‘കോൺഗ്രസിൽ മുൻ മുഖ്യമന്ത്രിമാരുടെ മക്കൾക്കേ വിലയുള്ളൂ...’-കർണാടകയിൽ മന്ത്രിസ്ഥാനം കിട്ടാതിരുന്ന രണ്ട് എം.എൽ.എമാർ രാജി പ്രഖ്യാപിച്ചു
text_fieldsകർണാടകയിലെ കോൺഗ്രസ് എം.എൽ.എമാരായ യശ്വന്ത്റായ ഗൗഡ പാട്ടീൽ, ബേലൂർ ഗോപാലകൃഷ്ണ
ബംഗളൂരു: നിരവധി ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും വിരമാമിട്ട് 60 ദിവസങ്ങള്‍ക്ക് ശേഷം കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ വികസിപ്പിച്ചു. 19 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതോടെ ശിവകുമാർ മന്ത്രി സഭയിൽ മുഖ്യമന്ത്രിയടക്കം മന്ത്രിമാരുടെ എണ്ണം 33 ആയി ഉയർന്നു. മാസങ്ങൾ നീണ്ട ആഭ്യന്തര ചർച്ചകൾക്കൊടുവിലാണ് കോൺഗ്രസ് 20 എം.എൽ.എമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.
തിങ്കളാഴ്ച ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഇവർ സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ തവാർചന്ദ് ഗെഹ്ലോട്ട് പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതിനിടെ മന്ത്രിസഭാ വിപുലീകരണത്തിൽ ഭിന്നത രൂക്ഷമായി. മന്ത്രിസ്ഥാനം ലഭിക്കുമെന്നുറപ്പിച്ച ഇൻഡി എം.എൽ.എ യശവന്തരയഗൗഡ പാട്ടീൽ പ്രതിഷേധ സൂചകമായി നിയമസഭാംഗത്വം രാജിവച്ചു. സാഗർ എം.എൽ.എ ബേലൂർ ഗോപാലകൃഷ്ണയും മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കർണാടക സ്റ്റേറ്റ് ഫോറസ്റ്റ് ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാൻ സ്ഥാനവും എം.എൽ.എ സ്ഥാനവും രാജിവെക്കുമെന്ന് പ്രഖ്യാപിച്ചു.
പി.എം. നരേന്ദ്രസ്വാമി (മലവള്ളി), ശിവരാജ് തങ്കടഗി (കനകഗിരി), രുദ്രപ്പ ലമാനി (ഹാവേരി), കെ.എസ്. ബസവന്തപ്പ (മായകൊണ്ട), ബി. നാഗേന്ദ്ര (ബെള്ളാരി റൂറൽ), ടി. രഘുമൂർത്തി (ചല്ലക്കെരെ), ബി.ഇസഡ്. സമീർ അഹമ്മദ് ഖാൻ (ചാമരാജ് പേട്ട്), റിസ്വാൻ അർഷാദ് (ശിവാജി നഗര്‍), സന്തോഷ് ലാഡ് (കലഘടഗി), മധു ബംഗാരപ്പ (സൊറബ), പുട്ടുരംഗഷെട്ടി (ചാമരാജ് നഗര), എസ്.എസ്. മല്ലികാർജുൻ (ദാവണഗരെ നോർത്ത്), ഡോ. അജയ് സിങ് (ജവര്‍ഗി), എൻ. ചെലുവരായസ്വാമി (നാഗമംഗല), കെ.എം. ശിവലിംഗ ഗൗഡ (അരസിക്കരെ), എച്ച്.സി. ബാലകൃഷ്ണ (മാഗഡി), ബസവരാജ് റായറെഡ്ഡി (യെലബുര്‍ഗ), വിജയനന്ദ് കശപ്പനവർ (ബാഗല്‍കോട്ട്), ലക്ഷ്മൺ സവദി (അത്താനി) എന്നിവരാണ് പുതിയ മന്ത്രിമാർ.
