ജസ്റ്റിസ് വിശ്വനാഥൻ അതിസമ്പന്നൻ; 120 കോടി നിക്ഷേപം; സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്തുവിവരം പുറത്ത്
text_fieldsന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരം പരസ്യപ്പെടുത്തിയപ്പോൾ 120.97 കോടി രൂപയുടെ നിക്ഷേപമുള്ള ജസ്റ്റിസ് കെ.വി. വിശ്വനാഥൻ അതിസമ്പന്നൻ. 2010-11 മുതൽ 2024-25 വരെ ജസ്റ്റിസ് വിശ്വനാഥൻ അടച്ച ആദായ നികുതി മാത്രം 91.48 കോടി രൂപയാണ്.
അതേസമയം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്ക് ആകെ നിക്ഷേപം 3.38 കോടി രൂപയാണ്. 33 ജഡ്ജിമാരിൽ 21 പേരാണ് സ്വത്ത് വിവരങ്ങൾ പരസ്യപ്പെടുത്തിയത്.
തമിഴ്നാട് പൊള്ളാച്ചി സ്വദേശിയും കേരളത്തിലെ പാലക്കാട് ബന്ധങ്ങളുമുള്ള ജസ്റ്റിസ് വിശ്വനാഥന് 121 കോടിയോളം രൂപയുടെ നിക്ഷേപത്തിന് പുറമെ രണ്ട് കാറുകളും 250 ഗ്രാം സ്വർണവും 2010, 2014, 2016, 2019 വർഷങ്ങളിൽ വാങ്ങിയ നാല് ഫ്ലാറ്റുകളുമുണ്ട്. അവയിലൊന്നിൽ പകുതി ഉടമസ്ഥാവകാശം ഭാര്യക്കാണ്. ജസ്റ്റിസ് വിശ്വനാഥന്റെ ഭാര്യക്ക് 6.44 കോടി രൂപയുടെ നിക്ഷേപവും ഒരു ഫ്ലാറ്റും പാരമ്പര്യമായി കിട്ടിയ 850 ഗ്രാം സ്വർണവും സ്വന്തമായുണ്ട്.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നിക്ഷേപം 3.38 കോടി രൂപ
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്ക് ആകെ നിക്ഷേപം 3.38 കോടി രൂപയാണ്. സ്ഥിര നിക്ഷേപമടക്കം ബാങ്കിൽ 55.75 ലക്ഷം രൂപയും പി.പി.എഫിൽ 1.07 കോടി രൂപയും, ജി.പി.എഫിൽ 1.78 കോടി രൂപയും, എൽ.ഐ.സിയിൽ 29,625 രൂപയും ഓഹരികളിൽ 14,000 രൂപയുമാണ് നിക്ഷേപമായുള്ളത്.
സ്വന്തമായുള്ള രണ്ട് ഫ്ലാറ്റുകൾ കൂടാതെ രണ്ട് എണ്ണത്തിൽ പങ്കാളിത്തവുമുണ്ട്. അദ്ദേഹത്തിന്റെ ഭാര്യക്ക് ബാങ്കിൽ 23.87 ലക്ഷവും ഷെയറും മ്യൂച്വൽ ഫണ്ടുമായി 1.39 കോടിയും പി.പി.എഫിൽ 64.51 ലക്ഷവും നിക്ഷേപമായുണ്ട്. ചീഫ് ജസ്റ്റിസിന്റെ പക്കലുള്ള 250 ഗ്രാം സ്വർണത്തിനും രണ്ടുകിലോ വെള്ളിക്കും പുറമെ ഭാര്യയുടെ പക്കൽ 700 ഗ്രാം സ്വർണവും അഞ്ച് കിലോ വെള്ളിയും പരമ്പരാഗതമായും സമ്മാനമായും കിട്ടിയ കുറച്ച് രത്നങ്ങളും വളകളും മോതിരങ്ങളുമുണ്ട്.
ജസ്റ്റിസ് സൂര്യകാന്തിന് 10 കോടിയുടെ നിക്ഷേപം
ജസ്റ്റിസ് ഗവായിക്ക് ശേഷം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് വരുന്ന ജസ്റ്റിസ് എ. സൂര്യകാന്തിന് 10 കോടിയോളം രൂപയുടെ നിക്ഷേപവും ചണ്ഡിഗഢിൽ ഒരു കനാൽ ഹൗസും മറ്റൊരു വീടും ഹരിയാനയിലെ ഗുരുഗ്രാമിൽ 300 ചതുരശ്ര യാർഡ് പ്ലോട്ടും ഹിസാറിൽ 12 ഏക്കർ ഭൂമിയും വീടും പഞ്ച്കുളയിൽ 13.5 ഏക്കർ കൃഷി ഭൂമിയും ന്യൂഡൽഹി ഗ്രേറ്റർ കൈലാഷിൽ രണ്ട് നിലകളിലായി 285 ചതുരശ്ര യാർഡ് വീടുമുണ്ട്. ജസ്റ്റിസ് സൂര്യകാന്തിന്റെ ഭാര്യക്ക് പരമ്പരാഗതമായി കിട്ടിയ സ്വത്തുക്കൾ കൂടാതെ രണ്ടര കോടിയോളം രൂപയുടെ നിക്ഷേപവുമുണ്ട്.
ഏക മലയാളി ജഡ്ജിയുടെ നിക്ഷേപം 12 ലക്ഷം
സുപ്രീംകോടതിയിലെ ഏക മലയാളി ജഡ്ജി ജസ്റ്റിസ് വിനോദ് ചന്ദ്രന് ആലുവ, പൂണിത്തുറ, പാലക്കാട് എന്നിവിടങ്ങളിലുള്ള വസ്തുക്കൾ കൂടാതെ ആകെ 12 ലക്ഷത്തിന്റെ നിക്ഷേപമാണുള്ളത്. 7.94 ലക്ഷം അഞ്ച് മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപത്തിന്റെ നിലവിലുള്ള മൂല്യമാണ്. ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ ഭാര്യയുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപ മൂല്യം 5.09 ലക്ഷം ആണ്.
അടുത്ത ചീഫ് ജസ്റ്റിസിന് നിക്ഷേപത്തേക്കാൾ ബാധ്യത
ഈ മാസം 14ന് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുന്ന ജസ്റ്റിസ് ബി.ആർ. ഗവായിക്ക് 42.77 ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്. വായ്പ അടക്കം 1.32 കോടി രൂപയുടെ ബാധ്യതയുണ്ട്. മഹാരാഷ്ട്രയിലെ അമരാവതി, ബാന്ദ്ര, ന്യൂഡൽഹിയിലെ ഡിഫൻസ് കോളനി എന്നിവിടങ്ങളിൽ അപ്പാർട്മെന്റുകളും അമരാവതി, നാഗ്പൂർ എന്നിവിടങ്ങളിൽ കൃഷി ഭൂമിയും ഉണ്ട്. പണമായുള്ള 61,320 രൂപക്കും 19.63 ലക്ഷം ബാങ്ക് ബാലൻസിനും പുറമെ 5.26 ലക്ഷം രൂപക്കുള്ള സ്വർണവും 54.86 ലക്ഷം രൂപക്കുള്ള ജംഗമ സ്വത്തുക്കളുമുണ്ട്. അതേസമയം ഗവായിയുടെ ഭാര്യക്ക് 29.7 ലക്ഷത്തിന്റെ ആഭരണങ്ങൾക്ക് പുറമെ പി.പി.എഫിലുള്ള ആറര ലക്ഷം രൂപയാണ് സമ്പാദ്യമായുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.