"എന്നെ ലോകം അറിയുന്ന ആളാക്കിയതിൽ തെരുവ് നായ്ക്കൾക്ക് നന്ദി" -ജസ്റ്റിസ് വിക്രം നാഥ്
text_fieldsതിരുവനന്തപുരം:തന്നെ രാജ്യത്ത് മാത്രമല്ല ലോകം മുഴുവൻ അറിയുന്ന ആളാക്കിയതിൽ തെരുവ് നായ്ക്കളോട് കടപ്പാടുണ്ടെന്ന് ജസ്റ്റിസ് വിക്രം നാഥ്. ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന മനുഷ്യ-വന്യജീവി സംഘർഷത്തെക്കുറിച്ചുള്ള പ്രാദേശിക സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ പരാമർശം. നായ് സ്നേഹികൾ മാത്രമല്ല നായ്ക്കൾ പോലും തന്നെ അനുഗ്രഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തെരുവു നായ് വിഷയത്തിൽ ആഗസ്റ്റ് 11ന് പുറത്തു വന്ന സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്‍റെ ഉത്തരവിനെ ജസ്റ്റിസ് വിക്രം നാഥടങ്ങുന്ന മൂന്നംഗം ബെഞ്ച് തിരുത്തിയിരുന്നു. ഡൽഹിയിലും പരിസര പ്രദേശങ്ങളിൽ നിന്നും പിടി കൂടി ഷെൽറ്ററിലാക്കിയ നായ്ക്കളെ തുറന്നുവിടണമെന്നായിരുന്നു ആഗസ്റ്റ് 22ന് ബെഞ്ചിന്‍റെ ഉത്തരവ്. ഡൽഹിയിലെ തെരുവ് നായ്ക്കളെ പിടികൂടി ഷെൽറ്ററിലാക്കണമെന്നായിരുന്നു ആഗസ്റ്റ് 11ലെ ആദ്യ ഉത്തരവ്. ഇത് സുപ്രീം കോടതിക്കുമുന്നിൽ മൃഗ സ്നേഹികളുടെ വ്യാപക പ്രതിഷേധത്തിനു കാരണമാക്കിയിരുന്നു.
സമ്മേളനത്തിൽ തെരുവു നായ് വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിലാണ് രാജ്യത്തിനു പുറത്തുള്ളവർക്ക് പോലും തന്നെ ഇപ്പോൾ അറിയാമെന്ന് ജസ്റ്റിസ് മറുപടി നൽകിയത്. ഇത്രയും നാൾ താൻ കൊകാര്യം ചെയ്ത ജോലികളിൽ നിയമ മേഖലയിൽ മാത്രമാണ് അറിയപ്പെട്ടുകൊണ്ടിരുന്നത്. ഇന്ന് രാജ്യത്തിന് മാത്രമല്ല, ലോകത്തിന് തന്നെ തന്നെയറിയാമെന്നും തെരുവുനായ്ക്കളാണ് അതിനുകാരണമെനന്നും അദ്ദേഹം പറഞ്ഞു.
തെരുവ് വിഷയം കൈകാര്യം ചെയ്യാൻ തന്നെ ഏൽപ്പിച്ചതിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനുംഅദ്ദേഹം നന്ദി അറിയിച്ചു. ഈയടുത്ത് ലോ ഏഷ്യ ഉച്ചകോടിയിൽ തെരുവ് നായ് വിഷയത്തെക്കുറിച്ച് മറ്റുള്ളവർ തന്നോട് ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഏറെ സന്തോഷം തോന്നിയെന്ന് വിക്രം നാഥ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.