വസതിയിൽ പണക്കൂമ്പാരം കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോർട്ടിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ജസ്റ്റിസ് യശ്വന്ത് വർമ
text_fieldsജസ്റ്റിസ് യശ്വന്ത് വർമ
ന്യൂഡൽഹി: ഔദ്യോഗിക വസതിയില്‍ അനധികൃതമായി പണക്കൂമ്പാരം കണ്ടെത്തിയതുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ടിനെതിരെ ഹൈകോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ സുപ്രീംകോടതിയെ സമീപിച്ചു. വ്യക്തമായ തെളിവില്ലാതെ തയാറാക്കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാണ് ജഡ്ജിയുടെ ആവശ്യം. അന്വേഷണ സമിതി തന്റെ വിശദീകരണം കേട്ടില്ലെന്ന് ഹരജിയിൽ ആരോപിക്കുന്ന യശ്വന്ത് വർമ, പാര്‍ലമെന്റില്‍ വിചാരണ ചെയ്യാനുള്ള ശിപാര്‍ശയും ചുമതലയില്‍നിന്ന് മാറ്റിയ നടപടിയും ഭരണഘടനാ വിരുദ്ധമാണെന്നും പറയുന്നു.
ഡൽഹിയിലെ 30 തുഗ്ലക്ക് ക്രസന്‍റ് വസതിയിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് ഡൽഹി ഹൈകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വർമയുടെ വസതിയിൽനിന്ന് കണക്കിൽ പെടാത്ത തുക കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹം വിവാദത്തിന്റെ നിഴലിലായത്. അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് യശ്വന്ത് വർമയെ അലഹബാദ് ഹൈകോടതിയിലേക്ക് ഉടൻ സ്ഥലം മാറ്റാൻ ഉത്തരവിട്ടിരുന്നു. പണം ഔദ്യോഗിക വസതിയില്‍ സൂക്ഷിച്ചതിന് തെളിവുണ്ടെന്നും യശ്വന്ത് വർമ അറിയാതെ പണം വസതിയില്‍ സൂക്ഷിക്കാന്‍ ആകില്ലെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.
ഭരണഘടനയും നടപടിക്രമങ്ങളും മറികടന്നാണ് ആഭ്യന്തര അന്വേഷണ സമിതിയുടെയും ചീഫ് ജസ്റ്റിസിന്റെയും നടപടിയെന്നാണ് യശ്വന്ത് വര്‍മയുടെ വാദം. നിയമപരമായ അനുമതിയില്ലാതെയായിരുന്നു സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണം. ഇത് നടപടിക്രമങ്ങളുടെയും ഭരണനിര്‍വഹണ സ്വഭാവത്തിന്റെയും ലംഘനമാണ്. ആഭ്യന്തര അന്വേഷണത്തിന് നിയമപരമായോ ഭരണഘടനാപരമായോ പിന്തുണയില്ല. ഭരണഘടനാ പദവിയില്‍നിന്ന് നീക്കാന്‍ രാഷ്ട്രപതിയോട് ചീഫ് ജസ്റ്റിസിന് ശുപാര്‍ശ ചെയ്യാനാവില്ല എന്നുമാണ് യശ്വന്ത് വർമ ചൂണ്ടിക്കാണിക്കുന്നത്.
സുപ്രീംകോടതിയുടെ പ്രസ് റിലീസ് വഴി തനിക്കെതിരായ ആക്ഷേപങ്ങള്‍ പരസ്യപ്പെടുത്തിയെന്നും നടപടിക്രമങ്ങള്‍ മറികടന്നാണ് ആഭ്യന്തര അന്വേഷണ സമിതിയുടെ ശുപാര്‍ശയെന്നും യശ്വന്ത് വര്‍മ പറഞ്ഞു. ആരാണ് പണം വെച്ചതെന്നും ആരോപണം ശരിയാണോ എന്നും എങ്ങനെയാണ് തീപിടിച്ചതെന്നും ആഭ്യന്തര അന്വേഷണ സമിതി പരിശോധിച്ചില്ല. തെളിവുകള്‍ പരിശോധിക്കാനും മറുപടി നല്‍കാനും ആഭ്യന്തര അന്വേഷണ സമിതി അവസരം നല്‍കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രേഖാമൂലമുള്ള പരാതിയില്ലാതെയും തെളിവുകളില്ലാതെയും മുന്‍വിധിയോടെയും സമിതി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കി. മുന്‍കാലങ്ങളില്‍ ആരോപണ വിധേയരായ ജഡ്ജിമാര്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കി. എന്നാല്‍ തനിക്ക് അവസരം നല്‍കിയില്ല. രഹസ്യ സ്വഭാവമുള്ള അന്തിമ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതുവഴി അപരിഹാര്യമായ നഷ്ടമുണ്ടായെന്നും ഹരജിയില്‍ പറയുന്നു. യശ്വന്ത് വര്‍മയുടെ ഹര്‍ജി സുപ്രീംകോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി.
യശ്വന്ത് വര്‍മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍നിന്ന് കണക്കില്‍പ്പെടാത്ത പതിനഞ്ച് കോടിയോളം രൂപയാമഅ കണ്ടെത്തിയത്. വസതിയില്‍ തീപിടിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് വീട്ടില്‍നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ കെട്ടുകണക്കിന് പണം കണ്ടെത്തി. ഈ സമയം യശ്വന്ത് വര്‍മ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഫയര്‍ഫോഴ്സ് സംഘം സംഭവം പൊലീസിനെ അറിയിക്കുകയും, പൊലീസ് ഉദ്യോഗസ്ഥര്‍ ആഭ്യന്തര വകുപ്പിനെ വിവരം ധരിപ്പിക്കുകയും പിന്നീട് കേസ് സുപ്രീംകോടതിയിൽ എത്തുകയും ചെയ്തു.
അതിനിടെ ജഡ്ജിയെ ഇംപീച്ച്‌മെന്‍റ് ചെയ്യാനുള്ള നടപടി ആരംഭിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിൽ വിരലിലെണ്ണാവുന്ന ജഡ്ജിമാർ മാത്രമേ പുറത്താക്കൽ നടപടികൾ നേരിട്ടിട്ടുള്ളൂ. അവരിൽ ഭൂരിഭാഗവും പ്രമേയം പാസാകുന്നതിന് മുമ്പ് രാജിവച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.