സുപ്രീംകോടതിയോട് സിബലും സിങ്‍വിയും; ‘ബി.എൽ.ഒയുടെ പൗരത്വ പരിശോധന നിയമ വിരുദ്ധം’
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: എസ്.ഐ.ആറിലൂടെ വോട്ടറുടെ പൗരത്വം പരിശോധിക്കുന്ന ബി.എൽ.ഒയുടെ പ്രവൃത്തി നിയമവിരുദ്ധമാണെന്നും അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും മുതിർന്ന അഭിഭാഷകരായ കപിൽ സിബലും അഭിഷേക് മനു സിങ്‍വിയും സുപ്രീംകോടതിയിൽ വ്യക്തമാക്കി.
പാർലമെന്റ് നൽകാത്ത അധികാരം കൈയടക്കിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആഭ്യന്തര മന്ത്രാലയത്തിന് മാത്രം അധികാരമുള്ള പൗരത്വ പരിശോധനക്ക് ബി.എൽ.ഒമാരെ നിയോഗിച്ചതെന്നും ഇരുവരും സുപ്രീംകോടതി മുമ്പാകെ ബോധിപ്പിച്ചു. എസ്.ഐ.ആർ പട്ടിക വെച്ച് തെരഞ്ഞെടുപ്പ് നടത്തി എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തിയ ബിഹാറിലെ എസ്.ഐ.ആറിന്റെ ഭരണഘടനാസാധുത സംബന്ധിച്ച് വാദം കേൾക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് എ. സുര്യകാന്ത്, ജസ്റ്റിസ് ജോയ്മ്ല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ച്.
പ്രായപൂർത്തിയെത്തിയ മാനസികാരോഗ്യമുള്ള ഒരു ഇന്ത്യൻ പൗരനാണ് വോട്ട് എന്നതുകൊണ്ട് ബി.എൽ.ഒക്ക് പൗരത്വം നോക്കാനുള്ള അധികാരമുണ്ടെന്ന് കമീഷൻ വാദിക്കുന്നത് നിരർഥകമാണെന്ന് സിബൽ ചൂണ്ടിക്കാട്ടി. എങ്കിൽ ഒരാൾ പൗരനാണോ എന്ന് പരിശോധിക്കുന്ന ബി.എൽ.ഒ അയാൾ മാനസികാരോഗ്യമുള്ളയാളാണോ എന്ന് കൂടി തീർപ്പാക്കുമോയെന്ന് സിബൽ ചോദിച്ചു.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന വേളയിൽ ഒരാളുടെ പൗരത്വം സംബന്ധിച്ച് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർക്ക് വല്ല സംശയവും വന്നാൽ അത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയക്കണമെന്നും തുടർന്ന്, അക്കാര്യം തീർപ്പാക്കേണ്ടത് ആഭ്യന്തര മന്ത്രാലയവുമാണെന്നാണ് ജനപ്രാതിനിധ്യനിയമവും തെരഞ്ഞെടുപ്പ് കമീഷന്റെ ചട്ടവും പറയുന്നത്. എന്നിട്ട് ഭരണഘടന പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മാത്രമുള്ള പൗരത്വം നോക്കാനുള്ള അധികാരം ബി.എൽ.ഒയായി വരുന്ന ഒരു സ്കൂൾ ടീച്ചർക്ക് എങ്ങനെ നൽകുമെന്ന് കപിൽ സിബൽ ചോദിച്ചു.
