നജീബ് അഹമ്മദിനെ കാണാതായിട്ട് 10 വർഷം: ജെ.എൻ.യുവിൽ ഒക്ടോബർ 14ന് 'നീതി മാർച്ച്'; സംയുക്ത ആഹ്വാനവുമായി ബാപ്സ, ഫ്രറ്റേണിറ്റി, എം.എസ്.എഫ്
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഒന്നാം വർഷ എം.എസ്.സി ബയോടെക്നോളജി വിദ്യാർഥിയായിരുന്ന നജീബ് അഹമ്മദിനെ കാമ്പസിൽ നിന്ന് കാണാതായിട്ട് പത്ത് വർഷം തികയുന്ന പശ്ചാത്തലത്തിൽ നീതി തേടി ജെ.എൻ.യുവിൽ വിദ്യാർഥി മാർച്ച്. ഒക്ടോബർ 14 ബുധനാഴ്ച രാത്രി 9 മണിക്ക് ബരാക് ഹോസ്റ്റലിൽ നിന്ന് ഗംഗാ ധാബയിലേക്ക് 'ജസ്റ്റിസ് ഫോർ നജീബ് മാർച്ച്' സംഘടിപ്പിക്കുമെന്ന് ബിർസ അംബേദ്കർ ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷൻ, ഫ്രറ്റേണിറ്റി മൂവ്മെന്റ്, മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ എന്നീ വിദ്യാർഥി സംഘടനകൾ സംയുക്തമായി പ്രഖ്യാപിച്ചു.
2016 ഒക്ടോബർ 15-നാണ് എ.ബി.വി.പി പ്രവർത്തകരുടെ ക്രൂരമായ മർദ്ദനത്തിന് ഇരയായതിന് പിന്നാലെ നജീബിനെ സർവകലാശാലാ ഹോസ്റ്റൽ പരിസരത്തുനിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നത്. ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും 'എവിടെയാണ് നജീബ്?', 'ആരാണ് ഇതിന് ഉത്തരവാദികൾ?', 'കുറ്റവാളികൾക്ക് എന്ത് സംഭവിച്ചു?' എന്നീ ചോദ്യങ്ങൾ അവശേഷിക്കുകയാണെന്ന് സംഘടനകൾ പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
സി.ബി.ഐ അന്വേഷണം അട്ടിമറിച്ചു; ഇസ്ലാമോഫോബിയ എന്ന് സംഘടനകൾ
നജീബിനെതിരായി ഒരു കുറ്റകൃത്യവും നടന്നതായി തെളിവുകളില്ലെന്ന് പറഞ്ഞ് 2018 മെയ് മാസത്തിൽ അന്വേഷണം അവസാനിപ്പിച്ച സി.ബി.ഐ നിലപാടിനെ വിദ്യാർഥി സംഘടനകൾ രൂക്ഷമായി വിമർശിച്ചു. കേസ് തുടക്കം മുതൽ അട്ടിമറിക്കാനാണ് അന്വേഷണ ഏജൻസികൾ ശ്രമിച്ചത്:
പ്രോക്ടോറിയൽ അന്വേഷണത്തിൽ നജീബിനെ മർദ്ദിച്ചതായി തെളിഞ്ഞ എ.ബി.വി.പി പ്രവർത്തകരെ സി.ബി.ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തില്ല.
മർദ്ദിച്ചവരുടെ മൂന്ന് ഫോണുകൾ പാറ്റേൺ ലോക്ക് ആണെന്ന വിചിത്ര കാരണം പറഞ്ഞ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയില്ല.
നജീബിനെ 'ഐസിസ്' പോലുള്ള ഭീകരസംഘടനകളുമായി ബന്ധിപ്പിക്കാൻ വ്യാജവാർത്തകൾ ചമച്ച് മുസ്ലിം വിരുദ്ധ പൊതുബോധം സൃഷ്ടിക്കാൻ അന്വേഷണ ഏജൻസികൾ ശ്രമിച്ചു.
ഇടത് നേതൃത്വത്തിനും ജെ.എൻ.യു അധികൃതർക്കുമെതിരെ ആരോപണം
നജീബിനെതിരായ അക്രമത്തെ പ്രതിരോധിക്കുന്നതിലും നീതി ഉറപ്പാക്കുന്നതിലും ജെ.എൻ.യു അഡ്മിനിസ്ട്രേഷനും അന്ന് കാമ്പസ് ഭരിച്ചിരുന്ന ഇടത് വിദ്യാർഥി യൂണിയനും ഒത്തുകളിച്ചതായി സംയുക്ത പ്രസ്താവനയിൽ ആരോപിക്കുന്നു.
അന്നത്തെ 'ഐസ' നേതാവും യൂണിയൻ പ്രസിഡന്റുമായിരുന്ന മോഹിത് പാണ്ഡെ ഒപ്പിട്ട് വാർഡന് നൽകിയ കത്തിൽ നജീബിനെ കുറ്റക്കാരനായും മാനസികാസ്വാസ്ഥ്യമുള്ളവനായും ചിത്രീകരിക്കുകയായിരുന്നുവെന്നും, തുടക്കത്തിലെ നിർണായകമായ 40 മണിക്കൂർ ഈ വിഷയം പൊതുവിദ്യാർത്ഥികളിൽ നിന്ന് മറച്ചുവെച്ചുവെന്നും സംഘടനകൾ കുറ്റപ്പെടുത്തി. നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് നടത്തുന്ന നിയമപോരാട്ടങ്ങൾക്ക് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് വിദ്യാർഥി കൂട്ടായ്മ വീണ്ടും സമരരംഗത്തേക്ക് ഇറങ്ങുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

