീക്കങ്ങൾ കണ്ട ശനിയാഴ്ചയാണ് വെടിനിർത്താൻ തീരുമാനമായത്. സമൂഹ മാധ്യമത്തിൽ ട്രംപാണ് അടിയന്തരമായ സംപൂർണ വെടിനിർത്തൽ ആദ്യമായി പ്രഖ്യാപിച്ചത്. പിന്നാലെ ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായി മാർകോ റൂബിയോയും ജെ.ഡി വാൻസും നടത്തിയ 48 മണിക്കൂർ നീണ്ട സംഭാഷണങ്ങളുടെ തുടർച്ചയായിട്ടായിരുന്നു വെടിനിർത്തലിന് ഇരുരാജ്യങ്ങളും സമ്മതിച്ചതെന്ന് യു.എസ് സ്റ്റേറ്റ് വകുപ്പ് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.