ഉദ്യോഗസ്ഥരുടെ പേടിസ്വപ്നമായ എം.എൽ.എയെ പി.എസ്.എ ചുമത്തി പൂട്ടി; പ്രയോഗിച്ചത് വിചാരണയില്ലാതെ കസ്റ്റഡിയില്‍വെക്കാവുന്ന നിയമം
text_fieldsമെഹ്റാജ് മാലികിനെ അറസ്റ്റ് ചെയ്യുന്നു
ശ്രീനഗർ: ജനകീയ വിഷയങ്ങളിൽ ഉദ്യോഗസ്ഥരുമായി നിരന്തരം തർക്കിച്ച്, ജമ്മു കശ്മീരിലെ ഉദ്യോഗസ്ഥർക്കും പൊലീസിനും തലവേദനയായി മാറിയ ആം ആദ്മി പാർട്ടി എം.എൽ.എ മെഹ്റാജ് മാലികിനെ പൊതുസുരക്ഷാ നിയമം (പി.എസ്.എ) ചുമത്തി അറസ്റ്റു ചെയ്ത് ജയിലിൽ അടച്ചു. വിചാരണ കൂടാതെ ആരെയും രണ്ടു വര്‍ഷംവരെ കസ്റ്റഡിയില്‍വെക്കാന്‍ അനുമതി നല്‍കുന്ന കാടൻ നിയമമായ പൊതുസുരക്ഷാ നിയമം (പി.എസ്.എ) പ്രകാരം അറസ്റ്റിലാകുന്ന ആദ്യ സിറ്റിങ് എം.എൽ.എ കൂടിയാണ് ദോഡ മണ്ഡലത്തിൽ നിന്നുള്ള അംഗമായ മെഹ്റാജ് മാലിക്.
സംസ്ഥാനത്തിന്റെ ക്രമസമാധാന പാലനത്തിന് തടസ്സം സൃഷ്ടിച്ചുവെന്ന് ചൂണ്ടികാട്ടിയാണ് പി.എസ്.എ ചുമത്തി ഒരു വർഷത്തേക്ക് എം.എൽ.എയെ കസ്റ്റഡിയിലെടുത്തത്. ദോഡ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മെഹ്റാജ് മാലികിനെതിരെ 18ഓളം എഫ്.ഐ.ആറുകളും, ഡയറി റിപ്പോർട്ടുകളും ഉണ്ടെന്ന് ചൂണ്ടികാട്ടിയാണ് ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവിൽ അറസ്റ്റ് ചെയ്തത്.
ഒരു വ്യക്തി സ്വതന്ത്രമായി തുടരുന്നത് ക്രമസമാധാനത്തിനും, സുരക്ഷക്കും ഭീഷണിയാകുമെന്ന് ബോധ്യപ്പെട്ടാൽ, വിചാരണ കൂടാതെ തടങ്കലിൽ വയ്ക്കാൻ ഭരണകൂടത്തെ അനുവദിക്കുന്ന നിയമമാണ് ജമ്മു കശ്മീരിലെ പൊതു സുരക്ഷ നിയമം. മനുഷ്യവകാശ-പൊതു പ്രവർത്തകരുടെ പ്രവർത്തന സ്വാതന്ത്ര്യത്തിന് ഭീഷണിയായ നിയമവിരുദ്ധയമായ നിയമം എന്ന പേരിൽ ഏറെ വിമർശിക്കപ്പെടുന്ന ഒന്ന് കൂടിയാണ് ഇത്.
അറസ്റ്റിലായെങ്കിലും രജിസ്റ്റർ ചെയ്ത കേസുകളിലൊന്നും ശിക്ഷിക്കപ്പെടാത്തതിനാൽ നിയമസഭ അംഗമായി തുടരുന്നതിൽ തടസ്സമില്ല. അംഗത്വത്തെയും ഇത് ബാധിക്കില്ല.
കഴിഞ്ഞയാഴ്ചകളിൽ ജമ്മു കശ്മീരിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജില്ലാഭരണകൂടം നടത്തിയ ദുരിതാശ്വാസ നടപടികൾ തടസ്സപ്പെടുത്തും വിധം പ്രവർത്തിച്ചുവെന്നും മെഹ്റാജ് മാലികിനെതിരെ പരാതിയുണ്ട്.
ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കു നേരെ ആക്രമണം, ഓഫീസിനുള്ളിൽ പൂട്ടിയിടൽ, പരസ്യ അധിക്ഷേപം, ഭീഷണിപ്പെടുത്തൽ, തട്ടികൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളും മാലിക്കിനെതിരെ ചുമത്തി.
ഹെൽത് സബ്സെന്റർ മാറ്റവുമായി ബന്ധപ്പെട്ട് ദോഡ ഡെപ്യൂട്ടി കമീഷണർ ഹർവീന്ദർ സിങ്ങിനെ മാലിക് പരസ്യമായി അധിക്ഷേപിക്കുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. സർക്കാർ ഉദ്യോഗസ്ഥൻ അഴിമതികാരനും പക്ഷപാതിത്വം പ്രകടിപ്പിക്കുന്നുവെന്നും വീഡിയോയിൽ ഇദ്ദേഹം വിമർശിച്ചു. ദോഡ സർക്കാർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ മോശം ഭാഷയിൽ അധിക്ഷേപിച്ചതിനും മാലികിനെതിരെ കേസുണ്ട്.
