ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയാൽ അധിക മാർക്ക്; ജെ.എൻ.യു പ്രഫസർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ പ്രഫസർക്കെതിരെ ഗുരുതര ലൈംഗികാതിക്രമ പരാതികളുമായി വിദ്യാർഥികൾ. സംഭവത്തിൽ 11ഓളം വിദ്യാർഥികൾ പ്രഫസർക്കെതിരെ സർവകലാശാലക്ക് പരാതി നൽകി. പരീക്ഷകളിൽ അധിക മാർക്ക് ലഭിക്കാൻ തന്റെ ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങാൻ പ്രഫസർ ആവശ്യപ്പെട്ടുവെന്ന് വിദ്യാർഥികൾ പരാതിയിൽ പറയുന്നു.
സംഭവത്തിൽ സർവകലാശാലയുടെ ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം ആരംഭിച്ചു. പരാതിക്കാരായ വിദ്യാർഥികളോട് ആഭ്യന്തര പരാതി പരിഹാര സമിതിക്ക് മുന്നിൽ ഹാജരായി മൊഴി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനാൽ സംഭവത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ സമിതി തയാറായിട്ടില്ല.
മേയ് ആദ്യം നടന്ന വൈവ പരീക്ഷകൾക്ക് പിന്നാലെയാണ് പരാതികൾ പുറത്തുവന്നത്. ഒരു വിദ്യാർഥിനി തനിക്കുണ്ടായ അനുഭവം വിദ്യാർഥികൾ മാത്രമുള്ള വാട്സ്ആപ് ഗ്രൂപ്പിൽ പങ്കുവെച്ചതോടെ മറ്റ് വിദ്യാർഥികളും സമാനമായ അനുഭവങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. വൈവക്കിടെ പ്രഫസർ ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തിയെന്നും തന്റെ താൽപര്യങ്ങൾക്ക് വഴങ്ങുന്ന വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നൽകാമെന്ന വാഗ്ദാനം നൽകിയെന്നും വിദ്യാർഥികൾ പറഞ്ഞു. പിന്നീട് സമാന അനുഭവങ്ങൾ പങ്കുവെച്ച് സീനിയർ വിദ്യാർഥികൾ ഉൾപ്പെടെ രംഗത്തെത്തി.
കൂടാതെ ജെ.എൻ.യു ക്യാമ്പസിലെ പ്രഫസറുടെ താമസസ്ഥലത്ത് സംഘടിപ്പിച്ച ഒത്തുചേരലിൽ വിദ്യാർഥികളെ ക്ഷണിക്കുകയും അവിടെ വെച്ച് ലൈംഗിക താൽപര്യങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തതായും വിദ്യാർഥികളുടെ പരാതിയിൽ പറയുന്നു. ക്ലാസുകൾക്കിടയിലും പ്രഫസർ ലൈംഗിക ചുവയുള്ളതും അനുചിതവുമായ പരാമർശങ്ങൾ നടത്തിയതായി ചില വിദ്യാർഥികൾ പരാതിപ്പെട്ടിട്ടുണ്ട്. പരാതി ഉയർന്നതിന് പിന്നാലെ സർവകലാശാലയിൽ 45 ദിവസത്തെ സെമസ്റ്റർ ഇടവേളയായിരുന്നു. ജൂലൈയിൽ ക്ലാസുകൾ പുനരാരംഭിച്ചതോടെ വിഷയം വീണ്ടും ക്യാമ്പസിൽ ചർച്ചയാവുകയും കൂടുതൽ പരാതികൾ പുറത്തുവരികയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

