ബാബരി ധ്വംസനം അന്വേഷിച്ച ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു
text_fieldsന്യൂഡൽഹി: സംഘ്പരിവാർ സംഘടനകൾ ബാബറി മസ്ജിദ് പൊളിച്ചതിനെ കുറിച്ച് അന്വേഷിച്ച ലിബർഹാൻ കമ്മീഷന്റെ അധ്യക്ഷനും മുൻ ചീഫ് ജസ്റ്റിസുമായ മൻമോഹൻ സിങ് ലിബർഹാൻ (എം.എസ്. ലിബർഹാൻ -87) അന്തരിച്ചു. 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് കർത്തതിന് പിന്നിലെ ഗൂഢാലോചനയും അയോധ്യയിലുണ്ടായ വ്യാപക അക്രമ സംഭവങ്ങളും അന്വേഷിക്കാൻ അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവാണ് ലിബർഹാനെ നിയോഗിച്ചത്.
ആഭ്യന്തര മന്ത്രാലയത്തിെൻറ നിര്‍ദേശ പ്രകാരം 1992 ഡിസംബര്‍ 16നാണ് കമ്മീഷൻ രൂപവത്കരിക്കപ്പെട്ടത്. മൂന്നുമാസമായിരുന്നു കമ്മീഷെൻറ കാലാവധി. എന്നാല്‍ 17 വര്‍ഷം വൈകി 2009 ജൂണ്‍ 30നാണ് കമ്മീഷന്‍ റിപോര്‍ട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങിന് സമര്‍പ്പിച്ചത്. 1000ലധികം പുറങ്ങളടങ്ങിയതായിരുന്നു റിപ്പോർട്ട്. 48 തവണയാണ് കമ്മീഷെൻറ കാലാവധി നീട്ടിയത്. ജുഡീഷ്യല്‍ രംഗത്ത് ഇത് ഒരു റെക്കോഡായി മാറുകയും ചെയ്തു. നൂറിലധികം സാക്ഷികള്‍ക്കായി 399 വിസ്താരങ്ങള്‍ നടത്തിയ കമ്മീഷന്‍ എട്ടുകോടി രൂപ ചെലവഴിച്ചു.
ബാബരി മസ്ജിദ് തകര്‍ക്കുന്നതിനുള്ള ഗൂഢാലോചനയില്‍ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന എല്‍.കെ. അദ്വാനി, മുന്‍ പ്രധാനമന്ത്രി വാജ്‌പേയി തുടങ്ങിയ സംഘ്പരിവാറിെൻറ 68 നേതാക്കള്‍ കുറ്റക്കാരാണെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു.
‘1992 ഡിസംബർ ആറിന് സംഘ്പരിവാർ ദേശീയ-പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പള്ളി തകർത്തത്. മുഴുവൻ സംഘ്പരിവാർ നേതാക്കളും അന്നവിടെ നിലയുറപ്പിച്ചിരുന്നു. പ്രത്യക്ഷമായോ പരോക്ഷമായോ അവരൊക്കെ ബാബരി മസ്ജിദ് ധ്വംസനത്തിൽ ഭാഗഭാക്കായി. ഭരണ-പൊലീസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും സംഭവസ്ഥലത്തുണ്ടായിരുന്നു. എല്ലാ നീക്കങ്ങളും രാഷ്ട്രീയാധികാരം എന്ന ഏക ലക്ഷ്യം മുന്നിൽ കണ്ടായിരുന്നു. രാജ്യത്തിന്റെറയും പുറംലോകത്തിെൻറയും മാധ്യമങ്ങളുടെയും കൺമുന്നിലായിരുന്നു ആ ക്രൂരത നടന്നത്. പള്ളി തകർച്ച തടയാൻ ഒരു നടപടിയും സ്വീകരിച്ചില്ല. തകർക്കാൻ പുറപ്പെട്ടവരെ പിടികൂടാൻ ശ്രമിച്ചതുമില്ല' -റിപ്പോർട്ടിന്റെ ആമുഖത്തിൽ ലിബർഹാൻ പറഞ്ഞു. അദ്വാനി ഉൾപ്പെടെയുള്ളവർ കമീഷന് മുമ്പാകെ മൊഴി നൽകിയിരുന്നു. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട രേഖകൾ 16 തവണ താൻ വായിച്ചുതീർത്തതായി 2009ൽ ലിബർഹാൻ പറഞ്ഞിരുന്നു.
മസ്ജിദ് തകര്‍ക്കുന്നതിനുള്ള ഗൂഢാലോചനയില്‍ അദ്വാനി, വാജ്‌പേയി തുടങ്ങിയ സംഘ്പരിവാറിെൻറ നേതാക്കളടക്കം കുറ്റക്കാരെന്ന് കമ്മീഷൻ വിലയിരുത്തിയ 68 പ്രതികളിൽ 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. പള്ളി പൊളിക്കുമ്പോള്‍ യു.പിയിലെ ചീഫ് സെക്രട്ടറിയായിരുന്ന വി.കെ. സക്‌സേന, ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡി.ജി.പി, ഡി.ഐ.ജി, ഫൈസാബദ് ജില്ലാ മജിസ്‌ട്രേറ്റ്, പോലിസ് സൂപ്രണ്ട് എന്നിവരെല്ലാം കമ്മീഷന്‍ കണ്ടെത്തിയ കുറ്റക്കാരുടെ പട്ടികയിലുണ്ട്. ബുദ്ധിപൂര്‍വം ആസൂത്രണം ചെയ്തതും വളരെ വ്യക്തമായി മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരവുമാണ് സംഘ്പരിവാർ പള്ളി തകര്‍ത്തതെന്ന് ലിബര്‍ഹാന്‍ കമ്മീഷന്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
1938 നവംബർ 11ന് ജനിച്ച മൻമോഹൻ സിങ് ലിബർഹാൻ അംബാലയിൽ അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ചണ്ഡീഗഢിലെ പഞ്ചാബ്-ഹരിയാന ഹൈകോടതിയിൽ പ്രാക്ടീസ് ചെയ്തു. മൻമോഹൻ സിങ് എന്ന പേരിൽ നിരവധി അഭിഭാഷകർ ഉള്ളതിനാൽ ഒരു ജഡ്ജിയുടെ നിർദേശപ്രകാരമാണ് അദ്ദേഹം തന്റെ ഉപജാതിയായ 'ലിബർഹാൻ' എന്നത് പേരിനൊപ്പം ചേർത്തത്. മദ്രാസ്, ആന്ധ്രാപ്രദേശ് ഹൈകോടതികളിൽ ചീഫ് ജസ്റ്റിസായിരുന്നു. ഹരിയാനയുടെ അഡ്വക്കറ്റ് ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