കുടിവെള്ള പ്രശ്നം, വൈദ്യുതി, മെഡിക്കൽ, വിദ്യഭ്യാസ അടിസ്ഥാന സൗകര്യം, സർക്കാർ ഓഫീസുകളിലെ അനിയന്ത്രിത അവധി തുടങ്ങിയ വിഷയങ്ങളിൽ ഇടപെടുകയും ഉദ്യോഗസ്ഥരെ മുൾമുനയിൽ നിർത്തുന്ന എം.എൽ.എ എന്ന നിലയിലും ജനകീയനാണ് മെഹ്റാജ് മാലിക്. സർക്കാർ ഉദ്യോഗസ്ഥരെ പരസ്യമായി വിമർശിക്കുകയും ചോദ്യം ചെയ്യുന്നതുമായി നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിലുണ്ട്.
ഒടുവിൽ സഹികെട്ടാണ് പൊതു സുരക്ഷാ നിയമം ചുമത്തി എം.എൽ.എയെ അകത്താക്കി നിശബ്ദമാക്കിയത്. തിങ്കളാഴ്ച തന്റെ മണ്ഡലത്തിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ഒരുങ്ങുന്നതിനിടെയായിരുന്നു ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തത്.
ജമ്മു നിമസഭയിൽ ആം ആദ്മിയുടെ ഏക അംഗം കൂടിയാണ് മെഹ്റാജ് മാലിക്. 2024 അസംബ്ലി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഗജയ് സിങ്ങിനെ 4538 വോട്ടിന് തോൽപിച്ചാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ ദോഡ ജില്ലാ വികസന കൗൺസിൽ അംഗമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2024ലോക്സഭ തെരഞ്ഞെടുപ്പിൽ ഉധംപൂർ മണ്ഡലത്തിൽ മത്സരിച്ചിരുന്നു.
അറസ്റ്റ് നിയമ വിരുദ്ധം- ഒമർ അബ്ദുല്ല; പ്രതിഷേധവുമായി കെജ്രിവാൾ
മെഹ്റാജ് മാലികിന്റെ അറസ്റ്റിനെതിരെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല രംഗത്തെത്തി. പി.എസ്.എ പ്രകാരം മെഹ്‌റാജ് മാലിക്കിനെ തടങ്കലിൽ വയ്ക്കുന്നതിന് ഒരു ന്യായീകരണവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘മെഹ്റാജ് പൊതു സുരക്ഷയ്ക്ക് ഭീഷണിയല്ല. ഈ അപകീർത്തികരമായ നിയമം ഉപയോഗിച്ച് അദ്ദേഹത്തെ തടങ്കലിൽ വയ്ക്കുന്നതും തെറ്റാണ്. തിരഞ്ഞെടുക്കപ്പെടാത്ത സർക്കാരിന് ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിക്കെതിരെ തങ്ങളുടെ അധികാരങ്ങൾ ഉപയോഗിക്കാൻ കഴിയുമെങ്കിൽ, ജമ്മു കശ്മീർ ജനത ജനാധിപത്യത്തിൽ വിശ്വാസം നിലനിർത്തുമെന്ന് ആരെങ്കിലും എങ്ങനെ പ്രതീക്ഷിക്കും?’ -ഒമർ അബ്ദുല്ല ‘എക്സ്’ പോസ്റ്റിലൂടെ ചോദിച്ചു.
എ.എ.പി അധ്യക്ഷൻ അരവിന്ദ് കെജ്രിവാളും അറസ്റ്റിനെ വിമർശിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾക്കായി ശബ്ദിച്ചതിന്റെ പേരിലാണ് മാലികിനെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
‘പ്രദേശത്തെ ജനങ്ങൾക്ക് ആശുപത്രി വേണമെന്ന് ആവശ്യപ്പെടുന്നത് ഒരു തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എയെ ജയിലിലടയ്ക്കേണ്ട ഗുരുതരമായ കുറ്റകൃത്യമാണോ? മെഹ്‍റാജ് മാലിക് ആം ആദ്മി പാർട്ടിയുടെ സിംഹമാണ്’ -കെജ്രിവാൾ പറഞ്ഞു. പ്രതിപക്ഷ കക്ഷികളായ പി.ഡി.പി, പീപ്പിൾസ് കോൺഫറൻസ് ഉൾപ്പെടെ പാർട്ടികളും എം.എൽ.എയുടെ അറസ്റ്റിനെ വിമർശിച്ചു.
അധികാരക്കൊതിയിൽ മുങ്ങിക്കുളിച്ച മോദി- അമിത് ഷാ സർക്കാരിന്റെ തുറന്ന സ്വേച്ഛാധിപത്യമാണ് അറസ്റ്റെന്ന് എ.എ.പി മുതിർന്ന നേതാവ് മനിഷ് സിസോദിയ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.