പൊലീസ് മർദനത്തിന് എഫ്ഐആറില്ല; രാത്രി മുഴുവൻ ധർണ, ജെബി മേത്തർ എംപി, ആതിര ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു
text_fieldsഡൽഹി പാര്ലമെന്റ് സ്ട്രീറ്റ് സ്റ്റേഷന് മുന്നില് ജെബി മേത്തര് എം.പി ഉൾപ്പെടെയുള്ളവർ ധര്ണ നടത്തുന്നു
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ ഡല്ഹി പൊലീസ് ക്രൂരമായി മര്ദിച്ചെന്ന പരാതിയില് എഫ്.ഐ.ആര് രജിസ്റ്റര് ചെയ്യാത്തതിനെതിരെ പാര്ലമെന്റ് സ്ട്രീറ്റ് സ്റ്റേഷന് മുന്നില് ധര്ണയിരുന്ന ജെബി മേത്തര് എം.പി ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു.
പത്ത് മണിക്കൂറോളം നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവില് പുലര്ച്ചെ നാലരയോടെയാണ് പൊലീസ് ബലംപ്രയോഗിച്ച് ഇവരെ നീക്കിയത്. എഫ്.ഐ.ആര് രജിസ്റ്റര് ചെയ്യാത്തതില് പൊലീസിന്റെ ക്രൂരമര്ദനത്തിനിരയായ സി. ആതിര വിജയന്, ഋതു എന്നീ വിദ്യാർഥിനികളുടെ നേതൃത്വത്തിലായിരുന്നു സമരം.
പിന്തുണയുമായെത്തിയ യൂത്ത് കോണ്ഗ്രസ് ദേശീയ അധ്യക്ഷന് ഉദയ്ഭാനു ചിബ്, എന്.എസ്.യു.ഐ ദേശീയ പ്രസിഡന്റ് വിനോദ് ജാക്കര് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒക്ടോബര് 13 ന് നടത്തിയ പ്രതിഷേധത്തിനിടയിലാണ് ആതിരയെ ഡല്ഹി പൊലീസ് ക്രൂരമായി മര്ദിച്ചത്.
മർദനത്തില് കണ്ണില് രക്തം കട്ടപിടിക്കുകയും കേള്വിക്ക് ബുദ്ധിമുട്ടുണ്ടാകുകയും അടിവയറ്റില് ഗുരുതര വേദന അനുഭവപ്പെടുകയും ചെയ്തിരുന്നു. വിഷയത്തില് ഡല്ഹി പൊലീസ് കേസെടുക്കാന് തയാറായില്ലെങ്കിലും, ആതിര നല്കിയ പരാതിയുടെ അടിസ്ഥാനത്തില് തിരുവനന്തപുരം മ്യൂസിയം പൊലീസ് ഇതിനോടകം സീറോ എഫ്.ഐ.ആര് രജിസ്റ്റര് ചെയ്തിട്ടുണ്ട്.
ഒരു വരി എഴുതി എഫ്.ഐ.ആര് എടുക്കാന് പോലും തയാറാകാതെ പൊലീസ് വിദ്യാർഥികളെ കൈയേറ്റം ചെയ്യുകയാണെന്ന് ജെബി മേത്തര് എം.പി പറഞ്ഞു. ശാരീരികമായി തീര്ത്തും അവശയായ ആതിരയെ പൊലീസ് ക്രൂരമായി വലിച്ചിഴച്ചെന്നും അവർ ചൂണ്ടിക്കാട്ടി.
കേരളത്തില് കേസെടുത്തത് ചൂണ്ടിക്കാട്ടിയാണ് ഡല്ഹി പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര് ചെയ്യാത്തതെന്ന് ആതിര പറഞ്ഞു. എഫ്.ഐ.ആര് രജിസ്റ്റര് ചെയ്യും വരെ പിന്നോട്ടില്ലെന്നും നീതി കിട്ടും വരെ സമരത്തില് നിന്ന് പിന്മാറില്ലെന്നും വ്യക്തമാക്കിയ അവര്, ഡല്ഹി പൊലീസ് തയാറായില്ലെങ്കില് കോടതിയെ സമീപിക്കുമെന്നും അറിയിച്ചു. ദേഹമാസകലം പരിക്കേറ്റ ആതിര ആശുപത്രിയില് ചികിത്സ തേടിയിരുന്നു.
ആതിരയെ സ്റ്റേഷനില് എത്തിച്ചതിന് പോലും തെളിവില്ലെന്നാണ് ഡല്ഹി പൊലീസിന്റെ വാദം. എന്നാല്, 24 മണിക്കൂറിനകം കേസെടുക്കുമെന്ന് പരാതിക്കാർക്ക് ഉറപ്പുനൽകിയതാണ്. ഉറപ്പ് പാലിക്കാത്തതിനെ തുടർന്നാണ് അവർ വീണ്ടും സ്റ്റേഷൻ ഉപരോധവുമായി എത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

