‘ഭാഗ്യം! ഇത്തരം നേതാക്കൾ തമിഴ്നാട്ടിൽ ഇല്ല!’ -ബി.ജെ.പി നേതാവ് അനുരാഗ് ഠാക്കൂറിനെതിരെ കനിമൊഴി
text_fieldsന്യുഡൽഹി: ആദ്യമായി ചന്ദ്രനിൽ കാല് കുത്തിയത് ഹനുമാൻ ആണെന്ന ബി.ജെ.പി എം.പി അനുരാഗ് ഠാക്കൂറിന്‍റെ വിവാദ പ്രസ്താവനക്കെതിരെ ഡി.എം.കെ എം.പി കനിമൊഴി. ഭാഗ്യത്തിന് ഇത്തരം നേതാക്കൾ തമിഴ്നാട്ടിൽ ഇല്ലെന്ന് കനിമൊഴി പറഞ്ഞു.
‘ആദ്യമായി ചന്ദ്രനിൽ പോയത് ആരാണെന്ന് ചോദിച്ചാൽ നീൽ ആംസ്ട്രോംങ് ആണെന്ന് വിദ്യാർഥികൾ ഉത്തരം പറയും. എന്നാൽ, ഉത്തരേന്ത്യയിലെ ചില നേതാക്കൾ നമ്മുടെ നാടോടിക്കഥകളിൽ നിന്നുള്ള മുത്തശ്ശിമാരുടെ പേരുകൾ പറഞ്ഞേക്കാം. അല്ലെങ്കിൽ, ചന്ദ്രനിൽ ആദ്യമായി കാല് കുത്തിയത് ഹനുമാൻ ആണെന്ന് പറഞ്ഞേക്കാം. ഭാഗ്യവശാൽ നമ്മുടെ തമിഴ്നാട്ടിൽ അത്തരം നേതാക്കൾ ഇല്ല’ -മധുരയിൽ സംഘടിപ്പിച്ച പരിപാടിയിൽ കനിമൊഴി പറഞ്ഞു.
കഴിഞ്ഞമാസം ബഹിരാകാശ ദിനത്തിന് സ്കൂൾ വിദ്യാർഥികളുമായുള്ള സംവാദത്തിലാണ് സയൻസും പുരാണവും കൂട്ടിക്കലർത്തി അനുരാഗ് ഠാക്കൂർ സംസാരിച്ചത്. ആദ്യമായി ബഹിരാകാശത്ത് പോയത് ഹനുമാൻ ആണെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. ബ്രിട്ടീഷുകാർ പകർന്നു നൽകിയ അറിവിന് അപ്പുറത്തേക്ക് പഠനം മുന്നോട്ട് പോകണമെന്ന് വിദ്യാർഥികളോടും അധ്യാപകരോടും ആവശ്യപ്പെടുകയും ചെയ്തു. പ്രസ്താവന വൻ വിമർശനങ്ങൾക്ക് ഇടവരുത്തിയിരുന്നു. പുരാണങ്ങളെ ശാസ്ത്രവുമായി താരതമ്യം ചെയ്തതതിന് കനിമൊഴി അന്നും ഠാക്കൂറിനെ വിമർശിച്ചിരുന്നു. യുവ മനസുകളെ തെറ്റിദ്ധരിപ്പിക്കുകയും ശാസ്ത്രത്തെയും യുക്തിയെയും അപമാനിക്കുകയും ചെയ്യുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി.
സ്കൂൾ വിദ്യാർഥികളോട് ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് നീൽ ആംസ്ട്രോങ് അല്ലെന്നും ഹനുമാൻ ആണെന്നും പറയുന്നത് അസ്വസ്ഥത ഉളവാക്കുന്നതാണെന്നും പുരാണം ശാസ്ര്തമല്ലെന്നും കനിമൊഴി എക്സിൽ കുറിച്ചിരുന്നു. ചരിത്രപരമായ വസ്തുതകളും ഐതിഹ്യങ്ങളും വേർതിരിച്ചറിയുന്നതിൽ നിന്നും വിദ്യാർഥികളെ തടയുന്ന പ്രസ്താവനകൾ ശരിയല്ലെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.