'നിങ്ങൾ മുസ്ലിമാണ്, അതുകൊണ്ടാണ് പാകിസ്താനോട് അനുകമ്പ തോന്നുന്നത്' -മാധ്യമപ്രവർത്തകക്ക് സൈബർ ആക്രമണം
text_fieldsഅർഫ ഖാനം ഷെർവാനി
ന്യൂഡൽഹി: തന്റെ സ്വകാര്യ ഫോൺ നമ്പറും ഇമെയിൽ വിലാസവും സമൂഹമാധ്യമത്തിൽ ചോർന്നെന്ന് 'ദി വയർ' സീനിയർ എഡിറ്റർ അർഫ ഖാനം ഷെർവാനി. ഇന്ത്യക്കും പാകിസ്താനും ഇടയിൽ വർധിച്ചുവരുന്ന സംഘർഷത്തിനെതിരെയുള്ള നിലപാടിനെ തുടർന്ന് തന്‍റെ വാട്ട്‌സ്ആപ്പിൽ ഭീഷണികളും മുസ്ലിം വിരുദ്ധ സന്ദേശങ്ങളും നിറഞ്ഞതോടെയാണ് അർഫ പ്രതികരിച്ചത്.
'എന്റെ സ്വകാര്യ ഫോൺ നമ്പറും ഇമെയിലും ട്വിറ്ററിൽ ചോർന്നു. കഴിഞ്ഞ 24 മണിക്കൂറായി തുടർചയായി ഭീഷണി സന്ദേശങ്ങളും കോളുകളും ലഭിക്കുന്നു. ഇത് ഉപദ്രവമാണ്. അപകടകരമാണ്. ഇത് അനുവദിക്കാൻ കഴിയില്ല' -അർഫ എക്സിൽ എഴുതി. മുസ്ലിം വിരുദ്ധ പരാമർശങ്ങളും ഭീഷണികളും തന്റെ വിശ്വാസത്തെയും പ്രൊഫഷണൽ സത്യസന്ധതയെയും ലക്ഷ്യം വെച്ചുള്ള അവഹേളനപരമായ പരാമർശങ്ങളും ഉൾപ്പെടുന്ന സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും അവർ പങ്കിട്ടു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തുടർച്ചയായ പ്രശ്നങ്ങൾക്കിടയിൽ സമാധാനത്തെയും സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകൾ അർഫ പങ്കുവെച്ചിരുന്നു. അതിന് ശേഷമാണ് അധിക്ഷേപം വർധിച്ചത്. 'സമാധാനം എന്നാൽ ദേശസ്നേഹം. യുദ്ധം നാശമാണ്. അതിർത്തികളിൽ നിന്നല്ല ചോരയൊലിക്കുന്നത്, ജനങ്ങളിൽ നിന്നാണ്, യുദ്ധം നിർത്തുക' -എന്ന് അവർ സമൂഹമാധ്യമത്തിൽ എഴുതിയതാണ് പ്രകോപനത്തിന് കാരണം.
'നിങ്ങൾ ഒരു മുസ്ലിമാണ്. അതുകൊണ്ടാണ് തീവ്രവാദി പാകിസ്താനോട് ഇത്രയധികം അനുകമ്പ തോന്നുന്നത്. പക്ഷേ, നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നടപടിയെടുക്കും' എന്നിങ്ങനെയുള്ള മുസ്ലിം വിരുദ്ധ സന്ദേശങ്ങൾ ഉൾപ്പെടെ ആസൂത്രിതമായ വിദ്വേഷ പ്രചാരണമാണ് അവരുടെ പോസ്റ്റിനെതിരെ ഉണ്ടായത്.
അതേസമയം, പ്രമുഖ വാർത്ത വിശകലന പോർട്ടലായ ‘ദി വയർ’ വെബ്സൈറ്റ് കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തു. 2000ലെ ഐ.ടി ആക്ട് പ്രകാരം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഉത്തരവുകൾ പ്രകാരമാണ് വെബ്സൈറ്റ് രാജ്യവ്യാപകമായി വിലക്കിയതെന്ന് ‘ദി വയർ’ എക്സിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു. സെൻസർഷിപ്പിനെ എതിർക്കുന്നതായും ഈ നീക്കത്തെ എതിർക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വിവിധ മാധ്യമങ്ങളുടേതടക്കം 8000ത്തോളം അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യാൻ കേന്ദ്ര സർക്കാർ നിർദേശിച്ചതായി ‘എക്സ്’ വ്യക്തമാക്കിയിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെയാണ് മക്തൂബ് മീഡിയ, ദി കശ്മീരിയത്ത്, ഫ്രീ പ്രസ് കശ്മീർ എന്നിവയുടെതടക്കമുള്ള എക്‌സ് ഹാൻഡിലുകൾ മരവിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.