ഏക സിവിൽകോഡ് ബിഹാറിൽ നടപ്പാക്കില്ലെന്ന് ജെ.ഡി.യു; അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെ ഭിന്ന നിലപാട്
text_fieldsന്യൂഡൽഹി: 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് എൻ.ഡി.എ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് (യു.സി.സി) നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെ ഭിന്ന നിലപാടുമായി ജെ.ഡി.യു. ദേശീയ തലത്തിൽ യു.സി.സി ബില്ലിനെ പിന്തുണക്കുന്നുണ്ടെങ്കിലും ബിഹാറിൽ ഇത് നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ജെ.ഡി.യു നേതാവും മുൻ സംസ്ഥാന മന്ത്രിയുമായ ശ്യാം രജക് വ്യക്തമാക്കി.
പാർലമെന്റിൽ ബിൽ അവതരിപ്പിച്ചപ്പോൾ തന്നെ മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും രജക് പറഞ്ഞു. ദേശീയ തലത്തിൽ ബില്ലിനെ പിന്തുണക്കുന്നുവെങ്കിലും ബിഹാറിൽ ഇത് നടപ്പാക്കുന്നതിനെ പാർട്ടി അനുകൂലിക്കുന്നില്ലെന്നാണ് നിതീഷ് കുമാർ വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ബിൽ പാർലമെന്റിൽ വന്നപ്പോൾ തന്നെ തങ്ങളുടെ നേതാവ് നിതീഷ് കുമാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങൾ അതിനെ പിന്തുണക്കുന്നുവെന്നും എന്നാൽ ബിഹാറിൽ ഇത് നടപ്പാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ നിലപാട് ഇതുതന്നെയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
യു.സി.സി സംബന്ധിച്ച നിലപാട് ബി.ജെ.പി ദേശീയ നേതൃത്വവുമായി ചർച്ച ചെയ്യുമെന്ന് ജെ.ഡി.യു ദേശീയ വർക്കിങ് പ്രസിഡന്റ് സഞ്ജയ് ഝാ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ബിഹാറിലെ മറ്റൊരു എൻ.ഡി.എ സഖ്യകക്ഷിയായ ലോക് ജനശക്തി പാർട്ടി (രാം വിലാസ്) യു.സി.സിയുടെ കരട് ബില്ലോ രൂപരേഖയോ ലഭിച്ചശേഷം അതിന്റെ നിയമപരമായ വശങ്ങളും സാധ്യതയുള്ള പ്രത്യാഘാതങ്ങളും പരിശോധിക്കുമെന്ന നിലപാടിലാണ്.
അമിത് ഷായുടെ പ്രഖ്യാപനത്തെ ടി.ഡി.പി, ശിവസേന, ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്യുലർ) തുടങ്ങിയ സഖ്യകക്ഷികൾ പിന്തുണച്ചിട്ടുണ്ട്. യു.സി.സി നടപ്പാക്കുന്നതിന് മുമ്പ് വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തണമെന്നും ടി.ഡി.പി വ്യക്തമാക്കി. അതേസമയം, യു.സി.സി സംബന്ധിച്ച് മതിയായ കൂടിയാലോചനയില്ലാതെ നിയമനിർമാണം നടത്തുന്നതിനെ ജെ.ഡി.യുവും ടി.ഡി.പിയും നേരത്തെ എതിർത്തിരുന്നു. ടി.ഡി.പി ഇപ്പോൾ നിലപാടിൽ മാറ്റം വരുത്തിയതായാണ് റിപ്പോർട്ട്.
പാർലമെന്റിൽ യു.സി.സി ബില്ലിനെ പിന്തുണച്ചിട്ടും ബിഹാറിൽ നടപ്പാക്കുന്നതിനെ എതിർക്കുന്ന ജെ.ഡി.യുവിന്റെ നിലപാട് എൻ.ഡി.എയിലെ സഖ്യകക്ഷികൾക്കിടയിലെ വ്യത്യസ്ത സമീപനം വ്യക്തമാക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

