ജമ്മു കശ്മീർ മേഘവിസ്ഫോടനം: മരണസംഖ്യ 60 ആയി; 100 ലധികം പേർക്ക് പരിക്ക്
text_fieldsകിഷ്ത്വാർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഉണ്ടായ വൻ മേഘവിസ്ഫോടനത്തിൽ മരണസംഖ്യ 60 ആയി ഉയർന്നു. ദാരുണമായ സംഭവത്തിൽ 120 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മച്ചൈൽ മാതാ തീർഥാടന കേന്ദ്രത്തിലേക്കുള്ള റോഡിലെ ഗ്രാമമായ ചോസിതിയിലാണിത്. മരിച്ചവരിൽ രണ്ട് കേന്ദ്ര വ്യാവസായിക സുരക്ഷാ സേന ഉദ്യോഗസ്ഥരും മച്ചൈൽ മാതാ തീർത്ഥാടകരും ഉൾപ്പെടുന്നു.
മേഘവിസ്ഫോടനത്തിന് തൊട്ടുപിന്നാലെ ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, പൊലീസ്, ഇന്ത്യൻ സൈന്യം, പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവരുടെ സംയുക്ത രക്ഷാപ്രവർത്തനം ആരംഭിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ചോസിതി പ്രദേശത്ത് വൻ മേഘവിസ്ഫോടനം ഉണ്ടായത്. ഇത് മേഖലയിൽ മിന്നൽ പ്രളയത്തിന് കാരണമായി. മേഘവിസ്ഫോടനം ഉണ്ടായപ്പോൾ ഏകദേശം 1,200 പേർ സ്ഥലത്തുണ്ടായിരുന്നതായും മരണസംഖ്യ ഉയർന്നേക്കാമെന്നും ബി.ജെ.പി എം.എൽ.എ സുനിൽ ശർമ്മ പറഞ്ഞു.
കിഷ്ത്വാറിലെ മേഘവിസ്ഫോടനത്തിൽ 60 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും 100 ലധികം പേർക്ക് പരിക്കേറ്റുവെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
നിരവധി പേരെ കാണാതായതായി. മണ്ണിടിച്ചിൽ അവശിഷ്ടങ്ങൾ ഒഴുകിയെത്തി വീടുകളും കടകളും വാഹനങ്ങളും മണ്ണിനടിയിൽ അമർന്നു. ഇതുവരെ കണ്ടെടുത്ത 45 മൃതദേഹങ്ങളിൽ 21 പേരെ അവരുടെ കുടുംബങ്ങൾ തിരിച്ചറിഞ്ഞു. ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞുവരികയാണെന്നും അധികൃതർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.