സ്വാതന്ത്ര്യത്തിന് 75 വർഷത്തിനുശേഷം ഇതുവരെയും നിങ്ങൾക്ക് ഒരു ഫോം നൽകുമെന്നും അത് പൂരിപ്പിച്ചില്ലെങ്കിൽ വോട്ടർ പട്ടികയിൽ നിന്ന് പുറന്തള്ളുമെന്നും പറഞ്ഞിട്ടില്ല. നിയമപ്രകാരം ഫോം 6, ഫോം 7 എന്നിവ മാത്രം ഉപയോഗിക്കാനുള്ള നിയമം മാത്രമേയുള്ളൂ. എന്യൂമറേഷൻ ഫോം വിതരണം ചെയ്യാനുള്ള നിയമമില്ല. പാർലമെന്റ് നിയമമുണ്ടാക്കാത്ത മേഖലയിൽ കടന്നുകയറി ഇഷ്ടംപോലെ പ്രവർത്തിക്കുമെന്ന് പറയാനുള്ള അധികാരം കമീഷനില്ലെന്ന് സിബൽ വ്യക്തമാക്കി.
‘എന്യൂമറേഷൻ ഫോം നിയമത്തിലും ചട്ടത്തിലുമില്ല’
ന്യൂഡൽഹി: എസ്.ഐ.ആറിന് പൂരിപ്പിക്കാൻ പറയുന്ന എന്യൂമറേഷൻ ഫോം ജനപ്രാതിനിധ്യ നിയമത്തിലും തെരഞ്ഞെടുപ്പ് ചട്ടത്തിലുമില്ലെന്നും അത്തരമൊരു ഫോം പാർലമെന്റിൽ നിയമമുണ്ടാക്കിയിട്ടല്ലാതെ ഇറക്കാൻ സാധ്യമല്ലെന്നും എസ്.ഐ.ആറിന്റെ ഭരണഘടന സാധുത സംബന്ധിച്ച വാദത്തിൽ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‍വി ബോധിപ്പിച്ചു. നിയമവിരുദ്ധമായി ഇറക്കിയ ആ ഫോം 12 രേഖകളിൽ ഒന്നുപയോഗിച്ച് പൂരിപ്പിച്ചാൽ മാത്രമേ വോട്ടവകാശം നൽകൂവെന്ന് പാർലമെന്ററിയാത്ത പുതിയൊരു ചട്ടവും കമീഷനുണ്ടാക്കിയെന്ന് സിങ്‍വി കുറ്റപ്പെടുത്തി.
ഒരു സംസ്ഥാനത്ത് മാത്രം ഒരു കോടിയോളം ജനങ്ങളെ പുറന്തള്ളിയ എസ്.ഐ.ആർ മറ്റു സംസ്ഥാനങ്ങളിൽ കൂടി നടപ്പാക്കിയാൽ കോടിക്കണക്കിന് മനുഷ്യരാകും പുറത്താകുകയെന്ന് സിങ്‍വി ഓർമിപ്പിച്ചു. ഇത്രയും മനുഷ്യരെ വോട്ടർപട്ടികയിൽ നിന്ന് പുറന്തള്ളുന്നതിന് കമീഷന് ആരാണ് അധികാരം നൽകിയതെന്നും എവിടെയാണ് അത്തരമൊരു അധികാരത്തെ കുറിച്ച് പറഞ്ഞിട്ടുള്ളതെന്നും സിങ്‍വി ചോദിച്ചു.
നുഴഞ്ഞുകയറ്റക്കാർ രാജ്യമൊട്ടുക്കും വ്യാപരിച്ചിരിക്കുകയാണെന്നത് സാങ്കൽപിക കഥ മാത്രമാണ്. ഒരു മണ്ഡലത്തിലെ ആയിരക്കണക്കിനാളുകളെ കുറിച്ച് പരാതിയുണ്ടെങ്കിൽ പോലും ഫോം 7 ആണ് ഉപയോഗിക്കേണ്ടത്. എല്ലാ വോട്ടർമാരെയും താൽക്കാലികമായി പുറത്തുനിർത്തിയ ശേഷം ചിലരെ ഉൾപ്പെടുത്തുമെന്നും ചിലരെ പുറന്തള്ളുമെന്നും പറയാൻ കമീഷൻ എവിടെയാണ് അധികാരം? ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലാണ് ചെയ്യുന്നതെന്ന് ഓർക്കണമെന്നും സിങ്‍വി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

