പ്രണയം, കൊലപാതകം, ഒടുവിൽ മൃതദേഹങ്ങൾ പൊലീസിന് കാണിച്ചുകൊടുത്ത് യുവാവിന്റെ ആത്മഹത്യ
text_fieldsപ്രതീകാത്മക ചിത്രം
റാഞ്ചി: കൊലപാതക കേസിൽ അറസ്റ്റിലായ യുവാവ് പൊലീസിന് മൃതദേഹങ്ങൾ കാണിച്ചുകൊടുത്തതിന് പിന്നാലെ ആത്മഹത്യ ചെയ്തു. ഝാർഖണ്ഡ് ഗിരിഹദ് ജില്ലയിൽ ഖർസാൻ ഗ്രാമവാസിയായ ശ്രീകാന്ത് ചൗധരിയാണ് ആത്മഹത്യ ചെയ്തത്. പ്രണയബന്ധത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കാമുകിയെയും സുഹൃത്തായ യുവതിയെയും കൊലപ്പെടുത്തിയ ചൗധരി മൃതദേഹം വനത്തിൽ ഒളിപ്പിക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഗ്രാമവാസിയായ സോണിയ ദേവിയും(23) ശ്രീകാന്ത് ചൗധരിയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. മുമ്പ് മൂന്നുവട്ടം വിവാഹിതയായിരുന്നു സോണിയ ദേവി. ഇവരുടെ അവസാനത്തെ ഭർത്താവ് നിലവിൽ കൊലപാതക കേസിൽ ജയിൽ കഴിയുകയാണ്. ഇതിനിടെയാണ് ശ്രീകാന്തുമായി പ്രണയത്തിലാകുന്നത്.
മുംബെയിൽ സിനിമ മേഖലയിലെ തൊഴിലാളിയായിരുന്നു ശ്രീകാന്ത്. സോണിയ ദേവിക്ക് മറ്റ് പുരുഷൻമാരുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ഗിരിഹദ് സബ് ഡിവിഷണൽ പോലീസ് ഓഫീസർ രാജേന്ദ്ര പ്രസാദ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ഗ്രാമത്തിന് സമീപമുള്ള വനത്തിലേക്ക് യുവതിയെ ഇയാൾ വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരുടെയും സുഹൃത്തായ മറ്റൊരു യുവതിയും സോണിയ ദേവിക്കൊപ്പം വനത്തിലെത്തി. വാക്കുതർക്കത്തെ തുടർന്ന് സോണിയ ദേവിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പ്രതി ദൃക്സാക്ഷിയായ മധ്യവയസ്കയായ സുഹൃത്തിനെയും പിന്നാലെ കൊലപ്പെടുത്തി. മൃതദേഹങ്ങൾ വനത്തിൽ ഒളിപ്പിക്കുകയും ചെയ്തു.
യുവതികളെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ, നടത്തിയ അന്വേഷണത്തിൽ ശ്രീകാന്ത് ചൗധരി അറസ്റ്റിലായി. ഗ്രാമത്തിന് സമീപത്തെ ഗോൾഗോ പഹാരി വനമേഖലയിൽ ഒളിപ്പിച്ച മൃതദേഹങ്ങൾ ഇയാൾ പോലീസിന് കാണിച്ച് നൽകുകയും ചെയ്തു.
പ്രതിയുമായി തിരിച്ച് സ്റ്റേഷനിലെത്തിയതിന് പിന്നാലെ, സ്റ്റേഷന് മുന്നിൽ ഗ്രാമവാസികളുടെ പ്രതിഷേധം സംഘർഷഭരിതമായി. പൊലീസ് പണിപ്പെട്ടാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. ഇതിനിടെ, പ്രതി ലോക്കപ്പിൽ കേബിൾ വയറുപയോഗിച്ച് തൂങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തുമ്പോൾ ഇയാൾക്ക് ജീവനുണ്ടായിരുന്നു. ആശുപത്രിയിൽ ചികിത്സക്കിടെ ശ്രീകാന്ത് മരിച്ചുവെന്നും രാജേന്ദ്ര പ്രസാദ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.