പഹൽഗാം ഭീകരാക്രമണം: രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി പുറത്ത്; ഭീകരരിൽ രണ്ടു പേർ പാകിസ്താനികൾ, നാലു പേരെ തിരിച്ചറിഞ്ഞു
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി പുറത്തുവിട്ടു. അഞ്ച് ഭീകരരിൽ നാലു പേരെ സുരക്ഷാസേന തിരിച്ചറിഞ്ഞു. ഇതിൽ രണ്ടു പേർ പാകിസ്താൻ പൗരന്മാരാണെന്ന് സ്ഥിരീകരണം.
അലി ഭായ് എന്നറിയപ്പെടുന്ന തൽഹ ഭായ്, ഹാഷിം മൂസ എന്നറിയപ്പെടുന്ന സുലൈമാൻ, ആദിൽ ഹുസൈൻ തോക്കർ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഹാഷിം മൂസ, തൽഹ എന്നിവരാണ് പാകിസ്താനിൽ നിന്നുള്ളവർ. ആദിൽ ഹുസൈൻ തോക്കർ അനന്ത്നാഗ് പ്രദേശവാസിയാണ്.
അനന്ത്നാഗ് പ്രദേശവാസിയായ ആദിൽ ഹുസൈൻ തോക്കറും പുൽവാമയിൽ നിന്നുള്ള അസിഫ് ഷേഖ് എന്ന ഭീകരനും വിനോദസഞ്ചാരികളെ ആക്രമിച്ച സംഘത്തിൽ ഉൾപ്പെടുന്നു. ലഷ്കറെ ത്വയ്യിബയിൽ ചേരുകയും പാകിസ്താൻ നിന്നും പരിശീലനം നേരിയവരുമാണ് ഇവർ.
അതേസമയം, ഭീകരർക്കായുള്ള വ്യാപക തിരച്ചിൽ സംയുക്തസേന തുടരുകയാണ്. പീർപഞ്ചാൽ മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരരുടെ വീടുകൾ ഭരണകൂടം തകർത്തു. അനന്ത്നാഗിലെ ബിദ് ബഹ്റയിലും പുൽവാമയിലെ ത്രാലിലുമുള്ള ഭീകരരുടെ വീടുകളാണ് വ്യാഴാഴ്ച രാത്രി തകർത്തത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരരുടെ വീടുകളിൽ നിന്ന് ആളുകൾ ഒഴിഞ്ഞു പോയിരുന്നു. സംഭവത്തിൽ നാട്ടുകാർ പ്രകോപിതരായിരുന്നു.
ഭീകരാക്രമണം അന്വേഷിക്കാൻ ജമ്മു കശ്മീർ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണ സംഘത്തിന് അനന്ത്നാഗ് അഡീഷണൽ എസ്.പിയുടെ നേതൃത്വം നൽകും. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ദേശീയ അന്വേഷണ ഏജൻസിയുടെ പ്രത്യേക സംഘം വെടിവെപ്പ് നടന്ന പഹൽഗാമിലെ ബൈസാരൻ പുൽമേട്ടിൽ നിന്ന ഫോറൻസിക് തെളിവുകൾ ശേഖരിച്ചു.
Live Updates
- 25 April 2025 9:28 AM IST
സിന്ധു നദീജല കരാർ മരവിപ്പിച്ച് കൈമാറിയ കത്തിന്‍റെ വിവരങ്ങൾ പുറത്ത്
പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള 1960ലെ സിന്ധു നദീജല കരാർ മരവിപ്പിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കി ഔദ്യോഗിക വിജ്ഞാപനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കേന്ദ്ര ജലവിഭവ സെക്രട്ടറി ദേബശ്രീ മുഖർജിയാണ് വിജ്ഞാപനത്തിന്‍റെ വിവരങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള കത്ത് പാകിസ്താൻ പ്രതിനിധി സെയ്ദ് അലി മുർതാസക്ക് കൈമാറിയത്.
- 25 April 2025 7:56 AM IST
ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണം; സമാധാനപരമായി പ്രശ്നം പരിഹരിക്കണം -യു.എൻ
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യക്കും പാകിസ്താനുമിടയിലുണ്ടായ സംഘർഷ സാഹചര്യം കൂടുതൽ മോശമാകാതിരിക്കാൻ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യു.എൻ. സ്ഥിതിഗതികൾ കൂടുതൽ വഷളാവാതിരിക്കാൻ ഇരു രാജ്യങ്ങളും ജാഗ്രത പുലർത്തണമെന്ന് അഭ്യർഥിക്കുകയാണെന്നും യു.എൻ വക്താവ് സ്റ്റീവാനെ ദുജറാറിക് പറഞ്ഞു.
