ബിൽക്കീസ് ബാനു കേസ്: സുപ്രീംകോടതി നിലപാട് ചോദ്യംചെയ്ത് ജസ്റ്റിസ് സാൽവി
text_fieldsന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിലെ പ്രതികളുടെ മോചനത്തിന് കാരണം ഗുജറാത്ത് സർക്കാറിന് 1992ലെ നയത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാൻ സുപ്രീംകോടതി അധികാരം നൽകിയത് കൊണ്ടാണെന്ന വിമർശനം ശരിവെച്ച്, കോടതിക്ക് എങ്ങനെ അതിന് കഴിയുമെന്ന് ജസ്റ്റിസ് ഡി.യു. സാൽവി ചോദിച്ചു.
വളരെ മോശമായ കീഴ്വഴക്കമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും ബലാത്സംഗക്കേസിലെ പ്രതികൾ ശിക്ഷ റദ്ദാക്കാൻ ഭാവിയിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് സാൽവി. ബലാത്സംഗക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് മോചനംനൽകുന്ന 1992ലെ ഗുജറാത്ത് സർക്കാറിന്റെ നയം 2014ൽ സുപ്രീംകോടതി അംഗീകരിച്ച പുതിയ നയത്തോടെ അസാധുവായതാണ്.
ഇത്രയും ഹീനമായ കുറ്റകൃത്യം ചെയ്തവരെന്ന് തെളിയിക്കപ്പെട്ടവരെ അനുമോദിക്കുന്നതിലുടെ ഹിന്ദുത്വത്തിനാണ് അവമതിയുണ്ടാക്കുന്നത്. ഇവരല്ല കുറ്റംചെയ്തത് എന്ന് പറയുന്നവരുണ്ടെങ്കിൽ അവർ രാജ്യത്തെ നീതിന്യായ പ്രക്രിയയെയാണ് ചോദ്യം ചെയ്യുന്നത്. 11 പ്രതികളുടെ മോചനത്തിന് കാരണമായി പറഞ്ഞ നല്ല സ്വഭാവമെന്താണെന്ന് ചോദിച്ച ജസ്റ്റിസ് സാൽവി, വിട്ടയക്കുന്നതിനുമുമ്പ് തന്നോട് സമിതി അഭിപ്രായം ആരാഞ്ഞിട്ടില്ലെന്നും പറഞ്ഞു.
പ്രതികളെ ആദരിച്ചത് തെറ്റെന്ന് ഫഡ്നാവിസ്
മുംബൈ: ബിൽക്കീസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ടവരെ ആദരിച്ചത് ന്യായീകരിക്കാനാകില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്.
ബുൽധാനയിൽ സ്ത്രീയെ മൂന്നു പേർ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട നിയമസഭ കൗൺസിലിലെ ചർച്ചക്കിടെയാണ് ഫഡ്നാവിസിന്റെ പ്രതികരണം. ചർച്ചയിൽ പ്രതിപക്ഷം ബിൽക്കീസ് ബാനു കേസ് ചൂണ്ടിക്കാട്ടുകയായിരുന്നു. ബിൽക്കീസ് കേസ് സഭയിൽ ഉന്നയിച്ചതിനെ എതിർത്ത ഫഡ്നാവിസ് കുറ്റവാളികളെ ആദരിച്ച സംഭവത്തോട് വിയോജിക്കുകയായിരുന്നു. വർഷങ്ങൾ ജയിലിൽ കിടന്നവരെ സുപ്രീംകോടതി ഉത്തരവുപ്രകാരമാണ് ജയിൽ മോചിതരാക്കിയതെന്നും എന്നാൽ, ഇവരെ ആദരിച്ചെങ്കിൽ അത് ന്യായീകരിക്കാനാകില്ലെന്നുമാണ് ആഭ്യന്തര മന്ത്രികൂടിയായ ഫഡ്നാവിസ് പറഞ്ഞത്.
സുപ്രീംകോടതിക്ക് തെറ്റുപറ്റിയെന്ന് റെബേക്ക ജോൺ
ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള അധികാരം ഗുജറാത്ത് സർക്കാറിന് വിട്ടുകൊടുത്ത സുപ്രീംകോടതിക്കാണ് തെറ്റുപറ്റിയതെന്ന് പ്രമുഖ അഭിഭാഷക റെബേക്ക ജോൺ. ക്രിമിനൽ നടപടി ക്രമം 432(7) പ്രകാരം വിചാരണ നടന്ന സംസ്ഥാനത്തെ ഭരണകൂടത്തിനാണ് പ്രതികളുടെ ശിക്ഷ വെട്ടിച്ചുരുക്കി വിട്ടയക്കാനുള്ള അധികാരം. നിരവധി വിധികളിൽ സുപ്രീംകോടതി ഇക്കാര്യം ആവർത്തിച്ചതാണ്. 2015ലെ ഭരണഘടന ബെഞ്ചും ഇക്കാര്യം അടിവരയിട്ടിട്ടുണ്ട്.
ബിൽക്കീസ് ബാനു കേസിന്റെ വിചാരണ ഗുജറാത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റിയതോടെ ശിക്ഷിക്കപ്പെട്ടവരുടെ മോചനവിഷയവും മഹാരാഷ്ട്ര സർക്കാറാണ് പരിശോധിക്കേണ്ടത്.
ക്രിമിനൽ നടപടിക്രമം 435ാം വകുപ്പ് പ്രകാരം സി.ബി.ഐ അന്വേഷിച്ച കേസുകളാണെങ്കിൽ കേന്ദ്ര സർക്കാറുമായും ഇക്കാര്യത്തിൽ കൂടിയാലോചന വേണം. സി.ബി.ഐ അതിന് സമ്മതം നൽകിയോ എന്ന് അറിയേണ്ടതുണ്ടെന്നും റെബേക്ക ജോൺ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.