നിയമസഭാ സ്പീക്കറായി ജി.എസ്. പാട്ടീലിനെയും ഡെപ്യൂട്ടി സ്പീക്കറായി എ.എസ്. പൊന്നണ്ണയെയും കോൺഗ്രസ് പ്രഖ്യാപിച്ചു. ലെജിസ്ലേറ്റിവ് കൗൺസിൽ ചെയർമാനായി സലീം അഹമ്മദും ഡെപ്യൂട്ടി ചെയർപേഴ്സണായി ഉമാശ്രീയും തെരഞ്ഞെടുക്കപ്പെട്ടു. സിദ്ധരാമയ്യ മന്ത്രിസഭയിൽ ഉണ്ടായിരുന്ന എച്ച്. സി. മഹാദേവപ്പ, എച്ച്.കെ. പാട്ടീൽ, ദിനേശ് ഗുണ്ടു റാവു, കെ. വെങ്കിടേഷ്, എം.സി. സുധാകർ, ലക്ഷ്മി ഹെബ്ബാൾക്കർ എന്നിവർക്ക് ഡി.കെ മന്ത്രിസഭയിൽ ഇടമില്ല.
മന്ത്രിസഭ വികസന പ്രഖ്യാപനം നടന്ന ശേഷം മന്ത്രി പട്ടികയിൽ നിന്ന് പുറത്തായ നിരവധി എം.എല്‍.എമാര്‍ അതൃപ്തി പ്രകടിപ്പിച്ചു. മന്ത്രിസഭാ സ്ഥാനം ലഭിക്കാത്ത യശവന്തരയഗൗഡ പാട്ടീൽ തിങ്കളാഴ്ച ഉച്ചക്ക് കർണാടക നിയമസഭ ഡെപ്യൂട്ടി സ്പീക്കർ രുദ്രപ്പ ലമാനിക്കാണ് രാജിക്കത്ത് സമർപ്പിച്ചത്. തിങ്കളാഴ്ച രാവിലെ വരെ തന്റെ പേര് പട്ടികയിലുണ്ടായിരുന്നുവെന്നും വാഗ്ദാനം പാലിക്കുന്നതിൽ പാര്‍ട്ടി പരാജയപ്പെട്ടുവെന്നും അതിനാൽ മറ്റ് മാർഗങ്ങളൊന്നുമില്ലാത്തതിനാല്‍ രാജിവെക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബേലൂർ ഗോപാലകൃഷ്ണയും മന്ത്രിസഭയിൽ ഇടം ലഭിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ചു. മുൻ മുഖ്യമന്ത്രിമാരുടെ മക്കൾക്ക് മാത്രമാണ് പാർട്ടിയിൽ അവസരം നൽകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മൂന്ന് വർഷം മന്ത്രിമാരായി സേവനമനുഷ്ഠിച്ചവരെ വീണ്ടും നിയമിക്കാനുള്ള തീരുമാനത്തെ അദ്ദേഹം ചോദ്യം ചെയ്തു. പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യപട്ടികയിൽ ഉൾപ്പെട്ടിട്ടും അവസാന നിമിഷം പേര് ഒഴിവാക്കിയതിൽ ഭട്കൽ എം.എൽ.എ മങ്കല വൈദ്യയും അതൃപ്തനാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഭദ്രാവതി എം.എൽ.എ സംഗമേഷും തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു. ബി.ജെ.പിയിൽ ചേരാൻ 50 കോടി രൂപ വാഗ്ദാനം ചെയ്തിട്ടും വിസമ്മതിച്ചതായും 40 വർഷമായി താൻ കോൺഗ്രസിനോട് വിശ്വാസ്യത പുലർത്തുന്നുണ്ടെന്നും തന്നോട് അന്യായമായി പെരുമാറിയതായി തോന്നിയതായും അദ്ദേഹം പറഞ്ഞു.
എന്നാൽ, കൂടുതൽ എം.എൽ.എമാർ മന്ത്രിസ്ഥാനങ്ങൾക്ക് അർഹരാണെന്നും എല്ലാവർക്കും ഒരു ദിവസം അവസരം ലഭിക്കുമെന്നും മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വിഷയത്തില്‍ പ്രതികരിച്ചു. മന്ത്രിസഭയിലേക്ക് 20 പേരുകൾ ഉൾപ്പെടുത്തുന്നതിന് കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകാരം നൽകിയതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ശിവകുമാറിന് കത്തയച്ചിരുന്നു. കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിച്ച അന്തിമപട്ടികയിൽ പേരുണ്ടായിരുന്ന ഗായത്രി ശാന്തെഗൗഡ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