- 25 April 2025 7:42 AM IST
അതിർത്തിയിലെ പാക് സൈനിക പോസ്റ്റുകളിൽ നിന്ന് വ്യാപക വെടിവെപ്പ്, പ്രകോപനം; കനത്ത തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം
ശ്രീനഗർ: അതിർത്തിയിൽ പാക് പ്രകോപനം. ഇന്നലെ രാത്രിയിലുടനീളം നിയന്ത്രണ രേഖയിലെ പാക് സൈനിക പോസ്റ്റുകളിൽ നിന്ന് വെടിവെപ്പുണ്ടായതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നൽകി.
- 25 April 2025 7:26 AM IST
പഹൽഗാം ഭീകരാക്രമണം; രാഹുൽ ഗാന്ധി ഇന്ന് ജമ്മു-കശ്മീരിലെത്തും
പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച ജമ്മു-കശ്മീർ സന്ദർശിക്കും. അനന്ത്നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളജിലെത്തുന്ന അദ്ദേഹം ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിക്കും. അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിൽ തിരിച്ചെത്തിയ രാഹുൽ ഗാന്ധി വ്യാഴാഴ്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുത്തിരുന്നു. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിലും അദ്ദേഹം പങ്കെടുത്തു.
- 25 April 2025 7:26 AM IST
ജമ്മുവിൽനിന്ന് അധിക ട്രെയിൻ സർവിസുമായി റെയിൽവേ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ അധിക ട്രെയിൻ സർവിസുമായി റെയിൽവേ. ജമ്മു-കശ്മീരിലെ കത്രയിൽനിന്ന് ഡൽഹിയിലേക്കുള്ള രണ്ടാമത്തെ പ്രത്യേക ട്രെയിൻ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പുറപ്പെട്ടു. ബുധനാഴ്ചയും ഇതേ പാതയിൽ റിസർവേഷനില്ലാത്ത പ്രത്യേക ട്രെയിൻ സർവിസ് നടത്തിയിരുന്നു. ആവശ്യമെങ്കിൽ തുടർദിവസങ്ങളിലും പ്രത്യേക സർവിസുകൾ പരിഗണിക്കുമെന്ന് നോർത്തേൺ റെയിൽവേ അധികൃതർ അറിയിച്ചു.
നാട്ടിലേക്ക് മടങ്ങുന്ന വിനോദസഞ്ചാരികൾക്കായി ജമ്മു താവി, കത്ര സ്റ്റേഷനുകളിൽ പ്രത്യേക ഹെൽപ് െഡസ്കുകൾ നിലവിൽ വന്നതായി റെയിൽവേ മന്ത്രാലയം ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ ദിലീപ് കുമാർ അറിയിച്ചു. തിരക്ക് നിയന്ത്രിക്കാൻ ജമ്മുവിൽ സി.സി.ടി.വി നിരീക്ഷണ സംവിധാനമുൾപ്പെടുത്തി കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്. യാത്രക്കാർക്കായി ഹെൽപ് ലൈൻ നമ്പറുകളും ഏർപ്പെടുത്തി. ജമ്മു താവി: 0191-2470116, ജമ്മു മേഖല-1072, കത്ര, ഉദംപുർ: 01991-234876, 7717306616.
- 25 April 2025 7:25 AM IST
പാകിസ്താൻ വ്യോമാതിർത്തി അടക്കൽ: നിർദേശങ്ങളുമായി വിമാന കമ്പനികൾ
ന്യൂഡൽഹി: പാകിസ്താൻ വ്യോമാതിർത്തി അടച്ചതിന് പിന്നാലെ യാത്രക്കാർക്ക് കരുതൽ നിർദേശങ്ങളുമായി ഇന്ത്യൻ വിമാന കമ്പനികൾ. ബദൽ പാതയിലേക്ക് വ്യോമഗതാഗതം തിരിച്ചുവിടുന്നത് ചില അന്താരാഷ്ട്ര സർവിസുകളെ ബാധിച്ചേക്കുമെന്ന് ഇൻഡിഗോയും എയർ ഇന്ത്യയും ‘എക്സി’ലെ കുറിപ്പിൽ അറിയിച്ചു.
സ്പൈസ് ജെറ്റും സമാന അറിയിപ്പ് നൽകുന്നുണ്ട്. നിലവിൽ പുറപ്പെട്ട വിമാനങ്ങൾ പലതും പാകിസ്താൻ വ്യോമാതിർത്തി ഒഴിവാക്കി സർവിസ് തുടരുന്നതിനാൽ കാലതാമസമുണ്ടായേക്കുമെന്നും കമ്പനികൾ അറിയിപ്പിൽ വ്യക്തമാക്കി. വ്യോമപാതയിലുള്ള മാറ്റം അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള ചില വിമാന സർവിസുകളെ ബാധിച്ചേക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർ സമയക്രമവും ഷെഡ്യൂളുകളും വീണ്ടും പരിശോധിക്കണമെന്നും അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും വിമാനക്കമ്പനികൾ നിർദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.